21-08-2017

📒📕
📚📚📚
📖📖
🙏🏻സർഗസംവേദനത്തിലേക്ക് സ്വാഗതം..🙏🏻
അവതരണം അനില്‍
📒📕
📚📚📚
📖📖

📚📚📚📚📚📚📚📚📚📚

ചെറുകഥ - ചെറുകുറിപ്പ്

ആകാശത്തിൽ ഒരു വിടവ്
               കഥ
സി. രാധാകൃഷ്ണൻ


എ.പി.ഉദയഭാനുവിന്റെ
കൊച്ചു ചക്കരച്ചി എന്ന ലേഖനത്തോട് ഏറെ സാമ്യമുള്ള ഒരു കഥയാണ് ആകാശത്തിൽ ഒരു വിടവ്. ശരിക്കും പറഞ്ഞാൽ വായിച്ചു തുടങ്ങിയപ്പോൾ ആ അനുഭവത്തിന്റെ പകർപ്പാണോ എന്ന് സംശയം തോന്നി.

കഥാകാരൻ തന്നെയാണ് ആഖ്യാതാവ്.
കാഴ്ച കാണാൻ നാട്ടിലെ ആൾക്കാരെല്ലാം കൂടി.. കൂട്ടത്തിൽ കുട്ടിയായ അഖ്യാതാവും. വളരെ ഉയരത്തിൽ നിൽക്കുന്ന മരം. ചിരപുരാതനമായത്. ഇതിന്റെ സ്ഥാനം നോക്കിയാണ് യാത്രക്കാർ രാപകലില്ലാതെ ദിശയറിയുന്നത്. പക്ഷേ മരത്തിന്റെ കടയിലൊരു പൊത്തുണ്ട്. അതിന്റെ ആഴം എത്രയെന്ന് ആർക്കുമറിയില്ല. അതിൽ ധാരാളം ജീവികൾ
കൂടുകെട്ടി താമസിക്കുന്നു. താഴ്ന്ന ചില്ലകളിൽ കടവാവലുകൾ. അതിനും മുകളിൽ കാക്കകൾ ഏറ്റവും മുകളിൽ പരുന്തുകൾ. ഏറ്റവും മുകളിലെ ഒരു ഇലയില്ലാക്കൊമ്പിൽ വൈകുന്നേരങ്ങളിൽ ഒരു കൃഷ്ണപ്പരുന്ത് ഊഞ്ഞാലാടും.

 കേടുപറ്റിയ മരം മുറിക്കുന്ന കാര്യം കാലമേറെയായി കേൾക്കാൻ തുടങ്ങിയിട്ട്. ഇല്ലത്തെ തിരുമേനിക്ക് മുറിക്കാൻ താല്പര്യമില്ല. മരം മറിഞ്ഞു വീണാൽ ഇല്ലം തകരും. പക്ഷേ കോപ്പനാശാരിയുടെ അഭിപ്രായത്തിൽ, മരം ഇല്ലത്തിനു മുകളിൽ വീഴില്ല. പഴമരം ചതിക്കില്ല.


തിരുമേനിയുടെ മരണശേഷം അനന്തരാവകാശികൾ വന്നതോടെ മരംമുറിക്കാൻ തീരുമാന മായി. വലിയ തുകയ്ക്കു വിറ്റു. മരം മുറിക്കാൻ ആളുണ്ടോ എന്ന അന്വേഷണത്തിന് മൂത്താശാരിയെ വിളിക്കാൻ പോയി. ആശാരി വന്നു. ഓച്ഛാനിച്ചു നിന്നു കൊണ്ട് പറഞ്ഞു "ഈ മരം ഞാൻ മുറിക്കില്ല". തുടർന്ന് മരം വാങ്ങിയവർ തന്നെ
പണിക്കാരെ കൊണ്ടുവന്നു.

മരത്തിന്റെ കടയിലെ പൊത്തിൽ മണ്ണെണ്ണത്തുണി തിരുകി തീകൊളുത്തി. പൊത്തിനകത്തുണ്ടായിരുന്ന ജീവികളൊക്കെപറന്നും ചാടിയും രക്ഷപ്പെട്ടുകൊണ്ടിരുന്നു. ഒരു പാമ്പിനെ അടിച്ചു കൊന്നു. അതിന്റെ ഇണ കാണുമെന്ന് കോപ്പനാശാരി പറഞ്ഞുവെങ്കിലും എത്ര പുകച്ചിട്ടും മറ്റൊന്നും പുറത്തുചാടിയില്ല. ആശാരി ദു:ഖത്തോടെ നോക്കി നിന്നു. മരംമുറിക്കാൻ തയ്യാറായവരുടെ മൂപ്പനെ സമീപിച്ച് കോപ്പനാശാരി അന്വേഷിച്ചത് മരം ചൊവ്വാണോ എന്നാണ്. അതയാൾക്കിഷ്ടമായില്ല കൂടിനിന്നവർ പരിഹസിച്ചു. മരംമുറിക്കാൻ തുടങ്ങി. പൂമുഖവാതിലിൽ കാഴ്ച കണ്ടുകൊണ്ടിരുന്ന തിരുമേനിയെയും പൂമുഖത്തേയ്ക്കുള്ള വഴിയിൽ നിന്ന ആൾക്കാരെയും ആശാരി മാറ്റി നിറുത്തി. മരം മുറി പുരോഗമിച്ചപ്പോൾ എല്ലാരും ഉടൻ തന്നെ താഴെയിറങ്ങണമെന്നായി കോപ്പൻ. ആരും അനുസരിച്ചില്ലെന്ന് മാത്രമല്ല പരിഹസിക്കുകയും ചെയ്തു.

ചതിക്കല്ലേ എന്ന കോപ്പന്റെ അലർച്ചയാണ് പിന്നീട് കേട്ടത്. ആ അലർച്ച ഭൂമി മുതൽ ആകാശം വരെ മുഴങ്ങി. മരം പതുക്കെ തല ചായ്ക്കുന്നു. ഒരു ചെടിക്കു പോലും കേടു വരാതെ ഒഴിച്ചിട്ടിരുന്ന പൂമുഖ മുറ്റത്തേയ്ക്ക് കുളത്തിന് വിലങ്ങായി മരം വീണു. മരത്തിലിരുന്ന മൂന്നു പേരും തെറിച്ചു വീണത് കുളത്തിലെ ചെളിയിൽ. അതിനാൽ ആളപായമില്ല..

നൂറായിരം കഷണങ്ങളായി നുറുങ്ങിയ മരത്തിന്റെ പൊത്തിൽ അടയിരുന്ന ഒരു പാമ്പ് ചത്ത് കിടപ്പുണ്ടായിരുന്നു..

കോപ്പനാശാരി അന്നുതന്നെ  ഉളിയും മുഴക്കോലും അമ്പലനടയിൽ സമർപ്പിച്ചു.  അവധൂതനായി ജീവിച്ചു.
ചുള്ളിവിറക് പെറുക്കികെട്ടി അത് വിറ്റാണ് ജീവിതം കഴിച്ചത്.

മരങ്ങളേറെയുണ്ടായിട്ടും വീണ മരത്തിന്റെ വിടവ് നികത്താൻ, അത്രയും ഉയരത്തിലെത്താൻ ഒരു മരത്തിനും ഇന്നേവരെ സാധിച്ചില്ല.


1970- 80 കാലഘട്ടത്തിൽ
പരിസ്ഥിതി വാദികളും പ്രകൃതി സ്നേഹികളും രംഗം കയ്യടക്കുന്നതിനും മുൻപേ രചിക്കപ്പെട്ട ഈ കഥയിൽ കഥാകാരന്റെ ദീർഘവീക്ഷണവും പ്രകൃതി സ്നേഹവും കാണാം. മരങ്ങളെ പ്രകൃതിയെ സ്നേഹിച്ചാൽ, കരുതിയാൽ അവ തിരിച്ചും സ്നേഹവും കരുതലും തരും. മരണം ഉറപ്പായിട്ടും മക്കളെ കൈവിടാത്ത അമ്മ പാമ്പ്..


സ്നേഹ ബന്ധങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ലാത്ത ആധുനിക സമൂഹത്തിന്റെ കണ്ണു തുറപ്പിക്കുന്നതാകട്ടെ ഇത്തരം രചനകൾ...


ഇതിലൊക്കെ ഉപരി കോപ്പനാശാരി എന്ന ഒരു സാധാരണ  ആശാരിയുടെ അറിവ്.... അദേഹം പറഞ്ഞത്  ഒന്നും പിഴയ്ക്കുന്നില്ല. ആ അറിവ്.... ആ അറിവ് നിറഞ്ഞ കഥാപാത്ര സൃഷ്ടി അഭിനന്ദനാർഹം.

അതുപോലെ തന്നെ മരം  ഒരു വരമാണ് എന്ന ചിന്തയും ഈ കഥ പങ്കുവെയ്ക്കുന്നു. ഒപ്പം നഗരവൽക്കരണത്തിന്റെ ഭാഗമായി നാം നഷ്ടപ്പെടുത്തിയ സൗഭാഗ്യത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാകുന്നു ഈ കഥ.

സബുന്നിസാ ബീഗം.

🌹🌹🌹🌹🌹🌹🌹🌹🌹🌹


*********************************************
അഭിപ്രായങ്ങള്‍

ഏതാണ്ടൊരു അനുഭവക്കുറിപ്പിന്റെ മാതിരിയാണ് ആകാശത്തിൽ ഒരു വിടവ് വായിച്ചിരുന്നത്
കഥയാണെന്ന് ശരിക്കും അറിയില്ലായിരുന്നു.
ശിശിരത്തിലെ ഓക്കുമരം
അവസാന യൂണിറ്റ് (8 BT ) എന്നിവക്ക് ഉപയോഗിക്കാവുന്ന കഥ
ഞാൻ കാഞ്ഞാറിൽ നിന്ന് മുകളിലേക്ക് പോവുകയായിരുന്നു. മൂലമറ്റത്തിനും തൊടുപുഴക്കുമിടയിലാണ് കാഞ്ഞാർ
അവിടെ നിന്ന് വാഗമൺ റൂട്ടിൽ 2 km പോയി മുകളിലേക്ക് 8Km പോയാൽ പൂഞ്ചിറയായി
ഇടുങ്ങിയ ,മുടിപ്പിൻ വളവു നിറഞ്ഞ പരുക്കൻ വഴിയിലൂടെ Alto യിലാണ് പോയത്
ഒരു വിധം ആരും അത്ര സാഹസത്തിനു മുതിരാറില്ല.
പക്ഷെ 2 km പിന്നിൽ യാത്ര ഉപേക്ഷിക്കേണ്ടി വന്നു.
വഴി പണി നടക്കുകയായിരുന്നു. പണിക്കാരുണ്ടാക്കിയ കിടങ്ങ് കടക്കാനായില്ല.😭
(രതീഷ്)

ചെമ്പൻപ്ലാവ്, പഞ്ചാരമാവ് വീണു തുടങ്ങിയ കഥകളൊക്കെ ചേർത്തുവായിക്കാവുന്നവയാണ്...
ഇലപൊഴിയാ പൂഞ്ചിറ വളരെ മനോഹരമായ പ്രദേശം.. ഈരാറ്റുപേട്ട വഴിയാഞങ്ങ8 പോയത്...
യാത്രയ്ക്കു പറ്റിയ സ്ഥലം.. ഹൃദയം നിറയ്ക്കും കാഴ്ചകൾ.... മനോഹരം...❤   (മിനി താഹിര്‍)

നാലുമലകളുടെ മദ്ധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് മരങ്ങളൊന്നുമില്ലാത്തതിനാലാണത്രേ ഇലവീഴാപൂഞ്ചിറയ്ക്ക് (പ്രജിത)

*********************************************
*********************************************