09-08-2017

📚📚📚📚📚📚📚📚
   📗📙📕📘📗📙📕
 ലോക സാഹിത്യ വേദിയിലേക്ക്സ്വാഗതം

✍ ഇന്നത്തെ   എഴുത്തുകാരൻ✍
📝📝📝📝📝📝📝

ഹുവാൻ റുൾഫോ   (1918-1980)
📘📘📘📘📘📘
മാജിക്കൽ റിയലിസം സമർത്ഥമായി ഉപയോഗിച്ച ലാറ്റിനമേരിക്കൻ എഴുത്തുകാരൻ.മർകേസിന്റെ എഴുത്തിനെ വരെ സ്വാധീനിച്ച രചനകളുടെ ശിൽപ്പി. 40-ൽ അധികം സൃഷ്ടികളുടെ കർത്താവ്'. തീർച്ചയായും ലോക സാഹിത്യ വേദിയിൽ നിഷേധിക്കാനാവാത്ത സ്ഥാനം റുൾഫോക്ക് സ്വന്തം.
🔺🔺🔺🔺🔺🔺🔺🔺
📗📗📗📗📗📗📗📗
പെഡ്രോ പരാമോ
💀💀💀💀💀💀💀💀
1955-ലാണ് റുൾഫോയുടെ പ്രസിദ്ധ നോവൽ പെഡ്രോ പരാമ പുറത്തിറങ്ങുന്നത്. മെക്സിക്കോയിലെ അരനൂറ്റാണ്ടു മുൻപത്തെ ഗ്രാമീണ ജീവിതമാണ് റുൾഫോയുടെ കൃതിയിലെ കേന്ദ്രം. കാലത്തിന്റെ തുടർച്ചില്ലായ്മയിലൂടെ മരിച്ചവരുടെ കാലത്തെ വരച്ചുകാട്ടുകയാണ് റുൾഫോ .പഴങ്കഥകളുടേയും ഗ്രാമീണ ജനങ്ങളിൽ വേരുറച്ച വിശ്വാസങ്ങളുടേയും നൂലുകൾ പാവി യഥാർത്ഥ ലോകത്തിനപ്പുറമുള്ള ഒരനുഭവമണ്ഡലം നെയ്തെടുക്കുകയാണ് ഈ കൃതി ചെയ്യുന്നത്. കൊമാല എന്ന ഗ്രാമം മുഴുവൻ പണ്ടെന്നോ മരിച്ചു പോയവരുടെ ശബ്ദങ്ങളുടെ മറ്റൊലിയാണ്.മർ കേസിന്റെ മെക്കൻ ദോ പോലെ റുൾഫോയുടെ കൊമാലയും ഒരു സങ്കൽപ്പദേശം മാത്രമാണ്. കൊമാലയിൽ മരണത്തോടു കൂടി ജീവിതം അവസാനിക്കുന്നില്ല. നിശബ്ദതയുടേയും പുസ്തകമാണ് പെഡ്രോ പരാമ .ഭാഷണങ്ങളിലും സ്വപ്നാടനങ്ങളിലും നിറയുന്ന നിശബ്ദതയുടെ ഈ കൃതി വായനക്കാരനെ പരലോകത്തേക്ക് ആനയിക്കുന്നു .സന്തോഷ് ഏച്ചിക്കാനത്തിന്റെ മനുഷ്യത്വം മരിച്ച മനുഷ്യരുടെ കഥ പറഞ്ഞ " കൊമാല" ഇവിടെ എല്ലാവരും ഓർക്കും.നോവലിന്റെ വായന വിഹ്വലതയുടേയും മിത്തിന്റേയും ലോകത്തിൽ മുഴുകാനുള്ള അവസരം നൽകുന്നു .അതോടൊപ്പം അതിലെ പീഡാനുഭവങ്ങൾ ഏറ്റുവാങ്ങാനും.
💀💀💀💀💀💀💀💀



ഇതൾ കൊഴിഞ്ഞ ഗ്രാമം..!
അഥവാ ...കൊല ചെയ്യപ്പെട്ട ഗ്രാമം..!
നോവൽ : പെഡ്രോ പരാമോ
ആവിഷ്ക്കരിച്ചത്...: ഹുവാൻ റൂൾഫോ. (തന്റെ എഴുത്തുമുറിയിലിരുന്നു തീ പിടിച്ച വാക്കുകൾ അദ്ദേഹം കോറിയിട്ടു. എഴുത്തുകാരൻ എന്നതിനെക്കാൾ വായനക്കാരനുമായിരുന്നു ഹുവാൻ റൂൾഫോ.. 1955 ലാണു ഈ നോവൽ വെളിച്ചം കാണുന്നത്..)
ഇതൾ കൊഴിഞ്ഞ ഗ്രാമം/ അഥവാ കൊല ചെയ്യപ്പെട്ട ഗ്രാമം.
ഒരു റോസാപ്പൂവിന്റെ ഇതളുകൾ അടർത്തി, അതു ഒരു ഇലയിൽ വെച്ചു നീട്ടുന്നു. ആ ഇതളുകൾ ഒന്നിച്ചു ചേർത്ത് പഴയതുപോലെ ആ പനിനീർപ്പൂവിനെ മനോഹരമാക്കാനാണു വെല്ലുവിളി. അതൊരു വെല്ലുവിളിയാണു. ആ പൂവ് അവിടെ ഉണ്ടായിരുന്നുവെന്നതിന്റെ സാക്ഷ്യം അതിന്റെ സുഗന്ധം മാത്രമാണു.. ആ സുഗന്ധത്തിലൂടെ ഇതളുകൾ ചേർത്തുവെക്കണം.. അങ്ങിനെ ചേർത്തു വെച്ചുവെച്ച് അവസാനം ഒരു പൂവ് നിർമ്മിക്കപ്പെടും.. പലപ്പോഴും ആദ്യശ്രമത്തിൽ നമുക്കതിനു കഴിയില്ല. അപ്പോൾ പൂവ് പരിഭവിക്കുകയും.. എനിക്ക് ജീവൻ വെച്ചില്ലല്ലോ എന്നു പരാതിപറയുകയും ചെയ്യുമ്പോൾ... വീണ്ടും ശ്രമം ആരംഭിക്കേണ്ടി വരും.. ഒടുക്കം... പൂവിന്റെ പരിഭവം തീരുകയുമില്ല.. നമ്മുടെ ശ്രമം അവസാനിക്കുകയുമില്ല.. എന്നാൽ അത് മനോഹരമായൊരു ശ്രമമാണു. ജീവിതം പോലെ ഒരു ശ്രമം. ഓരോ നിമിഷവും നാം ജീവിതമെന്ന പുഷ്പത്തെ ഒരുക്കാൻ ശ്രമിക്കുന്നു. എന്നാൽ ഒരിക്കലും ജീവിത പുഷ്ലം അതിന്റെ പൂർണ്ണ വിടരൽ നടത്തുന്നില്ല. ഒടുവിൽ ജീവിതത്തിന്റെ അവസാന നിമിഷമാകാം നമുക്ക് നമ്മുടെ ജീവിതത്തെ മനസ്സിലാവുക... അപ്പോൾ മരണം നമുക്ക് നേരെ ഒരു പൂവു നീട്ടും... മരണത്തിന്റെ പൂവ്... ഇതുവരെ ഒരിക്കലും വാസനിക്കാത്ത ഒരു ഗന്ധം. മരണ ഗന്ധം. അത് നമ്മേ ചൂഴ്ന്നു നില്ക്കുമ്പോൾ................ നാം മിഴികളടക്കുകയും ഇവിടെ നിന്നും യാത്രയാവുകയും ചെയ്യും... അപ്പോൾ നമ്മുടെ ജീവിത പുഷം................. പൂർത്തിയാവാത്ത ജീവിത പുഷ്പത്തിൽ നിന്നും സുഗന്ധം വമിച്ചേക്കാം.. ആ സുഗന്ധത്തിലൂടെ മനുഷ്യർ പറഞ്ഞേക്കാം ഇവിടെ ഒരു മനുഷ്യൻ ജീവിച്ചിരുന്നുവെന്നു...
ഒരു നോവൽ ഇങ്ങനെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. എഴുത്തുകാരൻ ഓരോ സംഭവങ്ങളുടെ ഇതളുകൾ കൊഴിച്ചിട്ടിരിക്കുന്നു. കഥാപാത്രങ്ങളുടെ വാക്കുകൾ കൊഴിച്ചിട്ടിരിക്കുന്നു... വായനക്കാരന്റെ ദൗത്യമാണു അതിൽ നിന്നും കഥ കണ്ടെത്തുക എന്നത്... ഓരോ ഇതളിലും സൗരഭ്യമുണ്ട്. ജീവിതത്തിന്റെയും മരണത്തിന്റെയും സൗരഭ്യം.. ആ സൗരഭ്യത്തിലൂടെയാണു നാം കൊമാലയിലേക്ക് എത്തേണ്ടത്.. മരിച്ചുപോയ ആ ഗ്രാമത്തിലേക്ക് കടന്നു ചെല്ലേണ്ടത്.. അവിടേക്ക് നമ്മളെ കൂട്ടിക്കൊണ്ടുപോകാൻ...
ദാ...
കൊമാലയിലേക്ക് പോവുകയാണു ഒരു ചെറുപ്പക്കാരൻ. ഹുവാൻ പ്രേസിയദോ എന്ന ചെറുപ്പക്കാരാനാണു ആ യാത്ര ചെയ്യുന്നത്. അയാൾ വഴിയിൽ വെച്ച് ഒരു കഴുതക്കാരനായ അബുൺ ദിയോ..... പേരു പൂർണ്ണമാക്കപ്പെടുന്നില്ല. കണ്ടുമുട്ടുന്നു. ഒരുമിച്ച് കോമാലയിലേക്ക് യാത്രയാവുന്നു. ഹുവാസ് പ്രസിയദോ കൊമാലയിലേക്ക് യാത്രയാവുന്നത് അവന്റെ അമ്മയുടെ വാക്കുകൾ അനുസരിച്ചാണു. അമ്മ മരിച്ചുപോയിരിക്കുന്നു. അവരുടെ ആഗ്രഹസാഫല്യമാണു മകന്റെ യാത്രയുടെ ലക്ഷ്യം. കൊമാലയിലെത്തി അവന്റെ അമ്മക്ക് അവകാശപ്പെട്ടത് അച്ഛനോട് ചോദിച്ചുവാങ്ങാൻ...
ഖസാക്കിന്റെ ഇതിഹാസത്തിലെ രവിയുടെ ഓർമ്മ വരും ഈ യാത്രവായിക്കുമ്പോൾ.. ഖസാക്കിലേക്ക് പോകുന്ന രവി. ജനിമൃതികളുടെ ഉത്തരം തേടിയുള്ള യാത്ര. ഖസാക്ക് അയാൾക്ക് മുന്നിൽ വലിയൊരു ഇതിഹാസമായി ചുരുളഴിയുകയാണു..
അതുപോലെ ഹുവാൻ പ്രേസിയദോ കൊമാലയിലേക്ക് പോകുന്നു. അയാളിലൂടെ ഒരു ഗ്രാമത്തിന്റെ ഇതിഹാസം ഇതൾ വിരിയുന്നു.
അയാളുടെ അമ്മ ചെറിയ വാക്കുകളിലൂടെ അടയാളപ്പെടുകയാണു ആദ്യ പേജിൽ തന്നെ... നിന്റെ അച്ഛനോട് നമുക്ക് നല്കാൻ ഉള്ളതിൽ കൂടുതൽ ഒന്നും ചോദിക്കരുത്... അല്പം പോലും കൂടുതൽ ചോദിക്കരുത്...നമ്മേ പാടേ മറന്നു കളഞ്ഞതിനു കണക്ക് ചോദിക്കണം...
ഒരു ഭാര്യയുടെ നൊമ്പരവും നീറ്റലും എല്ലാം ആ വാക്കുകളിലുണ്ട്. ഉപേക്ഷിക്കപ്പെട്ടവളുടെ ദീനത. അവൾ മകനിലൂടെ തന്റെ ഭർത്താവിനോട് ചോദ്യം ചോദിക്കാൻ ആഗ്രഹിക്കുന്നു... നിലവിൽ എല്ലാ മനുഷ്യരിലും ഇത്തരമൊരു ഭാവമുണ്ട്.. ദ്രോഹിക്കുന്നവരോട് ചോദ്യം ചോദിക്കാൻ, തനിക്ക് കഴിയുന്നില്ലെങ്കിൽ മക്കളെക്കൊണ്ട്.. അല്ലെങ്കിൽ സാമൂഹ്യമായി... നീതി എന്നത് എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നതും തേടുന്നതുമായൊരു യാഥാർത്ഥ്യമാണു.
കൊമാലയിലേക്ക് പോകുന്ന ഹുവാൻ പ്രേസിയദോ കഴുതക്കാരനായ അബൂൺ ദിയോവിനോട് പറയുന്നുണ്ട്.. താൻ തന്റെ അച്ഛനെ തിരക്കിയാണു പോകുന്നതെന്നു...
അപ്പോൾ അബുണു ദിയോ പറയുന്നു.. പെഡ്രോ പരാമോ മരിച്ചുപോയിരിക്കുന്നുവെന്നു... അത് മാത്രമല്ല അയാൾ മറ്റൊരു രഹസ്യവും പറയുന്നു. അബൂൺ ദിയോവിന്റെ അച്ഛനും പെഡ്രോ പരാമോ ആണെന്നു..
അബൂൺ ദിയോവിലൂടെയാണു കൊമാല എന്ന ഗ്രാമത്തെക്കുറിച്ച് നാം അറിയുന്നത്... അവിടെ ഒന്നുമില്ല. മരിച്ചവരുടെ ഗ്രാമം... അവിടുത്തെ കനത്ത ചൂട് നരകത്തെക്കാൾ കനത്തതാണു.. നരകത്തിൽ പോയൊരാൾ കൊമാലയിൽ നിന്നെങ്കിൽ.. തന്റെ കമ്പളിപ്പുതപ്പെടുക്കാൻ തിരിച്ചു വരുമെന്നാണു അബുണു ദിയോ പറയുന്നത്..
പെഡ്രോ പരാമോ...........!
ഇദ്ദേഹമാണു നായകനും പ്രതിനായകനും.
പെഡ്രോ പരാമോയുടെ അച്ഛൻ ഡോൺ ലൂക്കാസ് കൊലചെയ്യപ്പെടുന്നു. ആളുതെറ്റി വെടിവെച്ച് കൊല്ലുന്നതാണു. അയാൾ മരിക്കുമ്പോഴാണു അറിയുന്നത് മെദിയാ ലൂണ വലിയ കടത്തിൽ അകപ്പെട്ടിരിക്കുന്നു. വീട്ടാൻ കഴിയാത്ത കടത്തിലാണു കുടുംബം. നിരവധി ആൾക്കാർക്ക് പണം കൊടുക്കാനുണ്ട്.. തീർത്താൽ തീരാത്ത കടം.
കുടുംബത്തിന്റെ കാര്യസ്ഥൻ എന്നു പറയുന്ന ഒരുവനുണ്ട്. പേരു ഫുൾ ഗോർ സെഡാനോ. അയാൾ പെഡ്രോ പരാമയോ കുടുംബത്തിന്റെ കടത്തെക്കുറിച്ച് പറയുമ്പോൾ പെഡ്രോ പരാമ തെല്ലും കുലുങ്ങുന്നില്ല..
അയാൾ അതിനൊക്കെ പ്രതിവിധികൾ കണ്ടെത്തുകയാണു..   സെഡാനോ അമ്പരന്നു പോകുന്ന വിദ്യകൾ.. പ്രഡ്രോ പരാമോയുടെ പിതാവിനു മകനിൽ യാതൊരു വിശ്വാസവും ഇല്ലായിരുന്നു. അവൻ ഒരു കിഴങ്ങൻ. കാശിനു കൊള്ളാത്തവൻ എന്നൊക്കെയായിരുന്നു അയാൾ പറഞ്ഞിരുന്നത്.. മാത്രമല്ല തന്റെ മരണശേഷം മറ്റു വല്ല ജോലിയും കണ്ടെത്തിക്കൊള്ളാൻ പോലും അയാൾ കാര്യസ്ഥനോട് പറയുന്നുണ്ട്.
പെഡ്രോ പരാമ തന്റെ സാമ്പത്തിക കടങ്ങൾ പരിഹരിക്കാൻ കണ്ടെത്തിയ വഴികളിൽ പ്രധാനം.. ആ നാട്ടിലെ അതിസമ്പന്നയാ പെൺകുട്ടിയെ വിവാഹം കഴിക്കുക എന്നതായിരുന്നു. അതിനായി അയാൾ കാര്യസ്ഥൻ സെഡാനോയെ അവളുടെ അരികിലേക്ക് പറഞ്ഞയക്കുന്നു.. അവളുടെ പേരു... ഡോളോ റേസ്.
പെഡ്രോ പരാമക്ക് ഡോളോ റേസിൽ അപാരമായ പ്രണയമെന്നു പറഞ്ഞാണു ആ പെൺകുട്ടിയെ ചതിക്കുന്നത്...
നമ്മൾ ആദ്യം കണ്ട ആ ചെറുപ്പക്കാരനില്ലേ.. കൊമാലയിലേക്ക് വരുന്ന ഹുവാൻ.. അവൻ ഈ പെൺകുട്ടിയുടെ മകനാണു.
വിവാഹം നടന്നു. അതോടെ അവൾക്ക് കൊടുക്കാനുള്ളതെല്ലാം അവസാനിച്ചു. പകരം അവളുടെ സമ്പത്ത് പെഡ്രോ പരാമക്ക് സ്വന്തമാവുകയും ചെയ്യുന്നു.
അതുപോലെ മറ്റുള്ളവർക്ക് കൊടുക്കാനുള്ള കടവും ഭൂമിയും എല്ലാം അയാൾ ഗുണ്ടകളെ ഉപയോഗിച്ചും തന്ത്രം ഉപയോഗിച്ചും തീർപ്പാക്കുന്നു..
അങ്ങിനെ കൊമാലയുടെ പ്രജാപതിയായി പെഡ്രോ പരാമോ മാറുന്നു. അയാളെ എതിർക്കാ ആരുമില്ല.. ആ നാട്ടിലെ എല്ലാ സ്ത്രീകളെയും അയാൾ ലൈംഗികമായി ഉപയോഗിക്കുന്നു. ഗർഭിണികളാക്കുന്നു.. എന്നാൽ ആരുടെയും കുട്ടികളെ അയാൾ സ്വന്തം കുട്ടിയായി അംഗീകരിക്കുന്നില്ല....
പെൺകുട്ടികൾക്കും അയാളൊട് അഭിനിവേശമുണ്ട്.. അവർ അയാൾക്കായി വാതിൽ തുറന്നു കാത്തിരിക്കുന്നുമുണ്ട്...
എന്നാൽ പെഡ്രോ പരാമക്ക് ഒരിക്കൽ ഒരുവൻ മകനായി സ്വീകരിക്കേണ്ടി വന്നു. അവനോട് വലിയ സ്നേഹവുമായിരുന്നു.. അവന്റെ അമ്മ ആരെന്നോ അവൻ പെഡ്രോ പരാമയുടെ മകനെന്നോ ഉറപ്പൊന്നുമില്ല. ആരും വളർത്താൻ ഇല്ലാത്ത ഒരു കുട്ടിയെ ആ ഗ്രാമത്തിലെ പാതിരി പെഡ്രോ പരാമയുടെ അരികിൽ കൊണ്ടു ചെല്ലുന്നു.. അവൻ പെഡ്രോവിന്റെ മകൻ എന്നു പറയുന്നു.. എന്തായാലും പെഡ്രോ പരാമ അവനെ സ്വീകരിക്കുന്നു.. അവന്റെ പേരു മിഗ്വേൽ. പെഡ്രോ പരാമയെക്കാൾ ഈ ചെക്കൻ വഷളനായിരുന്നു. ഒരു ദിവസം അവൻ കുതിരപ്പുറത്തു നിന്നും വീണു മരിക്കുന്നു... അത് പെഡ്രോ പരാമക്ക് വലിയ ആഘാതമാകുന്നു. പക്ഷേ, അയാൾ അതിനെയൊക്കെ അതിജീവിക്കുന്നുണ്ട്..
പെഡ്രോ പരാമയുടെ ക്രൂരത ഏറ്റവും വലിയ രീതിയിൽ നടന്നത്.. തന്റെ പിതാവിനെ വധിച്ചവരെന്നു സംശയിച്ച് അയാൾ നിരവധി മനുഷ്യരെ കൊന്നൊടുക്കുന്നതാണു...
അതുപോലെ കാര്യം കഴിഞ്ഞപ്പോൾ അയാൾ വിവാഹം കഴിച്ച ഡോളാ റേസിനെ ഉപേക്ഷിച്ച് കളയുന്നു... അവളുടെ മകനെപ്പോലും അയാൾ അംഗീകരിക്കുന്നില്ല.. ആ പാവം സ്ത്രീ തന്റെ സഹോദരിയുടെ വീട്ടിലേക്ക് പോവുകയാണു.. അപ്പോൾ പെഡ്രോ പരാമ പറയുന്നത്.. അവരെ കർത്താവ് സംരക്ഷിച്ചുകൊള്ളുമെന്നാണു.
പെഡ്രോ പരാമക്കെതിരെ വിപ്ലവകാരികൾ വരുന്നുണ്ട്. അവരെ ഇയാൾ കൈകാര്യം ചെയ്തത് വല്ലാത്തൊരു രീതിയിലാണു.. അവർ ഇയാളോട് ചോദിക്കുന്ന പണത്തിന്റെ ഇരട്ടി ഓഫർ ചെയ്യുന്നു. ഒപ്പം മുന്നൂറു പോരാളികളെയും... ആ മുന്നൂറുപോരാളികളോട് അയാൾ കല്പിക്കുന്നത് തരം കിട്ടിയാൽ വിപ്ലവകാരികളെ തകർത്തുകളയാനാണു..
ഏതൊരു സാഹചര്യത്തെയും പെഡ്രോ പരാമ നിസാരമായി തകർത്തു തരിപ്പണമാക്കും. അയാളുടെ വഴിക്ക് കൊണ്ടുവരും..
എന്നാൽ.............
ഒരേയൊരു കാര്യത്തിൽ മാത്രം അയാൾക്കത് സാധിച്ചില്ല..
അത് അയാളുടെ ബാല്യകാലസഖിയുടെ കാര്യത്തിലാണു... സുസാനാ സാൻ ഹുവാൻ. ഉജ്ജ്വലമായൊരു കഥാപാത്രമാണവൽ... പെഡ്രോ പരാമോയെക്കാൾ അവൾ നിലനില്ക്കുന്നു..
അവളുടെ അപ്പനു ഇവളോട് വലിയ പ്രിയമാണു. എന്നാൽ സുസാനാക്ക് പിതാവിനോട് അത്രയും പ്രിയമൊന്നുമില്ല...
അവളുടെ ചെറുപ്പത്തിൽ ആ കുഞ്ഞിന്റെ അരയിൽ വള്ളികെട്ടി അവളുടെ അപ്പൻ ഒരു കുഴിയിലെ ഇരുട്ടിലേക്ക് ഇറക്കും... അഗാധമായ താഴ്ച... അവൾ ഇരുട്ടിൽ മുങ്ങിപ്പൊങ്ങി നീന്തി നീന്തി ചെല്ലുമ്പോൾ......... അടിയിൽ.. തലയോടുകൾ... അതിലേക്കാണു അവൾ എത്തുന്നത്.. മനുഷ്യരുടെ അസ്ഥികൂടങ്ങൾ... അവൾ പേടിച്ച് നിലവിളിക്കുമ്പോൾ പിതാവ് പറയും... സുസാനാ.. ശ്രദ്ധിച്ച് നോക്കൂ.. അതിൽ നിന്നും എന്തൊക്കെ കിട്ടുമെന്നു നോക്കൂ... മോതിരമോ... വളകളോ... എന്തെങ്കിലും വിലപിടിപ്പുള്ളവ... ആ കുഞ്ഞ് പേടിച്ച് വിറച്ച് കിട്ടുന്നതൊക്കെ വാരിയെടുക്കും...
സുസാനയുടെ പിതാവിനു പെഡ്രോ പരാമോക്ക് മകളെ കെട്ടിച്ച് കൊടുക്കാൻ മനസ്സില്ല. കാരണം പെഡ്രോ പരാമോ നിരവധി സ്ത്രീകളിൽ നീന്തിനടക്കുന്നവനാണു..  പെഡ്രോ പരാമോ പല തവണ സുസാനായോട് തനിക്കൊപ്പം വരാൻ പറയുന്നുണ്ട്.. അവൾ സമ്മതിക്കുന്നില്ല.. പിതാവിനെ വിട്ടുവരാൻ അവൾ സമ്മതിക്കുന്നില്ല. അവളുടെ അപ്പൻ മരിക്കുന്നതുവരെ അപ്പനു കൂട്ടായി അവൾ ഇരിക്കുമെന്നാണു പറയുന്നത്...
പെഡ്രോ അവളുടെ പിതാവിനെ ദൂരെയുള്ള ഒരു ഖനിയിലേക്ക് അയക്കുന്നു. അവിടെ വെച്ച് അയാൾ മരിക്കുന്നു..
അപ്പോഴാണു രസം.. സുസാനക്ക് പ്രായം ഒരുപാടായിരുന്നു... അവൾ മരണത്തോട് അടുത്തിരുന്നു.. തന്റെ പ്രിയപ്പെട്ടവളുടെ മരണത്തിനു കൂട്ടിരിക്കാൻ മാത്രമാണു പെഡ്രോ പരാമക്ക് കഴിഞ്ഞത്...
കിഴവനും കടലും എന്ന ഹെമിങ്ങ് വേയുടെ നോവൽ... അതിൽ കിഴവൻ കഷ്ടപ്പെട്ട് പിടിച്ച സ്രാവ്...... കരയിലെത്തുമ്പോൾ... വെറും മുള്ളായി മാറുന്നു...
ജീവിതം..! അത് എത്രയൊക്കെ പോരടിച്ച് നേടാൻ ശ്രമിച്ചാലും അവസാനം ഇങ്ങനെയാണത്..
സുസാനാ കിഴവിയായി, വിരൂപമായി മരിച്ചു. പക്ഷേ, അപ്പോഴും അവളുടെ പൊട്ടിച്ചിരി കൊമാലക്ക് മുകളിൽ മുഴങ്ങി..
ഈ സ്ത്രീകൾ അല്ഭുതമാണു... !
ദാസ്തേവസ്കിയുടെ പെൺകഥാപാത്രങ്ങൾ സൃഷ്ടിക്കുന്ന മായിക ലോകം പോലെ... മാർക്കേസിന്റെ സ്ത്രീ കഥാപാത്രങ്ങൾ സൃഷ്ടിക്കുന്ന മായിക ലോകം പോലെ............ അവർ എപ്പോഴും അതിശയിപ്പിക്കുന്നു...
പെഡ്രോ പരാമോക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞതില്ല. അയാൾ................... ആ ദുഃഖം ആചരിച്ചു. മൂന്നു ദിവസം പള്ളിയിൽ മണി മുഴങ്ങി.......എന്നാൽ സംഭവിച്ചത് അതീവ രസകരമായ മറ്റൊന്നാണു..
പള്ളിയിൽ മണി മുഴങ്ങവേ............... ദുഃഖമണിമുഴക്കം..!
അത് പിന്നീട് ദൂരെ ദൂരേക്ക് മുഴങ്ങി...
അത്കേട്ട് പല സ്ഥലങ്ങളിൽ നിന്നും മനുഷ്യർ കൊമാലയിലെക്ക് കടന്നു വന്നു..
സർക്കസുകാരും വെച്ചുവാണിക്കടക്കാരും... മാജിക്കുകാരുമെല്ലാം..
അങ്ങിനെ കൊമാലയിൽ ഒരു ഉൽസവം അരങ്ങേറി........
ജനങ്ങൾ ഉൽസാഹത്തിലായി..
സുസാനായെ എല്ലാവരും മറന്നു.. പെഡ്രോ പരാമോ ഒഴികെ............... അയാൾ അതീവ ദുഃഖിതനായിരുന്നു...
ഒരുപക്ഷേ, നേത്രദാമിലെ കൂനനെപ്പോലെ അയാൾ സുസാനാക്കൊപ്പം മരണക്കുഴിയിൽ ശയിച്ചേക്കാം...
അത്രയും സങ്കടം അയാളെ ചൂഴ്ന്നു നിന്നു.
സുസാനാ മറവു ചെയ്യപ്പെട്ടു. ഭൂമിയുടെ വായിലേക്ക് അവളെ വെച്ചുകൊടുത്തു..
അതിനു ശേഷം........ പെഡ്രോ പരാമോ........ ഉഗ്രമായൊരു പ്രതിജ്ഞ എടുക്കുന്നു..
ഈ കൊമാല നശ്ശിപ്പിക്കും.......... ഞാൻ ഇനി എന്റെ കൈകൾ അനക്കില്ല... അങ്ങിനെ ഈ നാട് നശ്ശിക്കും..
ശരിയായിരുന്നു... പെഡ്രോ പരാമോ എന്ന ജന്മി കൈകൾ അടക്കിവെച്ചപ്പോൾ............ ആ ഗ്രാമം കരിഞ്ഞുണങ്ങി... അവിടെ മനുഷ്യർക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയായി... അവിടെ നിന്നും മനുഷ്യർ പാലായനം ചെയ്തു..........
ഇത് ഒരു രാഷ്ട്രീയമാണു.. എല്ലാം ഒരുവന്റെ കൈകളിലേക്ക് എത്തുമ്പോൾ സംഭവിക്കുന്ന ദുരന്തം...
നമ്മുടെ നാട് അംബാനിയുടെയും അദാനിയുടേയും കൈകളിലേക്ക് നമ്മൾ വെച്ചുകൊടുക്കുമ്പോൾ........... സംഭവിക്കുന്ന ദുരന്തം... അവർ നിഷ്കൃയരായാൽ.................. നാം നമ്മുടെ നാട്,... കത്തിയെരിയും.. ചുട്ടുപൊള്ളും.. നാം ഇല്ലാതാവും..
ഇവിടെയാണു കമ്യൂണിസത്തിന്റെ പ്രസക്തി..
ഒരു നാട് ഒരുവന്റേത് മാത്രമല്ല... അത് എല്ലാവരുടേതുമാണു... എല്ലാ മനുഷ്യരും ചേർന്നാണു ഒരു നാടിനെ ഉണർത്തുന്നത്.. അവിടെ എല്ലാവർക്കും പങ്കുണ്ട്... എല്ലാവർക്കും സാധ്യതകളുണ്ട്.. എല്ലാവർക്കും അവകാശമുണ്ട്..
സൂര്യാ............. കഥ ബാക്കികൂടി പറയൂ...
ഉവ്വ്.. പറയാം..
ഈ പെഡ്രോ പരാമക്ക് മാത്രമല്ല പ്രണയമുള്ളത്......... മറ്റുള്ളവർക്കും അതുണ്ട്..
ആ ഗ്രാമത്തിൽ അബൂൺ ദിയോവ് എന്നൊരുവൻ ജീവിച്ചിരുന്നു.. അവന്റെ ഭാര്യയെ അവൻ ജീവനെക്കാൾ ഏറെ സ്നേഹിച്ച് ജീവിച്ചിരുന്നു.. എന്നാൽ അവന്റെ പെണ്ണിനു അസുഖം... എല്ലാ ചികിൽസയും ചെയ്തു.. പക്ഷേ, ആ സ്ത്രീ മരിച്ചുപോയി.......
പാവം അബൂൺ ദിയോവിനു സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. തന്റെ ജീവിത മാർഗ്ഗമായ കഴുതകളെ വിറ്റാണു അവൻ ആ സ്ത്രീയെ ചികിൽസിച്ചത്.. എന്നിട്ടും.. അവൾ ജീവിച്ചില്ല. മരിച്ചു..
അബൂൺ ദിയോവിനു എത്ര കുടിച്ചിട്ടും മതി വന്നില്ല.. അയാൾ കുടിച്ചുകുടിച്ച് മത്തുപിടിച്ചു..
അങ്ങിനെ മത്തുപിടിച്ചവൻ... പെഡ്രോ പരാമോയുടെ അരികിലെത്തി..
ഒരേയൊരു ആവശ്യം........
അവനു പണം വേണം..
അവന്റെ പ്രിയപ്പെട്ടവളെ മറവു ചെയ്യണം...
അത് ആവശ്യമാണു... അത് അവകാശവുമാണു..
ക്രിസ്തു പറഞ്ഞതുപോലെ....... മരിച്ചവരെ മരിച്ചവർ കുഴിച്ചിടട്ടെ..
മരിച്ചവന്റെ അവകാശമാണു ആറടി മണ്ണു.. അത് കിട്ടാനായി അവന്റെ പോരാട്ടമാണു...... ഓരോ നിമിഷവും ദുർഗ്ഗന്ധം വമിച്ചുകൊണ്ട് ചീഞ്ഞളിയൽ...
അബൂൺ ദിയോവിനു തന്റെ പ്രിയപ്പെട്ടവളെ കുഴിച്ചിടണം................ അവളുടെ പ്രതിഷേധത്തെ അവനു അംഗീകരിക്കാൻ കഴിയില്ല..
പെഡ്രോ പരാമോ കാശുകൊടുക്കാൻ തയ്യാർ ആയതില്ല..
അബൂൺ ദിയോവ്.................. പെഡ്രോ പരാമോയെ കുത്തി.....
ചോര............. ചോര................ ചോര...!
അബൂൺ ദിയോവിനെ ആൾക്കാർ പിടിച്ചുവലിച്ചിഴച്ചുകൊണ്ടുപോയി.......
പെഡ്രോ പരാമോ........ നിശ്ശബ്ദനായി മരണത്തിലേക്കും പോയി............ മരിച്ചപ്പോഴും അയാൾ സുസാനായെ ബാല്യകാല സഖിയെ ഓർമ്മിച്ചിരിക്കാം.. കിട്ടാതെ പോയ സ്നേഹത്തെ അയാൾ കൊതിച്ചിരിക്കാം..
കാരണം എഴുത്തുകാരൻ പറയുന്നത്...... അയാൾ ഉള്ളിൽ എന്തിനോ യാചിച്ചുകൊണ്ട് മരിച്ചുപോയെന്നാണു..!
എന്റെ പ്രിയരേ.......... പെഡ്രോ പരാമോ എന്ന നോവൽ നിങ്ങൾ വായിക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രമാണു ഞാൻ ഇത്രയും എഴുതിയത്...
പെഡ്രോ പരാമോയെ കൊല്ലുന്നത് മകൻ തന്നെയാണു.. നമ്മൾ ആദ്യം കണ്ട കഴുതക്കാരനായ അബൂണി ദിയോ....
അച്ഛനു മകനെ സൃഷ്ടിക്കാമെങ്കിൽ... മകനു അച്ഛനെ കൊല്ലാനും കഴിയും എന്നാണോ ഹുവാൻ റൂൾഫോ......... നീ പറഞ്ഞുവെക്കുന്നത്..
എവിടെ..? ഫ്രോയിഡ്...?
ഞാൻ എഴുതിയതിനും അപ്പുറത്ത് വലിയൊരു ലോകമുണ്ട്...
മരിച്ചവരുടെ ലോകം...
മരിച്ചവർ കഥ പറയുന്ന ലോകം...
നിങ്ങൾ അതിലേക്ക് എത്തണം..
വായിക്കണം...
ഈ കള്ളുകുടിയൻ സലാം പറയുന്നു..                        

ഹുവാൻ റുൾഫോ എന്ന ലാറ്റിനമേരിക്കൻ എഴുത്തുകാരൻ എഴുതിയ ഒരു ലഘു നോവലാണു് പെഡ്രോ പരാമോ. 1955-ൽ പുറത്തിറങ്ങിയ ഈ പുസ്തകം സ്പാനിഷ് ഭാഷയിലാണു് രചിക്കപ്പെട്ടത്. മാജിക്കൽ റിയലിസം സമർത്ഥമായി സന്നിവേശിപ്പിച്ച ഒരു നോവൽ എന്ന നിലയിൽ ഈ നോവൽ ശ്രദ്ധയാകർഷിച്ചിരുന്നു. ഈ നോവൽ രണ്ടു തവണ ഇംഗ്ലീഷ് ഭാഷയിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. നോവലിൽ ജുവാൻ പ്രെസിയാഡോ എന്നയാൾ ആയിടെ മരണപ്പെട്ട തന്റെ അമ്മയുടെ ജന്മനാടായ കൊമാലയിലേക്ക് തന്റെ അച്ഛനെ കണ്ടുപിടിക്കാനായി യാത്ര നടത്തി അവിടെ എത്തിച്ചേർന്നപ്പോൾ കണ്ടത് ഒരു പ്രേതനഗരത്തെയായിരുന്നു. തുടക്കത്തിൽ യാതൊരു സ്വീകാര്യതയും ലഭിക്കാത്ത ഈ നോവൽ ആദ്യ നാലുവർഷത്തിൽ 2000 കോപ്പി മാത്രമാണ് വിറ്റത്. പിന്നീട് മുപ്പതിലേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഈ നോവൽ അമേരിക്കയിൽ മാത്രം പത്തുലക്ഷത്തിലേറെ കോപ്പി വിറ്റഴിഞ്ഞു. മാർകേസിനെ സ്വാധീനിച്ച ഗ്രന്ഥങ്ങളിൽ ഒന്നാണിത്. മലയാളത്തിലേക്ക് ഈ നോവൽ പരിഭാഷ ചെയ്തത് വിലാസിനി ആണ്.

(വിക്കിപ്പീഡിയ)




ഹുവാന്‍ റൂള്‍ഫോ (Juan Rulfo) യുടെ പഡ്രോപരാമോ (Pedro Paramo)
ഹുവാന്‍ റൂള്‍ഫോയുടെ പഡ്രോപരാമോയെ കുറിച്ച് കലാകൌമുദി വാരികയിലെ എം കൃഷ്ണന്‍‌നായര്‍ സാറിന്റെ സാഹിത്യയവാരഫലത്തിലുടെ മറ്റോ ആണ് ആദ്യമായി ഞാന്‍ കേള്‍ക്കുന്നത്. പിന്നിടു വര്‍ഷങ്ങള്‍ക്കു ശേഷം മാതൃഭൂമി ആഴച്ചപതിപ്പില്‍ അതിന്റെ കവര്‍ സ്റ്റോറിയായി ‘കൊമാല‘ എന്ന സന്തോഷ് ഏറ്റിക്കാനത്തിന്റെ കഥ വരികയും, അതു മലയാള സാഹിത്യയലോകത്തു ഏറേ ചര്‍ച്ചക്കു വിഷയമായി മാറുകയും ചെയ്തു. സ്വാതന്ത്ര്യദിനത്തിന്റെ അന്നു ആത്മഹത്യ ചെയ്യുമെന്നു വീട്ടിലൊരു ബോര്‍ഡ് സ്ഥപിച്ച്, ആത്മഹതുയ്ക് ഒരുങ്ങുന്ന കടബാധ്യതനായ കര്‍ഷകന്റെ സംഘര്‍ഷവസ്ഥയും, സമൂഹത്തിന്റെ കണ്ണില്‍ ചോരയില്ലാത്ത പെരുമാറ്റവും മറ്റുമാണ് കഥതന്തു, കഥയുടെ പേരു സൂച്ചിപ്പിക്കുന്ന പോലെ ഒരു ‘കൊമലിയന്‍‘ ലോകത്തെ (പഡ്രോപരാമോയിലെ മരിച്ചവരുടെ ലോകമാണ് കൊമാല) കഥാകൃത്ത് ഭംഗിയായി അവതരിപ്പിക്കുന്നു. ആധുനിക മാധ്യമമായ ടെലിവിഷനിലെ ന്യൂസ് നൈറ്റ് (കഥയില്‍ ‘ഇന്ത്യയവിഷനിലെ നികേഷിനെ‘ പൊലെ ഭംഗിയായി ചോദ്യം ചോദിക്കുന്ന ഒരു കഥാപാത്രമുണ്ട് ) പോലുള്ള പരിപാടികളിലെ പൊള്ളയായ സമകാലിക സാമൂഹ്യ വിമര്‍ഷനത്തെ കഥാകൃത്ത് വരച്ചുകാട്ടുന്നു. മികച്ച ഈ കഥാവായനക്കു ശേഷം പഡ്രോപരാമോ വായിക്കാന്‍ വല്ലാത്ത അഭിനിവേഷം തോന്നി, ലൈബ്രറിയില്‍ അന്വേഷിച്ചപ്പോള്‍ അതിന്റെ ഇംഗ്ലീഷ് പരിഭാഷ കിട്ടിയില്ല, പകരം (മുത്തു തേടിയവനു രത്നം കിട്ടിയ പോലെ) വിലാസിനിയുടെ മികച്ച മലയാള പരിഭാഷയാണ് കിട്ടിയത് . മുബ് വിലാസിനി പരിഭാഷപ്പെടുത്തിയിട്ടുള്ള സഹശയനം (നോബല്‍ സമ്മാനജേതാവായ, ജപ്പനീസ് സാഹിത്യകാരനായ യസുനാരി കവാബാത്തയുടെ The House of Sleeping Beauties) കുരുടന്‍ മൂങ്ങ ( ഇറാനിയന്‍ സാഹിത്യയകാരനായ സാദ്ദിക്ക് ഹിദായത്തിന്റെ Blind Owl) തുടങ്ങിയ പരിഭാഷയ്ക്ക നലകിയിട്ടുള്ള വിശദമായി ആ ഭാഷകളിലെ സാഹിത്യലോക പരിചയപ്പെടുത്തല്‍ പഡ്രോപരാമോക്കും പരിഭാഷയ്ക്കും നല്‍കിയിട്ടുണ്ട്‌. ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തെകുറിച്ചും സമകാലികരായ കുലപതികളെ (അസ്തുറിയാസ്, മാര്‍ക്വേസ്, ഫൂയന്തിയാസ്, യോസ തുടങ്ങിയവരെ) കുറിച്ചും വിശേഷിച്ച് ഹുവാന്‍ റൂള്‍ഫോയെയും പഡ്രോപരാമോയെ കുറിച്ചും വിശദമായ കുറിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നു പരിഭാഷപ്പെടുത്തല്‍ വെറും തൊഴിലാവുബോള്‍ ഇത്തരം കുറിപ്പുകളുടെ ‘ഗൃഹാതുരത്തം‘ നമുക്കു ലഭിക്കാതെ പോകുന്നു. പഡ്രോപരാമോയ്ക്കു പരിച്ചയപ്പെടുത്തലിന്റെ ആവിശ്യമില്ല, പക്ഷേ അതിനൊരു ആമുഖമുണ്ടെങ്കില്‍ വായന കൂടുതല്‍ കാവ്യത്മകമാവുമെന്നു കരുത്തുന്നു. വിലാസിനിയുടെ വാഗ്‌വിലാസം അതേ പടി പകര്‍ത്തുകയാണ്. ആരും പകര്‍ത്തലിന്റെ അവകാശതര്‍ക്കം ഉന്നയിക്കില്ലെന്നു വിശ്വസിക്കുന്നു . ഈ സംരഭം വായനക്കുള്ള ചെറിയൊരു ‘തള്ളല്‍‘ മാത്രം.

സമകാലീന നോവലിസ്റ്റുകളില്‍ ഇപ്പോള്‍ ഏറ്റവും പ്രശസ്തന്‍ മാര്‍ക്കേസാണെങ്കിലും ആദ്യം പറയേണ്ട പേരു ഹുവാന്‍ റൂള്‍ഫോവിന്റെ (1918 - 19860 )ആണ്. അദ്ദേഹത്തിന്റെ ‘പെഡ്രോ പരാമോ’ എന്ന ചെറുനോവല്‍ സ്പാനീഷ് സാഹിത്യത്തിലെ ഏറ്റവും ഉല്‍കൃഷ്ടമായ കൃതികളിലൊന്നാണ്. സഹിത്യത്തിലെ നാഴികക്കല്ലായ ഈ കൃതി അസ്തുറിയാസിന്റെ ‘രാഷ്ട്രപതി’ , മാര്‍ക്കേസിന്റെ ‘ഏകാന്തതയുടെ നൂറുവര്‍ഷം’ തുടങ്ങിയ കൃതികള്‍‌ക്കൊപ്പമാണ് നിരൂപകന്മാര്‍ സ്ഥാനം കല്‍പ്പിച്ചിട്ടുള്ളത്. കുറച്ചെഴുതി കൂടുതല്‍ അംഗീകാരം നേടിയ പ്രതിഭാധനനാണ് ഹുവാന്‍ റൂള്‍ഫോ. മെക്സിക്കോവിലെ ഹാലിസ്ക്കോ പ്രവിശ്യയില്‍ സായൂലാ നഗരത്തിലാണ് അദ്ദേഹം ജനിച്ചത്. മുപ്പത്തഞ്ചാം വയസ്സില്‍ ‘തിപിടിച്ചതാഴ്വാരം’ എന്ന കഥാസമാഹാരത്തിനു ശേഷം, 1955 ലാണ്‍ ‘പെഡോപരാമോ’ പുറത്തുവന്നത്. അതിനു ശേഷം അദ്ദേഹം കാര്യമായി യാതൊന്നും എഴുതിയിരുന്നില്ലെന്ന അപൂര്‍വ്വതയുമുണ്ട്.

പ്രകൃതിയുടെ കാര്‍ക്കശ്യത്തിനും മനുഷ്യജീവിതത്തിന്റെ ജീര്‍ണ്ണതയ്ക്കും തികച്ചും നിര്‍ദശനമായിരുന്നു റൂള്‍ഫോ ജനിച്ചു വളര്‍ന്ന പ്രദേശം. വരണ്ട മഴകാണാത്ത, അടുപ്പത്തു വച്ച ചട്ടിയെ പോലെ ചുട്ടുപൊള്ളുന്ന, വിശലമായ താഴ്വാരങ്ങളും, കരിബാറകൂട്ടങ്ങള്‍ മാത്രമുള്ള, കോന്ത്രന്‍ പല്ലുപോലെ ചാഞ്ഞും ചരിഞ്ഞും നില്‍ക്കുന്ന, പരുക്കന്‍ കുന്നുകളും, അങ്ങിങ്ങാ‍യി ഒറ്റപ്പെട്ടു കിടക്കുന്ന, ഇടിഞ്ഞുപൊളിഞ്ഞ, മിക്കവാറും ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങളും വികൃതമാക്കിയ ആ പ്രദേശം നരകത്തിനു പര്യയായമാണെന്നു പറയാം. റൂള്‍ഫോവിന്റെ കൃതികളുടെ പാശ്ചാതലം ഈ തരിശുഭൂമിയാണെന്നു പറയാം.വിരിയും മുബേ പൂക്കള്‍ കരിഞ്ഞു പോകുന്ന, കറുത്തവായു മുറ്റിനില്‍ക്കുന്ന, ഇരുട്ടൊഴിയാത്ത നാട്ടിന്‍പുറങ്ങളതില്‍ കാണാം. നട്ടുച്ചയ്ക്കു തീച്ചൂളയായി മാറുന്ന മൈതാനങ്ങളും, വായുവേയില്ലാത്ത തെരുവുകളും, കാടും പടലും വിഴുങ്ങിയ പൊളിഞ്ഞവീടുകളും, പ്രേതങ്ങളുടെ ശബ്ദങ്ങള്‍ മാത്രം കേള്‍ക്കുന്ന ചന്തസ്ഥലങ്ങളും സുലഭമാണ്. അവിടെ വിഷദം കെട്ടികിടക്കുന്ന നിമിഷങ്ങള്‍ നീണ്ടുനീണ്ടു പോവുകയാണ്. സമയത്തിനു അര്‍ഥമേ നഷ്ടപ്പെട്ടിരിക്കുന്നു. കാലം കീഴ്മേല്‍ മറിയുന്നതും അപുര്‍വ്വമല്ല. കഥാപത്രങ്ങ്ലുടെ മാനസികചലനങ്ങളെ നേരിട്ടാവിഷ്കരിക്കുന്നതിനു പകരം അവരുറ്റെ പെരുമാറ്റത്തിലുടേയും, പ്രവര്‍ത്തികളിലൂടെയും സൂചിപ്പിക്കുകയാണ് റൂള്‍ഫോ ചെയ്തത്. സമകാലിനരുടെ അത്യലകൃതമായ ശൈലി ഉപേക്ഷിച്ച് അദ്ദേഹം കൊച്ചു കൊച്ചു വാക്യങ്ങളിലെഴുതി. സാഹിത്യം എന്നു സ്വയം വിളിച്ചുകൂവുന്ന ഭാവ ചാപല്യം കൊണ്ടു ശിഥിലമായ, വാക്കുകളും പ്രയോഗങ്ങളും വര്‍ജ്ജിക്കുകയും ചെയ്തു.

ഹുവാന്‍ പ്രേസിയദോ എന്ന യുവാവ് അച്ഛനായ പെഡ്രോപരമോവിനെ തേടി കൊമാല എന്ന ഗ്രാമത്തിലേക്കു വരുന്നതോടെയാണ് നോവല്‍ ആരംഭിക്കുന്നത്. മരിച്ചു പോയ അമ്മയുടെ നിര്‍ദ്ദേശമനുസരിച്ചാണ് അയാള്‍ വരുന്നത്‌. അമ്മയുടെ ഒര്‍മ്മയില്‍ , പച്ചതഴച്ചു നില്‍ക്കുന്ന സൌഭാഗ്യം തികഞ്ഞ ഗ്രാമമാണ് കൊമാല., എന്നാല്‍ അയാള്‍ കാണുന്നത്‌ ചുട്ടുപഴുത്ത മരുഭൂമിപോലെയൊരു പ്രദേശമാണ്.അയാള്‍ക്കു അങ്ങോട്ടെക്കുള്ള വഴികാണിച്ചു കൊടുത്ത കഴുതക്കാ‍രനായ അബുണ്‍ദിയോവിന്റെ ഭാഷയില്‍ കൊമല ‘നരകത്തിന്റെ വായ’ യാണ്. അവിടെയുള്ളവര്‍ക്കു നരകം പോലും തണുപ്പുള്ളതായി തോന്നുമത്രേ!. എന്നാല്‍ വിചിത്രമായ സംഗതി അതല്ല കൊമാല മരിച്ചഗ്രാമമാണ്. അവിടെ ആരും ജീവിച്ചിരിപ്പില്ല. പെഡ്രോപരമോയും പണ്ടേ മരിച്ചിരിക്കുന്നു. ഗ്രാമത്തിലെത്തി കുറെ കഴിയുബോഴാണ് പ്രേസിയാദോ ഇതു മനസ്സിലാക്കുന്നുള്ളു. വഴികാണിച്ചു കൊടുത്ത അബുണ്‍ദിയോവും രാത്രി താമസിക്കന്‍ മുറി കൊടുത്ത ഡോണ്യാ എദുവിഹേസും, അവിടെ നിന്നു അയാളെ കൂട്ടികൊണ്ടൂപോയ ദാമിയാനാ സിസ്നെറോസും മറ്റും മരിച്ചവരാണ്. അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുകയും വിചാരിക്കാതിരിക്കുബോള്‍ അപ്രത്യക്ഷപ്പേടുകയും ചെയ്യുന്ന അവര്‍ പ്രേതത്മാക്കളണെന്നു പറയാം. ഗ്രാമം മുഴുവന്‍ പണ്ടെന്നോ മരിച്ചുപോയവരുടെ ശബ്ദം കൊണ്ടു മുഖരിതമാണ്, രാത്രി പ്രത്യേകിച്ചും. ഗ്രാമത്തിലെത്തി അധികം താമസിക്കാതെ പ്രേസിയാദോയും മരിക്കുന്നു. സന്തതിയില്ലാതെ മരിച്ച ഡൊറോത്തിയുടെ കുഴിമാടമാണ് അയാള്‍ പങ്കിടുന്നത്‌. അവിടെകിടന്നയാള്‍ മറ്റു ശവക്കുഴികളിലടക്കം ചെയ്യപ്പെട്ടവരുടെ ആത്മഭാഷണം കേള്‍ക്കുന്നു. ഡൊറോത്തിയുമായി സംഭാഷണം ചെയ്യുന്നു. അങ്ങിനെ കൊമാലയുടെ പഴയകാലത്തെ കിടിലം കൊള്ളിക്കുന്ന ചരിത്രം മനസ്സിലാക്കുന്നു..

ഈ ചരിത്രത്തില്‍ വിരാടു പുരുഷനെപ്പോലെ നിറഞ്ഞു നില്‍ക്കുന്നത് പെഡ്രോപരാമോ ആണ്. താങ്ങാനാവാത്തകടം മാത്രം പൈതൃക്മായി ലഭിച്ച പെഡ്രോ ബുദ്ധിചാതുര്യം കൊണ്ടും നിഷ്കരുണമായ കയ്യൂക്കുകോണ്ടൂം പ്രതാപിയായി തീരുന്നതും ഒരിടപ്രഭുവിനെ പോലെ പ്രാന്തപ്രദേശങ്ങള്‍ അടക്കിഭരിക്കുന്നതുമാണ് പ്രധാന ഇതിവൃത്തം. താന്‍ ചെറുപ്പമായിരിക്കുപ്പോള്‍ തന്റെ അച്ഛനെ കൊലപ്പെടുത്തിയവരോടുള്ള പകയാണ് പെഡ്രോവിന്റെ മുന്നേറ്റത്തിനു പുറകിലുള്ള പ്രേരണാശക്തി. സുന്ദരിയും ധനികയുമായ ഡോളറെസ്സിനെ വിവാഹം കഴിക്കുകയും അങ്ങനെ അയാളുടെ സാബത്തിക അടിത്തറ ഭദ്രമാക്കുകയുമാണ് അയാളുടെ ആദ്യത്തെ നീക്കം, ഇവിടെ പ്രദര്‍ശിപ്പിക്കുന്ന തന്ത്രജ്ഞത അവസാനം വരെ നില്‍നിറുത്തുന്നുണ്ട്‌ പെഡ്രോ. തന്നെ നശിപ്പിക്കാന്‍ വന്ന വിപ്ലവകാരികളെ പ്രലോഭിപ്പിച്ചു വശത്താക്കുകയും തന്റെ ആള്‍ക്കരെ അവരുടെ കൂട്ടത്തില്‍ ചേര്‍ത്തു സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നതില്‍ അയാള്‍ കാണിക്കുന്ന ബുദ്ധികൂര്‍മ്മത അസാമാന്യമാണ്. ബുദ്ധികൂര്‍മ്മതയിലെന്ന പോലെ ഹൃദയശൂന്യതയിലും പെഡ്രോ പിന്നിലല്ല. അച്ഛന്റെ മരണത്തിനു ഉത്തരവാദികളായവരേയും, സ്വത്തു വെട്ടിപ്പിടിക്കുന്നതില്‍ തന്നെ എതിര്‍ക്കുന്നവരെയും വകവരുത്തുന്നതില്‍ മാത്രമല്ല അതു പ്രത്യക്ഷപ്പെടുന്നത്, ആവിശ്യം കഴിയുബോള്‍ ഡൊളറെസ്സിനെ ഉപെക്ഷിക്കുകാന്‍ ഒരു മടിയും കാണിക്കുന്നില്ല അയാള്‍. അവളില്‍ ജനിച്ച പ്രേസിയാദോവിനെ പുത്രനായി അംഗീകരിക്കുന്നതുമില്ല. പ്രേസിയാദോ മാത്രമായിരുന്നില്ല പെഡ്രോവിന്റെ പുത്രന്‍. കഴുതക്കരനായ് അബുണ്‍ദിയോ അടക്കം നാടുനീളെ അനേകം മക്കളുണ്ടായിരുന്നു അയാള്‍ക്ക്. അയാള്‍ കടന്നുപോകാത്ത സ്ത്രീകള്‍, ആ സമീപപ്രദേശത്തു അപൂര്‍വ്വമായിരുന്നു. മക്കളില്‍ മിഗ്വേല്‍ എന്നൊരുത്തനെ മത്രമാണ് പെഡ്രോ സ്വന്തം നിലക്കു വളര്‍ത്തിയിരുന്നത്‌. അച്ഛനെക്കാള്‍ ദുര്‍മാര്‍ഗ്ഗിയായ അവന്‍ ചെറുപ്പത്തിലെ കുതിരപ്പുറത്തു നിന്നു വീണുമരിച്ചുപോയി. പെഡ്രോവിനു കിട്ടിയ ആദ്യത്തെ തിരിച്ചടിയായിരുന്നു അത്‌, അഘാതം കനത്തതായിരുന്നെങ്കിലും അയാള്‍ ഉലഞ്ഞില്ല.

പെഡ്രോവിനെ ഉലച്ചതും അയാളുടെ അന്ത്യത്തിലേക്കു നയിച്ചതും അയാള്‍ക്ക് ഒരിക്കലും അനുഭവിക്കാന്‍ കഴിയതിരുന്ന ഒരു സ്ത്രീയായിരുന്നു, ബാല്യകാലസഖിയായ സൂസാന സന്‍ ഹുവാന്‍. മറ്റു സ്ത്രികാളുമായി ബെന്ധപ്പെടുബോഴും പെഡ്രോവിന്റെ മനസ്സില്‍ സൂസാന ആശയവും ആവേശവും സ്‌മൃതിയുമായി നീറികെണ്ടിരുന്നു. ഒടുവില്‍ പെഡ്രോവിന് അവളെ ഭാര്യയാക്കന്‍ കഴിയുന്നുണ്ട്‌. പക്ഷേ അപ്പോഴേക്കുമവള്‍ രോഗിണിയും വൃദ്ധയും ബുദ്ധിസ്ഥിരത നശിച്ചവളുമായിത്തീര്‍ന്നിരുന്നു. അവളുടെ മരണത്തെ പെഡ്രോവിന് നിസ്സഹായമായി നോക്കി നില്‍ക്കനെ കഴിയുന്നുള്ളു. സൂസാനയുറ്റെ മരണശേഷം തീര്‍ത്തും നിഷ്‌ക്രിയനായിതീര്‍ന്ന പെഡ്രോ അവളുടെ ജഡം കൊണ്ടുപോയ വഴിയെ തുറിച്ചു നോക്കിക്കോണ്ടിരുന്നാണ് ബാക്കി ജീവിതം കഴിച്ചു കൂട്ടുന്നത്. അതിനിടയില്‍ കൃഷിയിടങ്ങള്‍ തരിശയിപ്പോയി, ചെറുപ്പക്കാര്‍ കൂട്ടതോടെ നാടുവിട്ടു, ബാക്കിയുള്ളവര്‍ ഓരോരുത്തരായി മരിക്കുകയും ചെയ്തു. വഴിയിലേക്കു നോക്കിക്കൊണ്ടു കസേരയിലിരിക്കുന്ന പെഡ്രോവിനെ കുടിച്ചു ബോധം കെട്ട അബുണ്‍ദിയോ കെല്ലുന്നേടത്തുവെച്ചാണ് നോവലവസാനിക്കുന്നത്.

സെഛധിപതികളുടെ കിരാതവാഴ്ചയുടെ ചിതീകരണം സ്പാനിഷ് അമേരിക്കന്‍ നോവലുകളില്‍ സര്‍വ്വസാധാരണമാണ്. ഒറ്റനോട്ടത്തില്‍ പെഡ്രോപരാമോവും അത്തരത്തിലൊന്നാണെന്നു തോന്നും, ആ തോന്നാല്‍ തെറ്റാവും. കാരണം മറ്റു കൃതികളില്‍ നിന്നു തികച്ചും വ്യത്യസ്തനായിട്ടാണ് പെഡ്രോവിനെ ചിത്രീകരിക്കുന്നതില്‍ റൂള്‍ഫോ പുലര്‍ത്തിയിട്ടുള്ള മനോഭാവവും, സ്വീകരിച്ചിട്ടുള്ള സമീപനവും. അതേവരെയുള്ള റിയലിസ്റ്റിക്ക നോവലുകളില്‍ കാണുന്നതുപോലെ കേവലം വെറുക്കപ്പെടുന്ന ഒരു കഥപാത്രമല്ല പൊഡ്രോ. കൊമാലയിലെ അജ്ഞരും ദരിദ്രരുമായ ജനങ്ങളുടെ മാനസ്സികമായ ഒരവിശ്യം നിറവേറ്റുന്ന രക്ഷാപുരുഷനാണ്‌ അയാള്‍. ഫ്യുഡലിസ്റ്റു എന്നു വിളിക്കവുന്ന ഒരു വ്യവസ്ഥിതിയാണ് കൊമാലയില്‍ നിലനില്‍ക്കുന്നത്. അതിന്റെ തലപ്പത്താണ് പെഡ്രോ നില്‍ക്കുന്നത്‌. കരുത്തനും ക്രൂരനും ബുദ്ധിമാനുമായ അയാളെ ജനങ്ങള്‍ ഭയപ്പെടുന്നത് വാസ്ഥവമാണ്. എന്നാല്‍ അയാളെ തള്ളിപറയുവാനോ മറക്കുവാനോ അവര്‍ക്കു കഴിയുന്നില്ല. കാരണം അയാളുടെ ശക്തിയുടെ തണലില്‍ സുരക്ഷിതത്വം കണ്ടെത്തുന്നു. ആ താങ്ങില്ലെങ്കില്‍ തങ്ങല്‍ അനാഥരും നിഷ്ക്രീയരുമായിത്തീരുമെന്നാണ് അവരുടെ ഭീതി. ആ ഭീതി അസ്ഥനതല്ലതാനും, ‘ഞാന്‍ കൈകെട്ടിയിരിക്കും , അതോടെ കൊമാല പട്ടിണികിടന്നു ചാകും’ എന്നു പറയുന്നുണ്ട് പെഡ്രോ, സുസാനായുടെ മരണത്തിനു ശേഷം അങ്ങിനെ തന്നെയാണ് സംഭവിക്കുന്നതും. പട്ടിണി കിടന്നു പല്ലിളിച്ച ജനങ്ങള്‍ കലാപത്തിനൊന്നും പുറപ്പെടുന്നില്ല. നാഥനറ്റ അവര്‍ നാടുവിട്ടു പൊവുകമാത്രമാണ് ചെയ്യുന്നത്`. ക്രൂരനെങ്കിലും ശക്തനും രക്ഷകനുമായ ഒരു നേതാവിനോടുതോന്നുന്ന ഈ ആകര്‍ഷണം ലത്തീന്‍ അമേരിക്കയെ സംബന്ധിച്ചിടത്തോളം ഒരു യഥാര്‍ത്യമാണ്. കരുത്തും പൌരുഷവും തുളുബുന്ന പുരുഷന്‍ (Macho) അവിടെ ബഹുമാനിക്കപ്പെടുന്നു, ഒട്ടെക്കെ ആരാധിക്കപ്പെടുകയും ചെയ്യുന്നു.ഈ ആരധാനയുടെ തെളിവാണ് കൊമാലയിലെ സ്ത്രീകള്‍ പെഡ്രോവിനു വേണ്ടീ കിടപ്പറ വാതിലുകള്‍ സ്വമേധയാ തുറന്നിടുന്നതും ആകാംക്ഷയോടെ കാത്തു കിടക്കുന്നതും.

ബലവാന്മാരും ദുര്‍ബലരും തമ്മിലുള്ള ഈ സ്നേഹ- ദ്വേഷബന്ധം (Love- Hate Relationship) ശരിക്കും മനസ്സിലാക്കിയിട്ടുണ്ട്‌ റൂള്‍ഫോ എന്നുള്ളതാണ് പെഡ്രോപരാമോവിനെ അനന്യ സാധാരണമാക്കുന്ന കാരണങ്ങളിലൊന്ന്‌. രചനയില്‍ പുലര്‍ത്തുന്ന നിര്‍മ്മമത കൊണ്ടാണ് അതിന്നദ്ദേഹത്തിന് അത് കഴിഞ്ഞത്‌. തന്റെ കഥപാത്രങ്ങളെ സംബന്ധിച്ചിടത്തോളം റൂള്‍ഫോ ഒരിക്കലും പക്ഷപാതം പിടിക്കുന്നില്ല ന്യാധിപന്റെയോ വിധികര്‍ത്താവിന്റെയോ മേലങ്കി അണിയുന്നില്ല, ഉള്ളത് സഹാനുഭൂതി മത്രമാണ്. അതു കൊണ്ടൂ തന്നെ , ഒന്നുകില്‍ വെളുപ്പ്‌ അല്ലെങ്കില്‍ കറുപ്പ്‌ എന്ന നിലപാടിലെക്ക് അദ്ദേഹം വഴുതി വീഴുന്നില്ല്. മെക്സിക്കോവിലെ ഗ്രമീണ ജീവിതമാണ് റൂള്‍ഫോവിന്റെ അസംസ്കൃതവസ്തു. എന്നാല്‍ സാബത്തികവും സാമൂഹികവുമായ ബന്ധങ്ങളെ ഇഴപിരിക്കനോ, സങ്കീര്‍ണ്ണമായ കഥപാത്രങ്ങളെ കയ്യിലെടുത്ത് അപഗ്രഥിക്കനോ അദ്ദേഹം മെനക്കെടുന്നില്ല.. പഴങ്കഥകളുടെയും ജനങ്ങള്‍ക്കിടയില്‍ രൂഡമൂലമായ് വിശ്വാസങ്ങളുടെയും നൂലുകള്‍ പാകി യഥാര്‍ത്ഥ്യത്തിനു അപ്പുറമുള്ള ഒരു അനുഭവമണ്ഡലം നെയ്തെടുക്കുകയണ് അദ്ദേഹം. കൊമലയില്‍ മരണത്തോടു കൂടി ജീവിതം അവസനിക്കുന്നില്ല. മരിച്ചവര്‍ ഗതി കിട്ടാത്ത പ്രേതാത്മക്കളായി അലയുമെന്ന വിശ്വാസം ഒരു വസ്തുതയായി അവതരിപ്പിക്കുകയാണ് റൂള്‍ഫോ. ഈ സങ്കല്‍പ്പം നോവലിന് അസാധാരണമായ ഭാവ തീവ്രതയും സ്വപ്നാത്മകതയും നല്‍കുന്നു.

‘പെഡ്രോപരാമോ’ വിനെ അസുലഭമായ ഒരുനുഭവമാക്കിത്തീര്‍ക്കുന്നതില്‍ അവിഷ്കാരരീതിയുടെ മൌലികത്വം വലിയൊരു പങ്കുവഹിക്കുന്നു. ക്രമാനുഗതമായി വികസിക്കുന്ന കഥാഖ്യാനം ഈ കൃതിയിലില്ല. സാധാരണനോവലുകളില്‍ കാണുന്ന അദ്ധ്യായങ്ങള്‍ ഈ നോവലിലില്ല, കുറെ ഖണ്ഡങ്ങളെ ഇതിലുള്ളൂ. അവ ഹൃസ്വങ്ങളാണ്, തമ്മില്‍ ദൃഡമായ പൂര്‍വ്വാപരമായ ബന്ധമില്ലത്തവയും. അവയുടെ ഉള്ളടക്കം മിക്കവാറും സ്വഗതോക്തികളോ സ്മരണകളോ സംഭാഷണങ്ങളോ ആണ്. വക്താവ്‌ ആരാണെന്നു തിരിച്ചറിയാന്‍ പലപ്പോഴും ബുദ്ധിമുട്ടും. ഇത്‌ ബാഹ്യയമായ രൂപശൈത്തില്യത്തിന്നു കാരണമായി തീരൂന്നു. അതു കൊണ്ട്‌ ആദ്യത്തെ വായനയില്‍ അനുവാചകര്‍ക്ക് അല്പമബരപ്പുണ്ടാ‍യാല്‍ അത്ഭുതപ്പെടാനില്ല. എന്നാല്‍ രണ്ടമതൊരാവൃത്തി വായിക്കുബോള്‍ എല്ലം സ്ഥനേ ഘടിതങ്ങളായിത്തീരുന്നതു കാണാം. ബാഹ്യമായ രൂപശൈഥില്യതിനു പിന്നില്‍ ഇഴപൊട്ടാത്ത ഭാവദാര്‍ഡ്യം ഉണ്ടെന്നുള്ളതാണതിനു കാരണം. കഥയിലെ പല സംഭവങ്ങളും അവ്യക്തമായിട്ടേ ചിത്രണം ചെയ്തിട്ടുള്ളു. നോവലിലെ ഒടുക്കത്തെ രംഗം ഇതിനുദാഹരണമാണ്. എന്താണവിടെ സംഭവിക്കതെന്നു കൃത്യമായി പറയുക പ്രയാസമാണ്. അബുണ്‍ദിയോ പെഡ്രോവിനെ വെട്ടിക്കൊന്നു എന്നാണ് അനുമാനിക്കേണ്ടത്. അനുമാനിക്കുക അതു മത്രമേ സധ്യമാവു. അയാളുടെ കത്തിയില്‍ ചോരപുരണ്ടീരിക്കുന്നു എന്നാല്‍ പെഡ്രോ വെട്ടേറ്റമനുഷ്യനെ പോലെ പിടഞ്ഞു മരിക്കുകയല്ല ചെയ്യുന്നതു. സുസാനയെ കുറിച്ചുള്ള ഓര്‍മ്മകളില്‍ മഴുകിയിരിക്കുന്ന അയളുടെ ജിവന്‍ അല്പാല്‍പ്പമായി അറ്റുപോവുകുകയാണ്. പല സംഭവങ്ങളും ഒന്നിലേറേ പേരുടെ വീക്ഷണകോണുകളിലൂടെയാണ് ചുരുളഴിയുന്നതു. അവ പസ്പരപൂരകമാണെങ്കിലും അസ്പഷ്ടത പലപ്പോഴും ബക്കി നില്‍ക്കുന്നു. മിഗ്വേല്‍ പരമോവിന്റെ അപമൃത്യു അത്തരത്തിലൊന്നാണ്. രണ്ടോമൂന്നോ പേരുടെ ഓര്‍മ്മയിലൂടെയാണ് ഈ സംഭവം ചിത്രീകരിക്കുന്നത്‌. മിഗ്വേലിന്റെ പ്രേതം നേരിട്ടുവന്ന്‌ മൊഴി നല്‍ക്കുന്നുണ്ട്‌, എന്നാലും വ്യക്തമായ ചിത്രം കിട്ടുന്നില്ല. പക്ഷേ ഈ അവ്യക്തത നോവലിന് ദൌര്‍ബല്ല്യമല്ല. അതിലാവിഷ്കരിക്കപ്പെടുന്ന അഭൌമികമായ അനുഭവങ്ങളുടെ ഇഴുക്കം കൂട്ടുന്നതിന് ഇത്തരം രീതി അവശ്യമാണുതാനും.

കാലം ആകെ കിഴുമേല്‍ മറിച്ചിരിക്കുകയാണ് റൂള്‍ഫോ ഈ നോവലില്‍. പ്രേസിയദോ കൊമലയില്‍ വരുന്നതിന്‍ എത്രയോ മുബുതന്നെ പെഡ്രോപരാമോ മരിച്ചു കഴിഞ്ഞിരിക്കുന്നു. എന്നല്‍, ആ വസ്തുത പ്രശ്താവിച്ചു നക്കെടുക്കബോഴെക്കും ഗ്രന്ഥകര്‍ത്തവ പെഡ്രോവിനെ വായനക്കരന്റെ മുബിലവതരിപ്പിക്കുന്നു. സുസാന മരിച്ച ശേഷം ഓര്‍മ്മ്കള്‍ അയവിറക്കികോണ്ടിരിക്ക്ന്നു നിലയില്‍. തുടര്‍ന്ന അയാളുടെ ബല്യകാലജീവിത്തിലെ ചില രംഗങ്ങള്‍ ചിത്രീകരിക്കൂന്നു. ഈ ഓര്‍മ്മകളും ചിത്രീകരണവും പോലും മുറതെറ്റിയിട്ടാണ്. വീണ്ടും പ്രേസിയദോവിലേക്കു മടങ്ങുന്നു, ഇങ്ങനെ യാതൊരടുക്കും ചിട്ടയുമില്ലതെ എന്നു തൊന്നുന്ന മട്ടിലാണ് സംഭവങ്ങള്‍ ഭ്രമാത്മകമായ അന്തരീക്ഷത്തില്‍ ചിത്രീകരിക്കുന്നു., ഇതെല്ലം നോവല്‍ നല്‍കുന്ന അനുഭൂതിയുടെ തീക്ഷണത വര്‍ദ്ധിപ്പിക്കുന്നു. അത്യന്തം ശ്രദ്ധേയമായ ഒരു സംഭവമുണ്ട് ഈ കൃതിയില്‍. പെഡ്രോവിന്റെ ദീര്‍ഘകാലകാമുകിയായ സുസാനയുടെ ചരമമറിയിച്ചുകൊണ്ടുള്ള പള്ളി മണികള്‍ മുഴങ്ങി. ഒരു പള്ളിയിലെയല്ല, പെഡ്രോവിന്റെ പ്രതാപത്തിന്നനുസരിച്ചരീതിയില്‍, ആ പ്രദേസ്ശത്തെ എല്ലാ പള്ളികളിലെയും മണികള്‍. ആര്‍ക്കും ചെവികേള്‍ക്കാന്‍ പാടില്ലാത്ത വിധത്തില്‍ മൂന്നു ദിവസം അവ മുഴങ്ങിക്കൊണ്ടേയിരുന്നു. അതു കേട്ട് ചുറ്റിലുമുള്ള ഗ്രമവാസികള്‍ അവിടെ എത്തി ചേരുന്നു അവരെ പിന്തുടര്‍ന്ന്‌ സര്‍ക്കസ്സും ബാന്റുസഘവും, വഴിക്കച്ചവടക്കാരും, കോഴിപ്പോരുകാരും മറ്റും. ദുഃഖകരമായ ഒരു സന്ദര്‍ഭം അങ്ങനെ വബിച്ച ഒരുത്സവമായി മാറുന്നു. ഉത്സവത്തിനിടയില്‍ സുസാനയുടെ ശവസംസ്കാരം ആരും ശ്രദ്ധിച്ചതുമില്ല.ജീവിതത്തോടും മരണത്തോടും സ്വേഛാധിപത്യത്തോടും റൂള്‍ഫോവിന്നുള്ള നിലപാട് കറുത്തഹസ്യത്തില്‍ പൊതിഞ്ഞ്‌ ഈ സംഭവത്തില്‍ തെളിഞ്ഞു കാണാം. അദ്ദേഹത്തിന്റെ ജീവിതദര്‍ശനത്തിലേക്കുള്ള ഒരു ചൂണ്ടുപലകയാണിത്‌. എതളുവുകോലുവെച്ചളന്നാലും ഒരു മാസ്റ്റര്‍ പീസാണ് പെഡ്രോപരാമോ. അതിന്റെ രചനയ്ക്കു പിറകില്‍ ദൃശ്യമായ ഗഹനമായ ചിന്തയും അനവദ്യമായ ശില്പബോധവും നിസ്തുലമാണ്.





🌈 ലോക സാഹിത്യ വേദിയിൽ വായനാനുഭവങ്ങൾ പങ്കുവെയ്ക്കപ്പെടും എന്നു പ്രതീക്ഷിച്ചു കൊണ്ട്🙏


****************************************************
****************************************************


ശ്രദ്ധേയമായ അഭിപ്രായങ്ങള്‍

പെഡ്രോ പരാമോ വായിച്ച് ഉറക്കം നഷ്ടപ്പെട്ടിരുന്നു.. മരിച്ചവരുടെ നഗരവും സുസാനേ എന്നുള്ള പെഡ്രോയുടെ മന്ത്രണവും വിഹ്വലതകളോടൊപ്പം നല്ലൊരു വായനാനുഭവവും സമ്മാനിച്ചു. മാജിക്കൽ റിയലിസം തന്നെയാണ് ഏകാന്തതയുടെ നൂറു വർഷങ്ങളെപ്പോലെ.

നല്ലൊരു വായനാനുഭവം തരുന്ന നോവൽ.... കൊമാല എന്ന സാങ്കൽപ്പിക ഗ്രാമം അത്ഭുതപ്പെടുത്തി.എച്ചിക്കാനത്തിന് 'കൊമാല 'എങ്ങനെ കിട്ടി എന്നറിയില്ലായിരുന്നു.. :റുൾഫോ യെ പരിചയപ്പെടുന്നവരെ .

* പെഡ്രോ പരാമോ വായിച്ചിട്ടില്ല. വായിച്ചവരുടെ കുറിപ്പുകളിൽ നിന്ന് ഞാൻ കരുതിക്കൂട്ടി ഉണ്ടാക്കിയ ഒരു കൊമാല മാത്രമേ മനസ്സിലുള്ളൂ.

എച്ചിക്കാനം പറഞ്ഞത് തന്റെ കഥയുടെ പശ്ചാത്തലം താനനുഭവിച്ച ജീവിച്ച ഗ്രാമീണ ജീവിതമാണ്. അതിന് വന്ന മാറ്റമാണ് എന്നാണ്. മനുഷ്യത്വം മരിച്ച കാലത്തേയും ദേശത്തേയും ജനതയേയും അടയാളപ്പെടുത്താൻ ' കൊമാല 'ഉപയോഗിച്ചതേ ഉള്ളുവെന്ന്. റുൾഫോയുടെ സ്വാധീനം ആ കഥയിലില്ലെന്നും.
..
ഒരു ദേശം, ഒരു ജനത, ഒരു സംസ്കാരം മുഴുവനായി ആചാരങ്ങളും അന്ധവിശ്വാസങ്ങളും മിത്തുകളും എല്ലാം കടന്നു വന്നിരുന്ന ഒരു സാഹിത്യ വഴി ഇന്നന്യമാവുന്നുണ്ടോ? അതിരാണിപ്പാടം, ഖസാക്ക് ,തട്ടകം, ഡി, തക്ഷൻ കുന്ന്, കോട്ടൂര്, പാലേരി ഒക്കെ മുന്നിലുണ്ടെന്ന് മറക്കാതിരിക്കുമ്പോഴും ....ചില പുസ്തകങ്ങൾ അങ്ങനെയാണ്. വായിച്ചില്ലെങ്കിൽപ്പോലും വായിച്ചെന്നു സങ്കല്പിച്ചു കളയും. കുറേനാൾ കഴിയുമ്പോൾ വായിച്ച പുസ്തകങ്ങളുടെ കൂട്ടത്തിൽ അതിനെക്കൂടി ചേർത്തുകളയും. ക്രിസ്ത്യാനികളോട് ബൈബിൾ വായിച്ചിട്ടുണ്ടോ എന്നു ചോദിച്ചാൽ, "പിന്നേ, എത്രയോ തവണ" എന്നു പറയുന്നതുപോലെ തന്നെ.  രസകരമായ കാര്യം, ബൈബിൾ വായിച്ചതായി വിശ്വാസികൾ സ്വയം വിശ്വസിച്ചു കളയുകയും ചെയ്യുമെന്നതാണ്. മലയാളം അധ്യാപകരോട് അധ്യാത്മരാമായണം വായിച്ചിട്ടുണ്ടോ എന്നു ചോദിച്ചാലും മേൽപ്പറഞ്ഞതു തന്നെയാകും ഫലം. പിന്നെ, മലയാളം അധ്യാപകർക്ക് മറ്റൊരു ഗുണം കൂടിയുണ്ട്. ഏതെങ്കിലുമൊരു പുസ്തകം വായിച്ചിട്ടില്ലെങ്കിൽപ്പോലും അത് ഒരിക്കലും വിട്ടുപറയില്ല.