01-08-2017

കാഴ്ചയിലെ വിസ്മയം

സുഹൃത്തുക്കളേ ..
ദൃശ്യകലയുടെ വരമൊഴിയിണക്കത്തിന്റെ മുപ്പത്തിയാറാം ഭാഗമായി നമ്മളിന്നു പരിചയപ്പെടുന്നു  കാള കളി. അഥവാ കാളവേല
ഒരേ സമയം വിനോദമായും അനുഷ്ഠാനമായും ആഘോഷങ്ങളുടെ ഭാഗമായും പ്രചാരമുള്ള ഒരു കേരളീയദൃശ്യകലാ രൂപം .
അഭിപ്രായങ്ങളും  കൂട്ടിച്ചേർക്കലുകളും  പ്രതീക്ഷിക്കുന്നു..
*********************************************************************************

കൃഷിയുമായി ബന്ധപ്പെട്ട നിരവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രചാരത്തിലുണ്ട്. മണ്ണിനോടും ജീവജാലങ്ങളോടും ഉള്ള ആരാധനയും വിധേയത്വവും നിഴലിക്കുന്നവയാണ് ഈ അനുഷ്ഠാനങ്ങള്‍.

ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ചാണ് കാളവേല അരങ്ങേറുന്നത്. കാളയുടെ രൂപം മരം, തോല്, മുള, മരക്കൊമ്പ്, തുണി, വൈക്കോല്‍ തുടങ്ങിയവകൊണ്ട് രൂപപ്പെടുത്തിയെടുക്കുന്നു. പലതരം അലങ്കാരങ്ങളും ഈ രൂപത്തില്‍ ചെയ്യാറുണ്ട്. പ്രാദേശിക വ്യത്യാസങ്ങള്‍ക്കനുസരിച്ച് കാളയുടെ രൂപത്തിലും അലങ്കാര പണികളിലും വ്യതിയാനങ്ങള്‍ കാണാം. അലങ്കരിച്ച കാളരൂപത്തെ വിവിധ ദേശവാസികള്‍ കെട്ടുകാഴ്ചയായി എഴുന്നള്ളിക്കും. ഉത്സവത്തിന്റെ ഭാഗമായുള്ള ചടങ്ങുകള്‍ക്കൊപ്പം പരിസരപ്രദേശങ്ങളിലേക്കും "കാഴ്ച"കൊണ്ടുപോവും. കെട്ടുകാഴ്ചയോടൊപ്പം വാദ്യമേളങ്ങളും അണിനിരക്കാറുണ്ട്.

കാളവേലയോട് സാമ്യതയുള്ള നിരവധി കലാരൂപങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രചാരത്തിലുണ്ട്. മദ്ധ്യതിരുവിതാംകൂറിലെ മറുതാച്ചിനട, പാലക്കാട് പ്രദേശത്തെ കാളക്കെട്ട്, ഉത്തരകേരളത്തിലെ എരുതുകളി, മൂരിക്കെട്ട്തുടങ്ങിയ കലാരൂപങ്ങള്‍ ഇത്തരത്തിലുള്ളവയാണ്.                

വള്ളുവനാടിന്റെ മണ്ണില്‍ മകരമാസം തുടങ്ങുന്നതോടെ ആര്‍പ്പുവിളികളും പുത്തരിച്ചോറും പഴയകാല അനുഭവങ്ങളുടെ നേര്‍ച്ചിത്രമാണ്‌. വള്ളുവനാട്ടില്‍ പണ്ടുമുതല്‍ തന്നെ ക്ഷേത്ര ഉത്സവങ്ങളും ക്ഷേത്ര ആചാരങ്ങളുമെല്ലാം കാര്‍ഷിക മേഖലയെ ആശ്രയിച്ചായിരുന്നു.
കൃഷിരീതികളും കൃഷിക്ക്‌ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരുന്നതുമായ ആയുധങ്ങളേയും മൃഗങ്ങളേയും ഇവിടെയുള്ളവര്‍ ആരാധിച്ചുപോന്നു. കൃഷിയാവശ്യത്തിന്‌ ഉപയോഗിച്ചിരുന്ന ഇണക്കാളകള്‍ അങ്ങിനെയായിരിക്കാം ഈശ്വരസങ്കല്‍പത്തിനു മുന്നില്‍ ആരാധനാപാത്രങ്ങളാവുന്നത്‌. അവരുടെ അന്നവും നിലനില്‍പും ഒരുകാലത്ത്‌ ഈ മൃഗങ്ങളുടെ ദാനവും അധ്വാനവുമായിരുന്നു. അതുകൊണ്ട്‌ പൊന്‍കതിര്‍ കൊയ്‌തെടുക്കുന്ന സമയത്തുതന്നെ തട്ടകത്തെ ഭഗവതിക്ക്‌ കാണിക്കയായി കാളക്കോലങ്ങളെ എഴുന്നള്ളിച്ചു തുടങ്ങി. കലപ്പയും നുകവും ചിതലരിച്ചു പോയെങ്കിലും ആ ഓര്‍മകളില്‍ കാളക്കോലങ്ങള്‍ ഭഗവതിയുടെ തിരുമുറ്റത്ത്‌ നില്‍ക്കുമ്പോള്‍ മണ്ണിനേയും മനുഷ്യരേയും സ്‌നേഹിക്കുന്ന പഴയ തലമുറയ്‌ക്ക് തെല്ല്‌ ആശ്വസിക്കാം. 'കാളവേല' എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌.

കന്നുപൂട്ടലിനുപയോഗിക്കുന്ന കാളയുടേയും മറ്റ് കാലികളുടേയും ഐശ്വര്യത്തിനും ഇവയ്ക്ക് രോഗം വരാതിരിക്കാനും നടത്തുന്ന ഒരു വഴിപാടാണ് കാളവേല.കേരളത്തിലെ ഗതകാല കാർഷിക സംസ്കൃതിയുടെ ഭാഗമായ ഒരു ഒരുത്സവമാണിതും. ആദ്യകാലങ്ങളിൽ കർഷകർ; തങ്ങളുടെ വിളകളേയും കാലികളേയും സംരക്ഷിച്ചിരുന്ന കാവിലെ ദേവിയെ സന്തോഷിപ്പിക്കാനായി കാളകളുടേയും മറ്റും രൂപം കെട്ടിയുണ്ടാക്കി കാവുകളിൽ സമർപ്പിക്കുന്ന ആചാരമായിട്ടാണ് ഇത് തുടങ്ങിയതെന്ന് കരുതപ്പെടുന്നു. ഈ ആചാരം കാലാന്തരത്തിൽ രൂപഭേദങ്ങൾ വന്ന് എന്നു കാണുന്ന രീതിയിലെ കാളവേലയായി പരിണമിച്ചെന്നും കരുതപ്പെടുന്നു.ക്ഷേത്രോത്സവനാളിൽ വീടുകളിൽ മരവും വൈക്കോലും കൊണ്ട് കാളയുടെ കൂറ്റൻ രൂപങ്ങളുണ്ടാക്കുന്നു. കോടിമുണ്ട് പൊതിയുന്ന ഈ രൂപത്തെ തോളിലേറ്റി ചെണ്ടക്കാരുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തി ദേവതയ്ക്ക് നടയ്ക്ക് വയ്ക്കുന്നതാണ് വഴിപാട്.

മരത്തിന്റെ ചട്ടത്തില്‍ വൈക്കോല്‍ പൊതിഞ്ഞുകൊണ്ട്‌ കാളക്കോലങ്ങളെ നിര്‍മിക്കുന്നു. വര്‍ണമുള്ള തുണികൊണ്ട്‌ അലങ്കരിച്ച്‌ മരം കൊണ്ടു നിര്‍മിച്ച തല ഉറപ്പിക്കുന്നു. ഗ്രാമപ്രദേശങ്ങളില്‍ നിന്ന്‌ അമ്മയുടെ മുന്നിലേക്ക്‌ തോളിലേറ്റി ആപ്പുവിളികളോടെയാണ്‌ കാളക്കോലങ്ങളെ കൊണ്ടുചെല്ലുന്നത്‌.
മകര സംക്രമം തൊട്ട്‌ ക്ഷേത്രോത്സവച്ചടങ്ങുകള്‍ നടക്കുന്ന വള്ളുവനാട്ടിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ്‌ ചെര്‍പ്പുളശേരി പുത്തനാല്‍ക്കല്‍ ഭഗവതീക്ഷേത്രം. ചെര്‍പ്പുളശേരി നഗരത്തില്‍ സ്‌ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ ഭഗവതി അരയാലിന്‍ ചുവട്ടിലാണ്‌ കുടികൊള്ളുന്നത്‌. ക്ഷേത്രത്തിന്റെ ഉള്ളില്‍ തന്നെയാണ്‌ വലിയ അരയാല്‍ നില്‍ക്കുന്നത്‌ എന്നതും അത്ഭുതം തന്നെ. ആലിന്‌ ചുറ്റും ക്ഷേത്രം നിര്‍മിച്ചതാണെന്നു പറയാം.
സംസ്‌ഥാന പാതയ്‌ക്കു സമീപമുള്ള ഈ ക്ഷേത്രത്തിന്റെ ഐതിഹ്യകഥ ഇങ്ങനെ പറയുന്നു. അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിലമ്മയുടെ ഭക്‌തനായിരുന്ന ചെര്‍പ്പുളശേരി സ്വദേശിയായ ബ്രാഹ്‌മണന്‍ നടന്നുപോയി അമ്മയെ ദര്‍ശിക്കുക പതിവായിരുന്നു. ബ്രാഹ്‌മണന്‌ നടന്നുപോകാന്‍ കഴിയാത്ത അവസ്‌ഥയില്‍ അദ്ദേഹം ഒരുദിവസം വഴിയാത്രയ്‌ക്കിടയില്‍ ആല്‍ചുവട്ടില്‍ വിശ്രമിക്കാനിരുന്നതാണത്രേ. എഴന്നേറ്റു നടക്കാന്‍ പ്രയാസപ്പെട്ട വൃദ്ധ ബ്രാഹ്‌മണന്‌ തിരുമാന്ധാംകുന്നിമലമ്മ ദര്‍ശനം നല്‍കിയെന്നും ഇവിടെ കുടിയിരുത്താന്‍ അരുളപ്പാട്‌ ഉണ്ടായെന്നും ഐതിഹ്യങ്ങളില്‍ പറയുന്നു. അങ്ങനെ തട്ടകത്തിന്റെ അമ്മയായി തിരുമാന്ധാംകുന്നിലമ്മ പുത്തനാല്‍ക്കല്‍ അമ്മയായി ദര്‍ശനമരുളുന്നു.

ധനുമാസം കഴിഞ്ഞ്‌ മകരസംക്രമ ദിനത്തില്‍ കൊയ്‌തെടുത്ത നെല്‍കതിരുകള്‍ വളയരൂപത്തില്‍ കെട്ടി മുളയില്‍ കോര്‍ത്തുകൊണ്ട്‌ അമ്മയുടെ മുന്നില്‍ സമര്‍പ്പിക്കുന്നതാണ്‌ മറ്റൊരു ചടങ്ങ്‌. പിന്നീട്‌ ഓരോ ദിവസവും കമ്പരാമായണത്തെ അടിസ്‌ഥാനമാക്കി കൂത്തുമാടത്തില്‍ തോല്‍പാവക്കൂത്ത്‌ അരങ്ങേറും. തോല്‍പാവക്കൂത്ത്‌ കലാകാരന്മാരില്‍ ഇന്ന്‌ ശ്രദ്ധേയനായ കൂനത്തറ വിശ്വനാഥപ്പുലവരാണ്‌ പാവക്കൂത്ത്‌ അവതരിപ്പിക്കുന്നത്‌.
മകരമാസം അവസാന ദിവസമാണ്‌ കാളവേലയായി ആഘോഷിക്കുന്നത്‌. ചുറ്റുപാടുമുള്ള ഗ്രാമങ്ങളില്‍ നിന്ന്‌ അമ്മയുടെ മക്കള്‍ കാളക്കോലങ്ങളുമായി വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ തിരുമുറ്റത്തെത്തും. ഉത്സവപ്പറമ്പില്‍ കാളക്കോലങ്ങള്‍ക്ക്‌ ഇരിക്കാന്‍ പ്രത്യേക സ്‌ഥാനവുമുണ്ട്‌. അവിടെ വരിവരിയായി ചിട്ടയോടെ നിലകൊള്ളുന്നു. നയനാനന്ദകരമായ ഈ കാഴ്‌ച കാണാന്‍ ആയിരങ്ങളാണ്‌ എത്തുന്നത്‌. രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഭഗവതിയുടെ തിരുമുറ്റത്ത്‌ ചെന്ന്‌ തൊഴുത്‌ ചെറുമക്കളിയും താലപ്പൊലിയുമായി ഉത്സവം സമാപിക്കുന്നു.പാലക്കാടിന്റെ മണ്ണ്‌ നെല്‍ക്കൃഷിക്ക്‌ വളരെ യോജിച്ചതായിരുന്നു. കൂടുതല്‍ പേരും കൃഷിയെ ആശ്രയിച്ച്‌ ജീവിക്കുന്നവര്‍. പാടത്ത്‌ പൊന്‍ വിളയിച്ച്‌ പുന്നെല്ലുകൊണ്ട്‌ പുത്തരിയുണ്ടാക്കി തട്ടകം മുഴുവന്‍ കാക്കുന്ന അമ്മയ്‌ക്ക് നിവേദിക്കുമ്പോള്‍ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം എത്ര വിലപ്പെട്ടതാണെന്ന്‌ തോന്നിപ്പോകും.

കഴുത്തിലോരോ ബലൂണ്‍ കെട്ടിത്തൂക്കി എന്ന അപരാധമൊഴിച്ചാല്‍ മരക്കഷ്ണവും കുരുത്തോലയും ഉണ്ണിപ്പിണ്ടിയും മുണ്ടും കാളയുടെ മുഖവും ചേര്‍ന്ന തനി നാടന്‍ രൂപം.

ഇത് കാളകളി. കാളകെട്ട് എന്നൊക്കെ പറയും. മലബാറിന്റെ തെക്കേ അറ്റത്തും തൃശൂര്‍ ജില്ലയുടെ വടക്കന്‍ ഭാഗങ്ങളിലും ഉള്ള ആചാരമാണ്. കന്നുകാലികളുടെ ആരോഗ്യത്തിന് വേണ്ടി അവയുടെ രൂപം കെട്ടി ആടിക്കുന്നതാണ് രീതി.

ഇത് ചെറിയ കാളകളാണ്. രണ്ടടിയില്‍ താഴെ പൊക്കം വരും. ഈ രൂപങ്ങള്‍ ഒരാള്‍ എടുത്ത് ആര്‍പ്പുവിളികളോടെ കളിക്കുന്നു. വലിയ കാളകളാണെങ്കില്‍ അവ ഇരട്ടക്കാളകളായാണ് നിര്‍മിക്കുക. സാധാരണ കാളകളുടെ വലുപ്പം ഏതാണ്ടുണ്ടാവും. നാലോ അതിലധികമോ ആള്‍ക്കാരുണ്ടാവും അപ്പോള്‍.

സാധാരണനിലയ്ക്ക് പറയജാതിക്കാരാണ് ഈ ആചാരം കൊണ്ടാടുന്നത്.  എന്നാല്‍ ഇതിന്റെ വലിയ വലിയ രൂപങ്ങള്‍, റെഡിമേഡ് രൂപങ്ങള്‍ ഇപ്പോള്‍ വരികയും ജാതിഭേദമന്യേ കാളകളിയെ ആഘോഷമാക്കുകയും ചെയ്തിട്ടുണ്ട്.


ഓച്ചിറ കാളകെട്ട്

കാളവേല, കാളകളി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന കാളകെട്ട് എന്ന അനുഷ്ഠാനം സാധാരണയായി ഭഗവതിക്കാവുകളിലെ ഉത്സവങ്ങളോടനുബന്ധിച്ചാണ് അവതരിപ്പിക്കപ്പെടാറുള്ളത്. ഒരു കാര്‍ഷികോത്സവം കൂടിയാണിത്.

മരം കൊണ്ടുണ്ടാക്കിയ മുഖവും, മുളയുടെയോ കമുകിന്റെയോ ചെറിയ ചീളുകള്‍ കൊണ്ട് നിര്‍മ്മിച്ച് വൈക്കോല്‍ പൊതിഞ്ഞശേഷം തുണികൊണ്ടു മൂടികെട്ടിയ ശരീരവുമാണ് കാളകള്‍ക്കുള്ളത്. പല വിധത്തില്‍ അലങ്കരിച്ച് മാലയുമണിയിച്ച് വലിയതണ്ടില്‍ വെച്ചു പിടിപ്പിച്ച ഇരട്ടകാളകളും ചെറിയ കാളകളുമൊക്കെ വേലകളില്‍ അവതരിപ്പിക്കപ്പെടാറുണ്ട്. തണ്ടില്‍ വെച്ചു പിടിപ്പിച്ച വലിയ കാളകളെ അനവധി പേര്‍ ചേര്‍ന്ന് ചുമന്നാണ് കാവിലെത്തിക്കുന്നത്. വലിയ ആര്‍പ്പുവിളികളും വാദ്യഘോഷങ്ങളും അകമ്പടി സേവിച്ചാണ് കാളയെഴുന്നള്ളിപ്പ്. ചെണ്ട, ഇലത്താളം, തുടി, തുടങ്ങിയ വാദ്യോപകരണങ്ങളാണ് കാളവേലകളില്‍ ഉപയോഗിക്കുന്നത്.                
ഇരുപത്തെട്ടാം ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ നടക്കുന്ന ഒരു ആഘോഷമാണ് കാള കെട്ട്. ഒരു ജോടി കാളകളുടെ രൂപങ്ങള്‍ കെട്ടിയുണ്ടാക്കി അതിനെ ഓച്ചിറ ക്ഷേത്ര പരിസരത്ത് നിരത്തി വച്ചാണ് ആഘോഷം. കെട്ടിയുണ്ടാക്കുന്ന കാളരൂപങ്ങളെ കെട്ടുകാളകള്‍ എന്നു പറയും. ഓണാട്ടുകരയിലെ 52 കരക്കാരുടെ വകയായാണ് ഓരോ കാളയും നിരത്തുന്നത്.

ഓരോ കരക്കാരും മത്സരബുദ്ധിയോടെ കാളകളെ അണിയിച്ചൊരുക്കുകയും ചെണ്ട-പഞ്ചാരി-പാണ്ടി മേളങ്ങളും മറ്റുമായി ആഘോഷപൂര്‍വ്വം ക്ഷേത്രത്തിലേക്ക് ആനയിച്ചു കൊണ്ടു വരികയും ചെയ്യും. കാളകള്‍ക്ക് മത്സരത്തിന്റെ രീതിയില്‍ സമ്മാനം കൊടുക്കുന്ന പതിവും ഉണ്ട്.

കാര്‍ഷികാഭിവൃദ്ധിക്കായി നടത്തുന്നതാകയാല്‍ കര്‍ഷകതൊഴിലാളികളാണ് കൂടുതലും കാളകെട്ട് അവതരിപ്പിക്കുന്നത്.

കാളകളിയോട് സാമ്യമുള്ള അത്യുത്തരകേരളത്തിലെ കലാരൂപമാണ് എരുതുകളി
മാവിലരുടെ ഏരുതുകളി

അത്യുത്തര കേരളത്തില്‍ എരുത്  എന്നാല്‍ വലിയ കാള എന്നാണര്‍ത്ഥം. തുലാപ്പത്തിന് മാവിലര്‍  തങ്ങളുടെ ഗ്രാമപ്രവിശ്യയില്‍ നടത്തുന്ന ഒരു വിനോദ കലാരൂപമാണ്  എരുതുകളി. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ മലയോര പ്രദേശത്താണ് മാവിലര്‍ താമസിക്കുന്നത്.

എടുപ്പുകാളയാണ് എരുതുകളിയിലെ പ്രധാന കഥാപാത്രം. മുളം കമ്പുകളും വൈക്കോലും തുണിയും മരത്തലയും കൊണ്ട് തീര്‍ക്കുന്നതാണ് എടുപ്പു കാള. വാദ്യങ്ങളായി ചെണ്ടയും ചിപ്പിലയും ഉപയോഗിക്കും. വാദ്യത്തിനനുസരിച്ച് പാട്ടും നൃത്തവും ഉണ്ട്. കാളയേയും വഹിച്ച് താളനിഷ്ഠയോടെ ആടിപ്പാടി മാവിലര്‍ വീടുകള്‍ തോറും കയറി ഇറങ്ങും. കളിക്കാര്‍ക്ക്  വീട്ടുകാര്‍ സമ്മാനങ്ങളും നല്‍കും തുലാ മാസം പത്തിന് തുടങ്ങുന്ന കളി കുറേ ദിവസങ്ങളോളം നീണ്ടു നില്‍ക്കും.




കേരളത്തിന്റെ നാടോടിക്കലാരംഗത്ത്‌ സ്‌ത്രീസാന്നിധ്യം സജീവമാണ്‌. എന്നാല്‍ ഈ സാന്നിധ്യം എപ്പോഴും കലയുടെ രംഗാവിഷ്‌കരണവുമായി നേരിട്ടു ബന്ധപ്പെട്ടതാണ്‌ എന്നുപറയാനാകില്ല. പ്രത്യക്ഷവും പരോക്ഷവുമായ രീതികളിലാണ്‌ അവരുടെ പങ്കാളിത്തവും സാന്നിധ്യവും അവയില്‍ കടന്നുവരുന്നത്‌. കേരളത്തില്‍ രൂഢമായ അമ്മദൈവാരാധനയുമായി ബന്ധപ്പെട്ട അനുഷ്‌ഠാനങ്ങളിലും വിനോദപരമോ തൊഴില്‍പരമോ ആയ കലകളിലും സ്‌ത്രീയുടെ സ്വത്വപരമായ ഉള്‍പ്പെടല്‍ കാണാനാകും. ഉര്‍വരതയുടെയോ പ്രകൃതിയുടെയോ സമൃദ്ധിയുടെയോ പ്രതീകമായി നാടന്‍കലകളില്‍ സ്‌ത്രീ ആദരിക്കപ്പെടുകയോ ആരാധിക്കപ്പെടുകയോ ചെയ്യുന്നുണ്ട്‌. അവയില്‍ പലതിലും സ്‌ത്രീ അമ്മയും ദേവിയുമാണ്‌. സംരക്ഷണത്തിന്റെയും സംഹാരത്തിന്റെയും ദുഷ്‌ടതാനിവാരണത്തിന്റയും ഒക്കെ ഭിന്നമുഖങ്ങള്‍ അവള്‍ക്കായി കല്‌പിക്കപ്പെട്ടിട്ടുണ്ട്‌. കാളിയും ദുര്‍ഗയും ലക്ഷ്‌മിയും സരസ്വതിയും ഭൂമിയും പ്രകൃതിയും തുടങ്ങി സൃഷ്‌ടിയുടെ കേന്ദ്രസ്ഥാനത്തുവരെ അവള്‍ പ്രതിഷ്‌ഠിക്കപ്പെട്ടിട്ടുണ്ട്‌. പ്രാചീനകാലം മുതലുള്ള മനുഷ്യന്റെ കൂട്ടായ്‌മകള്‍ക്കുള്ളിലെ കലകളിലും വാങ്‌മയങ്ങളിലും ഇടം ലഭിച്ച സ്‌ത്രീയുടെ ചിത്രം അത്യന്തം മഹത്ത്വമാര്‍ന്നതാണ്‌. സ്‌ത്രീയെ വിഭിന്ന ഭാവങ്ങളില്‍ നിര്‍ത്തി അര്‍ച്ചന ചെയ്യുന്നതില്‍ സമൂഹം എന്നും ജാഗ്രത പുലര്‍ത്തിയിരുന്നു. എന്നാല്‍ ഇതില്‍നിന്നും തികച്ചും വ്യത്യസ്‌തമായ ഒരവസ്ഥയായിരുന്നു സമൂഹജീവിതത്തില്‍ നിലനിന്നത്‌. വാസ്‌തവത്തില്‍ ഇവിടുത്തെ സ്‌ത്രീകള്‍ക്കുമുന്നില്‍ രണ്ടുതരം അനുഭവങ്ങളാണ്‌ നിലനില്‌ക്കുന്നത്‌. ഒന്ന്‌ തങ്ങള്‍ക്കുമുന്നില്‍ ആരാധനാമൂര്‍ത്തികളായി നിലകൊള്ളുന്ന സ്‌ത്രീബിംബങ്ങള്‍. രണ്ട്‌ പ്രായോഗികജീവിതത്തില്‍ അടിച്ചമര്‍ത്തപ്പെട്ട യഥാര്‍ത്ഥാനുഭവം. ജാതിപരമായ വിവേചനം ഭൂരിഭാഗം ജനങ്ങള്‍ക്കും അനുഭവിക്കേണ്ടിവന്നിരുന്നു എന്ന യാഥാര്‍ത്ഥ്യം നിലനില്‌ക്കെത്തന്നെ എല്ലാ വിഭാഗങ്ങളിലുമുള്ള സ്‌ത്രീകള്‍ മൊത്തത്തില്‍ത്തന്നെ വിവേചനത്തിന്‌ വിധേയരായിരുന്നു. എന്നാല്‍ തൊഴില്‍ചെയ്‌ത്‌ ജീവിതം മുന്നോട്ടുനീക്കിയ വിഭാഗങ്ങള്‍ക്കിടയിലെ സ്‌ത്രീകള്‍ അവരുടെ പുരുഷന്മാര്‍ക്കൊപ്പം കലാപ്രകടനങ്ങളില്‍ പങ്കുകൊണ്ടു. മാത്രമല്ല അവര്‍ അവരുടേതുമാത്രമായ കലാവിഷ്‌കാരങ്ങളും നിര്‍വഹിച്ചു. നാടോടിക്കലാരൂപങ്ങള്‍ പരിശോധിക്കുമ്പോള്‍ സ്‌ത്രീകളുടെ കൂട്ടായ്‌മയും ആവിഷ്‌കാരവും പ്രകടമാകുന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ കാണാനാകും. കേരളത്തിലെ കലാരൂപങ്ങളുടെ പരിശോധനയില്‍നിന്ന്‌ വെളിപ്പെടുന്ന പ്രധാനപ്പെട്ടൊരു കാര്യം ക്ലാസ്സിക്കല്‍ കലാരൂപങ്ങളിലുള്ളതിനേക്കാള്‍ സ്‌ത്രീസാന്നിധ്യം നാടന്‍കലകളിലുണ്ട്‌ എന്നതാണ്‌. ഇതിന്‌ ഇവിടുത്തെ സാമൂഹികജീവിതം തന്നെയാണ്‌ കാരണം