14-08-2017

സർഗസംവേദനം - അവതരണം അനില്‍ മാഷ്

സർഗസംവേദനത്തിലേക്ക് സ്വാഗതം..🙏🏻
ഒറ്റക്കഥാപഠനം


☘☘☘☘☘
ഉയിരെഴുത്ത് -വി.ജെ ജയിംസ്

വി.ജെ ജയിംസ് കൃതികൾ
.................
പുറപ്പാടിന്റെ പുസ്‌തകം
ദത്താപഹാരം
വ്യാകുലമാതാവിന്റെ കണ്ണാടിക്കൂട്‌ (കഥാ സമാഹാരം)
ലെയ്‌ക്ക
ദത്താപഹാരം
ഭൂമിയിലേക്കുളള തുരുമ്പിച്ച /വാതായനങ്ങൾ (കഥാവർഷം വർത്തമാനം)
ചോരശാസ്‌ത്രം
ശവങ്ങളിൽ പതിനാറാമൻ (കഥാ സമാഹാരം)
നിരീശ്വരൻ


 സൈബർ പശ്ചാത്തലത്തിലുള്ള കഥയാണ് ഉയിരെഴുത്ത്. മൃത്യു ബോധമാണ് ഈ കഥയിലെ പ്രമേയം.

 ചിരഞ്ജീവി മാത്രമാണിതിലെ കഥാപാത്രം. കുടുംബ സൂചനകൾ ആനുഷംഗികമായി കടന്നു വരുന്നു എന്നുമാത്രം.

ചിരഞ്ജീവി എന്ന പേര് ഇട്ടത് സിനിമാ നടനോടുള്ള അരാധന മൂലമാണന്ന്  മാധവൻ എന്ന കമ്യൂണിസ്റ്റ്കാരനായ അച്ഛൻ. ആ പേര് കഥയെ ആകെ നിർണ്ണയിക്കുന്നുണ്ട്. മുഖപുസ്തകത്താളിലൂടെ സുക്കർ സായ്വ് പ്രചരിപ്പിക്കുന്ന ഫലിതകേളികളിൽ  ചിരഞ്ജീവി ഭാഗഭാക്കാകുന്നതാണ് കഥയിലെ പ്രധാന സംഭവം. അവിടുന്നയാൾ മരണമാപിനി (ഡെത്ത് മീറ്റർ) എന്ന വിശേഷപ്പെട്ട സൈറ്റിലേക്ക് വലതുകാൽ വച്ച് കയറുന്നു. മരണ സമയം കൃത്യമായി പ്രവചിക്കുന്ന മരണ മാപിനി.

ഡിഗ്രി എക്സാം എഴുതുന്നതിനേക്കാൾ   അവധാനതയോടെ ചോദ്യങ്ങൾ ഓരോന്നായി പൂരിപ്പിച്ച് കഴിഞ്ഞപ്പോൾ എത്ര നാൾ ബാക്കിയുണ്ടെന്ന ഉത്തരം കിട്ടുന്നു. 2059 മാർച്ച് 18.

തന്റെ ആയുസ്സ് കൂട്ടാനുള്ള വിചാരങ്ങളോട് പൊരുതി നടക്കുന്ന കാലം ചിരഞ്ജീവി കണ്ണൂരിലെ നാട്ടു നന്മക്ക് മേൽ വീണ ഒരു ബോംബ് സ്ഫോടനത്തിൽ നിന്നും അതിന് ശേഷം  ആർക്കോ വച്ച കൊട്ടേഷനിൽ നിന്നും കഷ്ടിച്ച് രക്ഷപെടുന്നു. സ്വന്തം കൈപ്പിടിയിൽ എന്നഹങ്കരിച്ചിരുന്ന ജീവിതത്തിന് വെളിയിലാണ് ഓരോരുത്തരുടെയും സ്ഥാനമെന്ന് ചിരഞ്ജീവിക്ക് സമ്മതിക്കേണ്ടി വന്നു.

അന്നു കുടുംബത്തോടപ്പം കിടന്നുറങ്ങുമ്പോൾ അദ്ദേഹം മരിക്കുന്നു. മരണത്തെക്കുറിച്ചാലോചിക്കാതെ ശാന്തമായ ഉറക്കത്തിൽ സുഖമരണം.

ആഖ്യാനം
പുതുമയുള്ള കഥപറച്ചിൽ ഉയിരെഴുത്തിൽ ഇല്ലെന്ന് തന്നെ പറയാം. ഒരു ബയോഡേറ്റയിൽ തുടങ്ങി
റഫീക്ക് അഹമ്മദിന്റെ
'' മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിലിത്തിരി നേരമിരിക്കണേ'' എന്ന കവിതയിൽ അവസാനിക്കുന്നു ഈ കഥ. കഥാഖ്യാനത്തിൽ ബയോഡേറ്റയും കവിതയും സമകാലിക കഥാകൃത്താക്കൾ ഉപയോഗിച്ചിട്ടുണ്ട്. സൈബർ പശ്ചാത്തലം കഥയ്ക്ക് സമകാലിക  ഇഫക്ട്  നൽകുന്നു.

സൈബർ കഥ
സോഷ്യൽ മീഡിയയിലും ഇന്റർനെറ്റിലും നായകന്റെ അഡിക്ഷന്റെ പരിസരത്തുകൂടിയുള്ള സഞ്ചാരം,  ബസിലിരിക്കുമ്പോൾ പോലും ബോധ മനസ്സും അബോധ മനസ്സും നെറ്റിൽ ചുമടിറക്കി വയ്ക്കൽ , മുഖപുസ്തകത്തിലെ ഫലിത കേളികൾ, ലൈക്ക് ഷെയർ പരാമർശങ്ങൾ, ഫെയ്ക്ക് ഐഡി എന്നിങ്ങനെ ഈ കഥ സൈബർ കഥയുടെ നിർവ്വചനങ്ങൾ ഒത്തിണങ്ങുന്ന ഒന്നു തന്നെ.

സൈബർ ലോകത്തിൽ അഭിരമിക്കുന്നവർ അലസസുഖത്തിലാണ് എന്നും കഥാകൃത്ത് പറയുന്നത് ചിന്തിക്കേണ്ടത് തന്നെ. ഇന്നത്തെ യുവതയിൽ ചിലരെങ്കിലും അവരുടെ സാമൂഹ്യ പ്രവർത്തനം സോഷ്യൽ മീഡിയയിൽ മാത്രമാക്കുന്നതിനെ കഥ വിമർശിക്കുന്നു.

അധിനിവേശം
വിദേശാധിപത്യത്തിൽ നിന്നും ഭാരതം സ്വതന്ത്രമായി. എന്നാൽ ഇന്നും ബൗദ്ധികമായി അവർക്ക് അടിമയാണ് എന്ന് കഥയിൽ സൂചനയുണ്ട്.
''ഡോളർ കീശയിൽ വീഴാനുള്ള കോപ്പൊക്കെ നമ്മുടെ തന്നെ പുരാതന ഗ്രന്ഥങ്ങളിൽ നിന്ന് കോപ്പിയടിച്ച് നടത്തുന്നവനല്ലേ.'' എന്നു പറയുന്നിടത്ത് ഭാരതീയ പൈതൃകവും ബൗദ്ധിക അടിമത്തവും ചർച്ച ചെയ്യുന്നു.

മൃത്യുബോധം
മനുഷ്യന് എന്നും
മരണം ഒരു പ്രഹേളികയാണ്. ''ഏത് കൊടികെട്ടിയ യുക്തിവാദിയെയും ആണിയടിച്ച് തളയ്ക്കുന്ന തിരുനാമ പാലയാണ് മരണം. '' കഥ ഉയർത്തുന്ന ദാർശനിക തലവും ഇതാണ്

രാഷ്ട്രീയം
നക്സൽ നേതാവ് ആൾദൈവത്തെ ശരണം പ്രാപിച്ചതും കണ്ണൂർ രാഷ്ട്രീയവും കഥയിൽ അപഗ്രഥിക്കുന്നുണ്ട്. കഥയിലെ ചിരഞ്ജീവിയുടെ അച്ഛന് വരുന്ന മാറ്റം വിപ്ലവനേതാക്കളുടെ പതനത്തെ  ഓർമ്മിപ്പിക്കുന്നു. അരാഷ്ട്രീയ വാദം മതമൗലികവാദത്തെ വളർത്താൻ സാധ്യതയുണ്ട് എന്ന് കഥാകൃത്തുക്കൾ ചിന്തിക്കണം എന്നു പക്ഷമുണ്ട്.
കഥ അന്ധവിശ്വാസത്തെ പിന്താങ്ങുന്നില്ല എന്നതും എടുത്തു പറയേണ്ടതുണ്ട്.

സാമൂഹിക വിമർശനം
മനുഷ്യന്റെ ആയുസ് കുറയ്ക്കുന്ന ഓരോന്നും കഥ സൂചിപ്പിക്കുന്നുണ്ട്.
പരിസ്ഥിതിനാശം, വിഷലിപ്ത പച്ചക്കറികളുടെ ഉപയോഗം, ഫാസ്റ്റ്ഫുഡ്, മദ്യപാനം, നഗരവൽക്കരണം എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉള്ളിൽ കൊള്ളിക്കാൻ കഥാകൃത്തിന് കഴിഞ്ഞു.
(മാതൃഭൂമി  ആഴ്ചപ്പതിപ്പ് പുതിയ ലക്കം കഥ)

അനുബന്ധം:
സൈബർ കൃതികൾ
1. നൃത്തം (നോവൽ)
എം.ടി
2. വാർത്താളി - എം നന്ദകുമാർ
3. ചില പ്രിമോഡൽ ഇടപെടലുകൾ - വിനു എബ്രഹാം


അജീഷ് കുമാർ ടി.ബി.

***********************


**************
**************

അഭിപ്രായങ്ങള്‍:

അജീഷ് സാറിന്റെ ഒറ്റക്കഥാപഠനം പ്രത്യേകതകൾ ഉള്ളതാണ്; ആ പേര് പോലും.
ദിലീപ് ബാലകൃഷ്ണന്റെ യാത്രാവിവരണം ഒരു കുറിപ്പിന്റെ അവസ്ഥ മാത്രമേ ആകുന്നുള്ളൂ.

കഥ വായിച്ചു തുടങ്ങിയപ്പോൾ എം.മുകുന്ദന്റെ നൃത്തം എന്ന നോവലും ബാലചന്ദ്രൻ എന്ന കഥാപാത്രവും മനസിലേക്കെത്തി....ഒരു സാമ്യവും ഇല്ലെങ്കിലും.... സൈബർ പരിസരത്തിലെ ആദ്യ കൃതി (നോവൽ) എന്നുള്ളതല്ലാതെ...
ചിരഞ്ജീവി... കഥാപാത്രത്തിന്റെ പേര്...
മരണം അനിവാര്യമാണ് എന്ന ഓർമപ്പെടുത്തൽ...
അതിനെ അകറ്റാനുള്ള പരിശ്രമങ്ങൾ...
ഇന്റെർനെറ്റിൽ എരിച്ചുതീർക്കുന്ന സമകാലികജീവിതം....
      തന്റെ സ്വന്തം എന്ന് അഹങ്കരിക്കുന്ന ജീവിതം നമ്മുടെ കൈപ്പിടിയിലല്ല... മറ്റാരുടേയോ ഒക്കെ കൈക്കുള്ളിലാണ് എന്നതിരിച്ചറിവ്....
ആരുടെയൊക്കെയോ ശത്രുതയ്ക്കിരയായി തീരുന്ന നിരപരാധികൾ (സമകാലികരാഷ്ട്രീയം)....
ഇങ്ങനെ ഒട്ടനവധി ഓർമപ്പെടം ത്തലുകൾ....👍
കേരളീയർ ഫ്രീയായി കിട്ടുന്നതെങ്കിൽ മരണം പോലും സ്വീകരിക്കും... നമ്മുടെ സ്വാഭാവിക രീതിയെ പരിഹസിക്കൽ....👍...... ബയോഡേറ്റയിൽ തുടങ്ങി മരണത്തിൽ അവസാനിക്കുന്നജീവിതം....

വളരെ നല്ല ഒരു പ0നം തയ്യാറാക്കാൻ അജീഷിനു കഴിഞ്ഞു.( അജീഷ്എന്റെ സുഹൃത്ത്)......👍👌🌹
(മിനി താഹിര്‍)