15-08-2017

🍁🍁🍁🍁🍁🍁🍁
കാഴ്ചയിലെ വിസ്മയം...
🎉🎉🎉🎉🎉🎉🎉
ദൃശ്യകലയുടെ വരമൊഴിയിണക്കത്തിലേക്ക് സ്വാഗതം.... 
അവതരണം: പ്രജിത ടീച്ചർ

സുഹൃത്തുക്കളേ... ദൃശ്യകലയുടെ വരമൊഴിയിണക്കത്തിന്റെ മുപ്പത്തിയെട്ടാം ഭാഗമായി നമ്മളിന്നു പരിചയപ്പെടുന്നു

  കുതിരകളി/കുതിരവേല.
ഒരു അനുഷ്ടാന കലയാണ് കുതിരകളി. മുളകൊണ്ടും കുരുത്തോലകൊണ്ടും കുതിരയെ ഉണ്ടാക്കുന്നു. അതും ചുമലിലേറ്റിക്കൊണ്ട് താളത്തിനനുസരിച്ച് പാട്ടുപാടിക്കളിക്കും. സാധാരണയായി ചെറിയ ചെണ്ട വാദ്യോപകരണമായി ഉപയോഗിക്കുന്നു.

ചിനക്കത്തൂരിലെ കുതിരകളി

വളരെയധികം ചടങ്ങുകളോടും, കൃത്യതയോടെയും ആണ് ചിനക്കത്തൂരിലെ കുതിരകളി നടക്കാറുള്ളതു. കുംഭമാസത്തിലെ മകം നാളില്‍ ആണ് ചിനക്കത്തൂര്‍ പൂരം. പൂരം അന്ന് വൈകുന്നേരവും അടുത്ത ദിവസം രാവിലെയും ആണ് കുതിരകളി നടക്കാറുള്ളതു. സാമൂതിരി ആണ് ഈ കുതിരകളി തുടങ്ങിവെച്ചത് എന്നാണു പറയപ്പെടുന്നത്.

എട്ടു കുതിരകള്‍ വീതം കിഴക്കും, പടിഞ്ഞാറും ചേരിയില്‍ അണിനിരന്നാണ് കുതിരക്കളി നടക്കുന്നതു. ഈ കുതിരകള്‍ നാടുവാഴികളെ പ്രതിനിധാനം ചെയ്യുന്നു എന്നാണു സങ്കല്പം. രണ്ടു ചേരികളിലും പണ്ടാരക്കുതിരകള്‍ ഉണ്ടായിരിക്കും. പണ്ടാരകുതിരകളുടെ രൂപം മറ്റു നാടുവാഴി കുതിരകളില്‍ നിന്നും വിത്യാസം ആയി, കൂടുതല്‍ അലങ്കാരങ്ങളോടെ ആയിരിക്കും. പടിഞ്ഞാറേ ചേരിയിലെ പണ്ടാരക്കുതിര സാമൂതിരിയും, കിഴക്കന്‍ ചേരിയിലേത് "ഏറാള്പാടും" എന്നാണ് സങ്കല്പം. ഈ രണ്ടു പണ്ടാരക്കുതിരകളും ദേവിയെ തൊഴുതു പ്രധാനിയുടെ സ്ഥാനത്തു ഇരുന്നതിനു ശേഷം ആണ് കുതിരകളി തുടങ്ങുന്നത്.

നിരവധി ആളുകള്‍ താങ്ങി എടുത്തു വരുന്ന കുതിരകളെ ആരവങ്ങളോടെ ഭഗവതിയുടെ മുന്നില്‍ മേലേക്ക് എറിയുക. വളരെയധികം വാശിയും, വീറും ഇതില്‍ പ്രകടമായിരിക്കും. ഓരോ കുതിരയുടെ മേലെയും വിളക്കും പിടിച്ചു ഒരാള്‍ നില്‍ക്കുന്നുന്നുണ്ടായിരിക്കും. കുതിരകളെ ആകാശത്തോളം ഉയരത്തില്‍, ആരവങ്ങളോടെ എടുത്തെറിയപ്പെടുമ്പോള്‍ അതിനു മേലെ നില്‍ക്കാന്‍ അസാമാന്യ ധൈര്യം ഉള്ളവര്‍ക്ക് മാത്രമെ കഴിയൂ. കളി കഴിഞ്ഞു കുതിരകള്‍ പന്തിയിലേക്ക് തിരിച്ചു പോന്നതിനു ശേഷം മാത്രമേ ആനപ്പൂരം പൂരപ്പറമ്പില്‍ കയറുകയുള്ളൂ. വാശിയും, ആവേശവും മൂത്ത കുതിരകളി പലപ്പോഴും ദേശങ്ങള്‍ തമ്മിലുള്ള വഴക്കുകളിലേക്കും നയിച്ചിട്ടുണ്ട് എന്നത് ചരിത്രം.

മുള, ഉണങ്ങിയ വാഴയില എന്നിവ കൊണ്ടാണ് കുതിരക്കോലങ്ങള്‍ തയ്യാറാക്കപ്പെടുന്നത്. പൂരത്തിന് ഒരാഴ്ച മുമ്പേ തന്നെ ഇതിന്റെ പണി ഓരോ ദേശങ്ങളിലും തുടങ്ങും. ഓരോ കുതിരകളുടെയും നിര്‍മാണചുമതല പണ്ടത്തെ കാലത്തെ ജന്മി കുടുംബങ്ങല്ക്കായിരുന്നു മുമ്പ്. ഇന്നും കുതിരകളുടെ തല സൂക്ഷിക്കുന്നത് ആ കുടുംബങ്ങളില്‍ തന്നെ ആണ്. കുതിരക്കു തല വെക്കുന്നതും ഒരു ചടങ്ങാണ്. പൂരത്തിന് തലേ ദിവസം വൈകുന്നേരം ആണ് ആചാരങ്ങളോടെ കുതിരക്കു തലവെക്കുക.

പൂരം കഴിഞ്ഞു പിറ്റേ ദിവസം രാവിലത്തെ കുതിരകളി അവസാനിക്കുന്നത് ജ്യോത്സ്യന്‍ കുതിരയുടെ കളിയോടെ ആണ്. മംഗലത്ത് മനയുടെ പേരില്‍ ആണ് ജ്യോത്സ്യന്‍ കുതിര അറിയപ്പെടുന്നത്. ഈ കുതിരയും കൂടി കളിച്ചു കഴിഞ്ഞാല്‍ ആ കൊല്ലത്തെ പൂരത്തിന് അവസാനം ആയി. വീണ്ടും ഒരു കൊല്ലത്തെ കാത്തിരിപ്പ്, ദേവിയുടെ തട്ടകത്തില്‍ ഉള്ളവര്‍ എല്ലാവർക്കും.


 തത്തമംഗലം കുതിരവേല

കേരളത്തിലെ പാലക്കാട് ജില്ലയിലെതത്തമംഗലം ഗ്രാമത്തിൽ നടക്കുന്ന ഒരു ഉത്സവമാണ് തത്തമംഗലം കുതിരവേലഅല്ലെങ്കിൽ അങ്ങാടിവേല. വേല എന്ന മലയാള പദത്തിന്റെ അർത്ഥം ഉത്സവം എന്നാണ്. ഈ ഉത്സവത്തിന്റെ ഭാഗമായി നാട്ടുകാർ പ്രശസ്തമായ കുതിരപ്പന്തയംനടത്തുന്നു. കുതിരയോട്ടക്കാ‍ർ അയൽ സംസ്ഥാനമായ തമിഴ് നാട്ടിൽ നിന്നാണ് എത്തുക.


കരി പുരട്ടിയ പല പുരുഷന്മാരെയും കുതിരവേലയ്ക്ക് കാണാം. ഇവർ കുതിരയോട്ടം കാണുവാനായി‍ റോഡരികിൽ നിൽക്കുന്ന കാണികളെ നിയന്ത്രിക്കുന്നു. ഇത് കരിവേല എന്ന് അറിയപ്പെടുന്നു.




കുതിരക്കളി (ഇവിടെ ക്ലിക്ക്)
കുതിരകളി/കുതിരവേലയുമായി ബന്ധപ്പെട്ട് എടുപ്പുകുതിര(കെട്ടുകുതിര)യെ കൂടി പരിചയപ്പെടുത്താം


തെക്കൻ കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ ഉത്സവങ്ങളുടെ ഭാഗമായി നടക്കുന്ന ഒരു അനുഷ്ഠാനമാണ്എടുപ്പുകുതിര അല്ലെങ്കിൽ കെട്ടുകുതിരഎഴുന്നള്ളത്ത്. കെട്ടുകുതിര എന്നാണ് പേരെങ്കിലും യഥാർഥത്തിലെകുതിരയുമായി ഇതിന് ഒരു ബന്ധവുമില്ല.പഗോഡകളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ആകാശത്തിലേക്കു ഉയർന്നു നില്ക്കുന്ന ഒരു രൂപമാണ് എടുപ്പുകുതിരയ്ക്ക്.15 മീറ്റർ വരെ ഉയരമുള്ള കെട്ടുകുതിരകൾ തെക്കൻ കേരളത്തിലെ ക്ഷേത്രങ്ങളിൽ കെട്ടിയുണ്ടാക്കാറുണ്ട്. ആലപ്പുഴ,പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരംഎന്നീ തെക്കൻ ജില്ലകളിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്.മലയാളമാസങ്ങളിൽ മകരം, കുംഭം, മീനംമാസങ്ങളിലാണ് എടുപ്പുകുതിരകളെ കെട്ടിയുണ്ടാക്കുക. പുരുഷന്മാരാണ് ഈ അനുഷ്ഠാനത്തിൽ പങ്കെടുക്കാറുള്ളത്.

ഉത്ഭവവും ചരിത്രവും
ഇതിന്റെ ഉത്ഭവവും പ്രകൃതവും കൃത്യമായി കണ്ടെത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇത് തുടങ്ങിയത് എപ്പോൾ, പേരിന്റെയും ആചാരത്തിന്റെയും ബന്ധമെന്ത് എന്ന് തുടങ്ങി പല ചോദ്യങ്ങളും ഇപ്പോഴും ബാക്കിയാണ്.

ബൗദ്ധ ബന്ധം
ബുദ്ധമതം നിലനിന്നിരുന്ന ഇടങ്ങളിലെല്ലാം പഗോഡകളുടെ മാതൃകകൾ കാണാനാകും, കേരളത്തിലെ കെട്ടു കുതിരകളും കേരളത്തിന്റെ ബുദ്ധമതപാരമ്പര്യം പറ്റുന്ന ഒരു ആചാരമായിട്ടാണ് കണക്കാക്കുന്നത്. കാഴ്ചയിലും പഗോഡകളെ അനുസ്മരിപ്പിക്കുന്ന രൂപമാണ് കെട്ടു കുതിരകളുടേത്. പക്ഷേ പഗോഡകളിൽ നിന്നു എടുപ്പുകുതിരകൾക്കുള്ള പ്രധാന വത്യാസം അത് നിലനിൽക്കുന്ന കാലമാണ്, പഗോഡകൾ സ്ഥിരം നിമ്മിതികളാണ്, പക്ഷേ കെട്ടുകുതിരകൾ വെറും ഒന്നോ രണ്ടോ ദിവസം മാത്രമേ നിൽക്കുന്നുള്ളൂ. അതുകഴിഞ്ഞ് അതിനെ അഴിച്ച് മാറ്റുന്നു.

ടി.എ. ഗോപിനാഥ റാവു 1908-ൽ ട്രാവൻ‌കൂർ ആർക്കിയോളജിക്കൽ സീരീസിൽ പ്രസ്ഥാവിച്ചത് "സവിശേഷവും അപൂർവവുമായ ഈ ആചാരത്തിന്റെ ഉത്ഭവത്തെയോ പ്രകൃതത്തെയോ കുറിച്ച് വിശദീകരിക്കാൻ പ്രദേശത്തെ ആളുകൾക്ക് കഴിഞ്ഞിട്ടില്ല" എന്നാണ്. കേരളത്തിന്റെ ബുദ്ധമത പാരമ്പര്യത്തിലേക്ക് ഈ ഉത്സവത്തെ ബന്ധിപ്പിക്കുന്ന അനവധി വാദമുഖങ്ങളും റാവു ഉന്നയിക്കുന്നു. ചൈനീസ് സഞ്ചാരിയായ ഫാഹിയാൻഉത്തരേന്ത്യയിൽ കണ്ട ബുദ്ധമത ഉത്സവങ്ങളുമായി ഇതിന് സാമ്യമുണ്ടെന്ന് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു. നേപ്പാളിലെ ക്ഷേത്രങ്ങളോടുള്ള ഇതിന്റെ രൂപസാദൃശ്യവും അദ്ദേഹം പരാമർശിക്കുന്നു. റാവുവിന് പുറമേകെട്ടുകാഴ്ചകൾക്ക് ബുദ്ധമതവുമായുള്ള ബന്ധം സൂചിപ്പിക്കുന്ന മറ്റു പ്രമുഖരാണ്പി.കെ. ഗോപാലകൃഷ്ണൻ (കേരള വിജ്ഞാനകോശം), ഡോ. എം.വി. വിഷ്ണുനമ്പൂതിരി(ഫോക്‌ലോർ നിഘണ്ടു), ഹിന്ദു എൻസൈക്ലോപീഡിയ ചീഫ് എഡിറ്ററായ നരേന്ദ്രഭൂഷൺ.

ഭാഷാപരമായ കണ്ണികൾ
എടുപ്പു കുതിരയിലെ ഒരു ഭാഗത്തിന്റെ പേര് 'പ്രവിട' എന്നാണ്. ഇത് ഒരു തനതായ മലയാളപദമല്ലെന്നുള്ളത് ഈ ആചാരത്തിന്റെ കേരളത്തിന്റെ പുറത്തേക്കുള്ള ബന്ധത്തെ കാണിക്കുന്നു. പ്രവിട എന്നത് പ്രഭട അല്ലെങ്കിൽ പ്രവഡ എന്ന സംസ്കൃതവാക്കിന്റെ തത്ഭവമായതാണെന്ന് കരുതപ്പെടുന്നു. ഈ സംസ്കൃതവാക്കിന്റെ അർത്ഥം 'ഗോതമ്പ്' എന്നാണ്. അഫ്ഗാനിസ്താനിൽ നിന്നും കണ്ടെടുത്ത ഒന്നാം നൂറ്റാണ്ടിലെ ഇന്ത്യൻ നാണയത്തിന്റെ ഒരു പുറത്തിൽഖരോഷ്ഠിയിലെ ലിഖിതത്തിൽധർമചക്രപ്രവിട - ധർമ്മ ചക്രം തിരിക്കുന്നവൻ എന്ന് എഴുതിയിരിക്കുന്നത്, പ്രവിട പദത്തിന്റെ പഴക്കത്തെയും വ്യാപ്തമായ ഉപയോഗ ഭൂമികയേയും സൂചിപ്പിക്കുന്നു.

ഐതിഹ്യങ്ങൾ
ഐതിഹ്യങ്ങൾക്കനുസരിച്ച് കാളിയുടെ വാഹനമായ വേതാളത്തിന്റെ രൂപമാണ് കെട്ടുകുതിര. മറ്റൊരൈതിഹ്യപ്രകാരം ശാസ്താവിന്റെ വാഹനമായ കുതിരതന്നെയാണ് കെട്ടുകുതിര. പക്ഷേ രൂപത്തിലെ വത്യാസം ഈ ഐതിഹ്യങ്ങളെ ശരിയായ ഒരു ചരിത്രവുമായും ഉത്ഭവവുമായും ബന്ധപ്പെടുത്താൻ ചരിത്രകാരന്മാരെ സഹായിച്ചിട്ടില്ല.

സാധാരണയായി ഓരോ ക്ഷേത്രത്തിന്റെയും കരക്കാരുടെ അവകാശമാണ് കെട്ടുകുതിരയുംകെട്ടുകാഴ്ചയും നടത്തുക എന്നത്. കെട്ടു കുതിരയെ ക്ഷേത്രത്തിലേക്ക് കൊണ്ട് വരുന്നതും കരക്കാർ ചേർന്നു തന്നെയാണ്. ഇതിനെ ക്ഷേത്രം വരെ എത്തിക്കുക എന്ന ശ്രമകരമായ ചുമതല ഓരോ കരക്കാരും അവരുടെ ശക്തിയുടേയും സമ്പന്നതയുടേയും അടയാളമായി കണക്കാക്കുന്നു. വഴിയിൽ മുതിരയെ മുന്നോട്ടെടുക്കാനാവാത്ത വണ്ണം കുടുങ്ങിപ്പോകുന്നത് കരക്കാർ ഒരപമാനമായി കണക്കാക്കുന്നു. ഒരിക്കൽ കുതിരയെ മുന്നോട്ടെടുക്കാനാവാതെ വഴിയിൽ ഇറക്കേണ്ടി വന്നാൽ, കുതിരകെട്ടാനുള്ള ആ കരക്കാരുടെ അവകാശം എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരുന്നതായി കേരളചരിത്ര നിഘണ്ടുവിൽ പ്രൊ.എസ്.കെ. വസന്തൻ പ്രസ്താവിക്കുന്നുണ്ട്.

ഓരോ കുതിരയ്ക്കും മുകളിൽ ഏഴ് താഴെ ആറ് എന്ന കണക്കിൽ 13 എടുപ്പുകൾ കാണാം. കുതിരയ്ക്ക് 125 അടിയിലധികം പൊക്കം ഉണ്ടാകും. നാലുചക്രങ്ങളിൽ ഉറപ്പിക്കുന്ന അടിച്ചട്ടത്തിന്റെ മുകളിലാണ് ഓരോതട്ടുകളും പണിതുറപ്പിക്കുക. സമചതുരാകൃതിയിൽ ഒരേ വലിപ്പത്തിൽ മേൽക്കൂടാരം വരെ പോകുന്നതാണ് കുതിരയുടെ ഘടന. കെട്ടുകുതിരയ്ക്ക് പ്രധാനമായ മൂന്നു ഭാഗങ്ങളുണ്ട്.

അടിക്കൂടാരംഇടക്കൂടാരംതൊപ്പിക്കൂടാരം
ആഞ്ഞിലിയിലോ തേക്കിലോ എട്ട് അംഗുലം കനത്തിൽ ചെയ്ത്തി പാകപ്പെടുത്തിയ രണ്ട് മരങ്ങളാണ് അടിക്കൂടാരം നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. കുതിരക്കാൽ നിർമ്മിക്കാൻ നാല് തെങ്ങിൻ കുറ്റികൾ ഉപയോഗിക്കുന്നു. ആ നാലു കുറ്റികൾ തമ്മിൽ കവുങ്ങിന്റെ അലകുകൾ വെച്ച് കൂട്ടിക്കെട്ടുന്നു. ഈ കുതിരക്കാലിന്റെ മുകളിലാണ് ഇടക്കൂടാരം ഉറപ്പിക്കുക. ഇടക്കൂടാരത്തിനും അടിക്കൂടാരത്തിനും ഇടയിലുള്ള സ്ഥലത്താണ് നെറ്റിപ്പട്ടവും തിടമ്പും ദാരുശില്പങ്ങളും ഒരുക്കുക. ഇടക്കൂടാരത്തിന്റെ മുകളിൽ മേൽക്കൂടാരം ഉറപ്പിക്കുന്നു. പിരമിഡ് ആകൃതിയും നീണ്ട നാമ്പും കൂടിയതാണ് മേൽക്കൂടാരം. അടിത്തട്ടിനു മുകിലോട്ടുള്ള തട്ടുകൾ നിലത്തുവെച്ച് പണിക്കുറ തീർത്ത് കപ്പിയും കയറും ഉപയോഗിച്ച് ഉയർത്തി ഒന്നിനുമുകളിലൊന്നായി ചട്ടത്തിൽ ഉറപ്പിക്കുന്നു. വെള്ളത്തുണിയും തൊങ്ങലുകളും വർണ്ണക്കടലാസുകളുമാണ് അലങ്കാരപ്പണിക്ക് ഉപയോഗിക്കുന്നത്. തേരിനെക്കാൾ വർണ്ണവൈവിധ്യം കുതിരയ്ക്കുണ്ടായിരിക്കും.

മേൽക്കൂടാരം കൂമ്പത്തൊപ്പി എന്നും പള്ളിമുഖം എന്നും രണ്ടു വിധത്തിലുള്ളവയുണ്ട്. കൂമ്പത്തൊപ്പിക്ക് നാല് മുഖങ്ങളുണ്ടാകും അതേ സമയം പള്ളിമുഖത്തിന് മൂന്നു വശങ്ങളും. വടക്കോട്ടേക്ക് ദർശനമുള്ള ദേവീക്ഷേത്രങ്ങളിൽ പള്ളിമുഖം (മൂന്ന് മുഖം) ഉള്ള എടുപ്പുകുതിരയാണ് ഉപയോഗിക്കാറ്.

എടുപ്പു കുതിര കെട്ടാൻ പല രീതികൾ ഉപയോഗിക്കാറുണ്ട്. ചിലപ്പോൾ കുതിരയെ നിർത്തിക്കൊണ്ട് തന്നെ കെട്ടിയുണ്ടാക്കും. ചിലപ്പോൾ നിലത്ത് കിടത്ത് കെട്ടിയുണ്ടാക്കി കയർ കൊണ്ട് വലിച്ചുയർത്തി നിർത്താറുമുണ്ട്. ഇങ്ങനെ നിലത്ത് കിടത്തി കുതിരയുണ്ടാക്കുന്നയിടങ്ങളിൽ ഒരു ഉയരമുള്ള തട്ട് നിർമ്മിച്ചു വെക്കാറുണ്ട്.തൃക്കടവൂർ ക്ഷേത്രത്തിൽ കുതിരകെട്ടാൻ ഒരു വലിയ മാവാണ് ഉപയോഗിക്കാറ്, അതിന്റെ പേരും കുതിരമാവ് എന്നാണ്.

ചിലയിടങ്ങളിലെ എടുപ്പുകുതിരയിൽ പ്രവിടയ്ക്കു മുകളിൽ ഒരു ബൊമ്മയെ വെക്കാറുണ്ട്. അതിനോടനുബന്ധിച്ച് വെച്ചിരിക്കുന്ന പമ്പരം കാറ്റിൽ കറങ്ങുമ്പോൾ ബൊമ്മ കൈകൊണ്ട് ചക്രം കറക്കുന്ന പ്രതീതിവരുത്തുന്ന രീതിയിലാണ് ബൊമ്മയെ വെക്കാറ്. കുതിരയെ ബൊമ്മ പ്രവർത്തിപ്പിക്കുന്നതായുള്ള സങ്കല്പത്തിലാണ് ഈ ബൊമ്മയെന്ന് ചരിത്രകാരന്മാർ കരുതുന്നു.


ഏഷ്യയിലെ ഏറ്റവും വലിയ കെട്ടുകുതിരകൾ അണിനിരക്കുന്നത് നമ്മുടെ കേരളത്തിലാണ്... വലിയകുളങ്ങര ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിന്...

ഇടപെടലുകളും,കൂട്ടിച്ചേർക്കലുകളും പ്രതീക്ഷിക്കട്ടെ......⁠⁠⁠⁠

************************************
************************************
അഭിപ്രായങ്ങള്‍
ഇതെല്ലാം പണ്ടേ അറിയാം എന്ന് കരുതിയിരിക്കുമ്പൊഴാണ് പ്രജിത ടീച്ചർ ഗവേഷണബുദ്ധിയോടെ ഓരോ വിവരങ്ങളും സൂക്ഷമമായി അവതരിപ്പിക്കുന്നത്. ഉഷാർ ഉപകാരപ്രദം (വാസുദേവന്‍)
കൊല്ലം ജില്ലയിൽ കടയ്ക്കൽ ദേവീക്ഷേത്രത്തിലെ കെട്ടുകാഴ്ച കാത്തിരുന്ന കുട്ടിക്കാലം ...... ജാതി മത ഭേദമില്ലാത്ത മഹോത്സവമാണത്.(സലൂജ)
കടയ്ക്കൽ ദേവീക്ഷേത്രത്തിലെ കുതിരയെടുപ്പ് 
ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലുമുണ്ട് എടുപ്പുകുതിരകൾ അണിനിരക്കുന്ന കെട്ടുകാഴ്ച.
ഈ ക്ഷേത്രത്തിൽ നടത്തിവരുന്ന നൂറ്റണ്ടുകളുടെ പാരമ്പര്യമുള്ള ഒരു ഉൽസവമാണ്‌ കെട്ടുകാഴ്ച

ഉത്സവ ദിവസം ഉച്ചകഴിഞ്ഞ് കെട്ടുകാഴ്ചഉത്സവം നടക്കുന്നു. ക്ഷേത്രത്തിനു ചുറ്റും ഉള്ള 13 കരകളുടെ പങ്കാളിത്തത്തോടെ ആണ് കെട്ടുകഴ്ച നടക്കുന്നത്. ഭീമാകാരമായ അലങ്കരിച്ചഎടുപ്പുകുതിരകളും രഥങ്ങളും ഭീമൻ,പാഞ്ചാലി, ഹനുമാൻ തുടങ്ങിയ ഇതിഹാസ കഥാപാത്രങ്ങളുടെ രൂപങ്ങളും ഘോഷയാത്രയായി ക്ഷേത്രത്തിനു കിഴക്കുവശത്തായി ഉള്ള വയലിൽ എത്തിക്കുന്നു. രാത്രി സമയത്ത് ദേവിയുടെ രൂപം ഘോഷയാത്രയായി വയലിൽ ഉള്ള ഓരോ രൂപങ്ങളെയും സന്ദർശിച്ച് ദേവി 13 കരകളിലും പ്രസാദിച്ചിരിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നു. ഈ രൂപങ്ങൾ പിന്നീട് ഓരോ കരകളുടെയും കാവുകളിലേക്ക് കൊണ്ടുപോവുന്നു. കെട്ടുകാഴ്ച എഴുന്നള്ളത്ത് ഓരോ കരയുടെയും ക്രമം അനുസരിച്ച് വയലിൽ ഇറക്കുകയാണു ചെയ്യുക. ഇതിൽ ഒന്നാമത്തെ കരഈരേഴ(തെക്ക്) കരയാണ്. കെട്ടുകാഴ്ചയുടെ ഭാഗമായ കുതിര എന്ന രൂപത്തിനു 'കുതിര' എന്ന ജീവിയുമായി താരതമ്യം ചെയ്യുവാനുള്ള ഒരു രൂപമല്ല ഉള്ളത്. അതിനു അംബരചുംബിയായ ഗോപുരം പൊലെയുള്ള ഒരു രൂപമാണുള്ളത്. ഭീമൻ,പാഞ്ചാലി,ഹനുമാൻ എന്നീ രൂപങ്ങൾ ദാരുശില്പങ്ങളാണ്. ഈ ദാരുശില്പങ്ങൾ ഒരുക്കിയെടുക്കുവാനുള്ള പരമ്പരാഗതമായ അവകാശം ഒരു ആശാരിക്കുടുംബത്തിനു സ്വന്തമാണ്. ഓരോ കരയുടെയും [കുതിരയുടെ] മധ്യഭാഗത്തായി പ്രഭട എന്നു പറയുന്ന ദാരുരൂപം പ്രദർശിപ്പിച്ചിരിക്കുന്നു. ഓരോ കുതിരയ്ക്കും മുകളിൽ ഏഴ് താഴെ ആറ് എന്ന കണക്കിൽ 13 എടുപ്പുകൾ കാണാം. കുതിരയ്ക്ക് 125 അടിയിലധികം പൊക്കം ഉണ്ടാകും.

നാലുചക്രങ്ങളിൽ ഉറപ്പിക്കുന്ന അടിച്ചട്ടത്തിന്റെ മുകളിലാണ് ഓരോതട്ടുകളും പണിതുറപ്പിക്കുക. സമചതുരാകൃതിയിൽ ഒരേ വലിപ്പത്തിൽ മേൽക്കൂടാരം വരെ പോകുന്നതാണ് കുതിരയുടെ ഘടന. അടികൂടാരം ഇടക്കൂടാരം മേൽക്കൂടാരം എന്ന മൂന്നു ഭാഗങ്ങൾ കുതിരയ്ക്കുണ്ട്. ഇടക്കൂടാരത്തിനും അടിക്കൂടാരത്തിനും ഇടയിലുള്ള സ്ഥലത്താണ് നെറ്റിപ്പട്ടവും തിടമ്പും ദാരുശില്പങ്ങളും ഒരുക്കുക. പിരമിഡ് ആകൃതിയും നീണ്ട നാമ്പും കൂടിയതാണ് മേൽക്കൂടാരം. അടിത്തട്ടിനുമുകിലോട്ടുള്ള തട്ടുകൾ നിലത്തുവെച്ച് പണിക്കൂറ തീർത്ത് കപ്പിയും കയറും ഉപയോഗിച്ച് ഉയർത്തി ഒന്നിനുമുകളിലൊന്നായി ചട്ടത്തിൽ ഉറപ്പിക്കുന്നു. വെള്ളത്തുണിയും തൊങ്ങലുകളും വർണ്ണക്കടലാസുകളുമാണ് അലങ്കാരപ്പണിക്ക് ഉപയോഗിക്കുന്നത്.തേരിനെക്കാൾ വർണ്ണവൈവിധ്യം കുതിരയ്ക്കുണ്ടായിരിക്കും.

ചെട്ടികുളങ്ങരയിൽ 5 തേരുകളും 6 കുതിരകളുമാണ് കെട്ടുകാഴ്ചയായി വരുന്നത്. മറ്റംവടക്ക്, തെക്ക് കരക്കാരാണ് ഭീമന്റെയും ഹനുമാന്റെയും രൂപങ്ങൾ കെട്ടുകാഴ്ചകളായി ക്ഷേത്രത്തിലെത്തിക്കുന്നത്. ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള കാഴ്ചക്കണ്ടത്തിൽ കുംഭഭരണി നാളിൽ സന്ധ്യയോടെ അണിനിരക്കുന്ന തേരും കുതിരയും ഭീമനും ഹനുമാനും ഒരുക്കുന്ന വർണ്ണക്കാഴ്ചയ്ക്കു സമാനമായൊരു ദൃശ്യം ലോകത്തൊരിടത്തുനിന്നും ലഭിക്കുന്നതല്ല. കറുപ്പിലും ചുവപ്പിലും അഗ്നിപ്രഭയിലും അഭിരമിക്കുന്ന, ആണ്ടിലൊരിക്കൽ ചെട്ടിക്കുളങ്ങര ഭഗവതിനടയിൽ അരങ്ങേറുന്ന, ഈ കെട്ടുകാഴ്ചകൾ ചേതോഹരമാണ്. ചെട്ടികുളങ്ങരയിലുള്ള അത്രയും ഉയരമുള്ള കെട്ടുകാഴ്ചകൾ കേരളത്തിൽ മറ്റൊരിടത്തും കാണാനാവുകയില്ല. (പ്രജിത)
കടയ്ക്കൽ തിരുവാതിര എന്നാണ് ഉത്സവം അറിയപ്പെടുന്നത്


ചിനക്കത്തൂരിലെ കുതിരകളിയെക്കുറിച്ചുള്ള ഒരു പുതിയ അറിവ്.നെറ്റ് പരതിയപ്പോൾ കിട്ടിയതാ.വായിച്ചുനോക്കൂ....👇
പാലപ്പുറത്തെ ചിനക്കത്തൂര്‍ കാവിന് ബുദ്ധമതവുമായുള്ള ബന്ധം ഇവിടുത്തെ ആചാരാനുഷ്ഠാനങ്ങളും തിരുവില്വാമലയുമായി ബന്ധപ്പെട്ടുകിടക്കുന്ന മിത്തുകളില്‍ നിന്നും വായിച്ചെടുക്കാം. ചിനക്കത്തൂര്‍ എന്ന നാമം ‘ജിനക്കല്‍’ എന്ന പദത്തില്‍ നിന്നുണ്ടായതാണ്. ഇവിടുത്തെ ദേവിയെക്കുറിച്ചുള്ള മിത്ത് ഇവിടെ അരങ്ങേറിയ കൊടിയ മത ഹിംസയെ കാണിക്കുന്നതാണ്. ഈ മിത്തില്‍ ശ്രീരാമനും ലക്ഷ്മണനും തിരുവില്വാമലയില്‍ വരികയും മലമുകളില്‍ നിന്ന് അയ്യപ്പനെയും ദേവിയും ആട്ടിപുറത്താക്കുകയും ചെയ്യുന്നു. അയ്യപ്പന്‍ മലയുടെ അടിയില്‍ ഇരിക്കുകയും ദേവി പുഴകടന്നോടി ‘അയ്യയ്യോ രക്ഷിക്കണേ’ എന്ന് നിലവിളിച്ചു ചിനക്കത്തൂര്‍ വന്നിരിക്കുകയും ചെയ്തു എന്നുള്ളതാണ്. ഇതിലെ അയ്യപ്പന്‍ തിരുവില്വാമലയിലെ പ്രധാന ബുദ്ധമത പ്രതിഷ്ഠയാവം കുണ്ടിലയ്യപ്പന്‍ എന്നൊരു പ്രതിഷ്ഠ തിരുവില്വാമലയില്‍ ഉണ്ട്.
ഈ ഭാഗങ്ങളില്‍ നടമാടിയ കടുത്ത ഹിംസയില്‍ നിന്ന് രക്ഷപെട്ടോടിയ ജനങ്ങള്‍ (ഭിക്ഷുണികളും) പുഴകടന്നോടി പലപ്പുറത്തു അഭയം നേടിയതും അയ്യ! അയ്യ! രക്ഷിക്കണേ എന്ന് ബുദ്ധഭഗവാനോട് അപേക്ഷിച്ചതിന്റെയും ഓര്‍മ പുതുക്കലാണ് ചിനക്കത്തൂര്‍ കാവില്‍ ഇപ്പോഴും ഉത്സവം കൊടിയേറിയാല്‍ ഏഴു ദേശങ്ങളിലേയും ജനങ്ങളുടെ അയ്യയ്യയോ വിളി എന്ന ആചാരം. ഈ ക്ഷേത്രത്തിലെ ആചാരങ്ങളില്‍ കീഴ്ജാതിക്കാര്‍ക്കുള്ള പങ്ക് ഇവിടുത്തെ ബുദ്ധമത പാരമ്പര്യം തന്നെയാണ്. ഇവിടുത്തെ കുതിരകളി സാമൂതിരിയുടെ കീഴടക്കലിന്റെയും ഹൈന്ദവവത്കരണത്തിന്റെയും ഓര്‍മ പുതുക്കല്‍ കൂടിയാണ്.(പ്രജിത)
കുത്തിയോട്ടവും പ്രസിദ്ധം (രതീഷ്)



 (സലൂജ)

കുതിരകളിയെ കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾക്ക് നന്ദി പ്രജിത ടീച്ചർ ..അവതരണം സമ്പൂർണം(ശിവശങ്കരന്‍)
കുട്ടിക്കാലത്ത് അച്ഛൻ പറയുമായിരുന്നു... മര്യാദക്ക് പഠിക്ക്, 'കുതിര കളിക്കാതെ...' എന്ന്... ഇപ്പഴാണ് കുതിര കളി എന്താന്ന് മനസ്സിലായത്... പ്രജിത ടീച്ചർ... ഗംഭീരായി (ജ്യോതി)
കുട്ടികൾ വ്രതം നോറ്റ്, വട്ടത്തിൽ ചുവട് വച്ച്
തന്നന്നതാനന്ന തന്നാനെ തന
തന്നന്നതാനന്നതന്നാനെ
എന്ന വായ്ത്താരിയിൽ തുടങ്ങുന്ന പാട്ടിൽ അഞ്ചലിൽ നിന്നു തന്നെ കളിച്ചു കൊണ്ട് കടയ്ക്ക ലേക്കു തിരിക്കുന്ന കാഴ്ച എന്റെ ബാല്യ കാലാനുഭവത്തിന്റെ നിറക്കൂട്ടുകളിൽ ഒന്നാണ് .
കടയ്ക്കൽ തിരുവാതിര തുടങ്ങുന്നതിന് ആഴ്ചകൾക്കു മുൻപേ സന്ധ്യ മയങ്ങിയാൽ പിന്നെ ഈ വായ്ത്താരി കൊണ്ട് ഞങ്ങളുടെ കൊച്ചുഗ്രാമം ശബ്ദമുഖരിതമാവുമായിരുന്ന .ഞങ്ങൾക്കിത് നേർച്ചയും സാധനയുമാണ്.(സലൂജ)
കടയ്ക്കലിലെയും പരിസര പ്രദേശങ്ങളിലെയും ഏറ്റവും വലിയ ആഘോഷമാണ് കടയ്ക്കൽ തിരുവാതിര...
വിവാഹിതരായി ദൂരദേശത്തേയ്ക്കു പോയ ബന്ധുജനങ്ങളൊക്കെ കുതിരയെടുപ്പു കാണാൻ നാട്ടിലെത്തും...
ബാല്യകാലത്ത് ഞങ്ങളുടെ അടുത്ത പഞ്ചായത്തായ കടയ്ക്കൽ ഉത്സവം കാണാൻ ടാക്സിയിൽ പോയിരുന്നത് ഓർമയിൽ...
പിന്നെ കോളേജ് വിദ്യാഭ്യാസം അഞ്ചു വർഷം കടയ്ക്കലിൽ കൂടി.... ധാരാളം സുഹൃത്തുക്കൾ... ഉത്സവം...
1999ൽ കടയ്ക്കൽ സ്കൂളിൽ. സഹപ്രവർത്തകരോടൊപ്പം ഉച്ച ഇടവേളയിൽ ക്ഷേത്ര പരിസരത്ത് പോയിരുന്നതും സ്കൂളിലെ കുട്ടികൾ ബലൂൺ, മിഠായി തുടങ്ങിയവ വിൽക്കുന്നതും ഓർമയിൽ. പത്തു ദിവസത്തെ ഉത്സവം...
പകൽ ഉറക്കം തൂങ്ങിയ കണ്ണുകളോടെ കുട്ടികൾ...
അമ്മ പഠിച്ചത് കടയ്ക്കൽ സ്കൂളിൽ.ക്ഷേത്രത്തിനടുത്തായി ഒരു കിണർ ഉണ്ടായിരുന്നുവെന്നു അതിന്റെ കെട്ടിൽ ( ഉയർന്നു നിൽക്കുന്ന ഭാഗം) താളമിട്ടാൽ സപ്തസ്വരം കേൾക്കുമായിരുന്നുവെന്നും അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ക്ഷേത്രോത്സവത്തിലെ പ്രധാന ആഘോഷം മുടിയെഴുന്നള്ളിപ്പാണ്... അതുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളുമുണ്ട്....
🙏(മിനി താഹിര്‍)
(സലൂജ)

ആനകേറാ മാമലയിൽ             കുതിര കളി കണ്ടു താമസിച്ചേ....                             ആടുകേറാ മാമലയിൽ       കാളകളി കണ്ടു താമസിച്ചേ        തെയ്യരയ്യം തെയ്യരയ്യം ......(പ്രകാശ് പ്രഭു)

മലപ്പുറം ജില്ലയിലെ തലപ്പാറയ്ക്കും ചെമ്മാടും ഇടയിലുള്ള കളിയാട്ടമുക്കിലെ ഉത്സവത്തോടനുബന്ധിച്ചുള്ള പൊയ്ക്കുതിരകളെ കൂടി പറഞ്ഞ് ഇന്നത്തെ 'കുതിര'സ്പെഷ്യൽ ദൃശ്യകല ഇവിടെ അവസാനിപ്പിക്കാം...
ചടങ്ങ്

ഇടവ മാസത്തിലെ വെള്ളിയാഴ്ചയാണ് ഉൽസവം നടക്കാറുള്ളത്. കോഴിക്കളിയാട്ടത്തിന്റെ മുന്നോടിയായി കുതിരക്കല്യാണം നടക്കും. ദേശക്കാരും ബന്ധുക്കളും ഒത്തുചേർന്ന് കൊട്ടിപ്പാടലാണ് ഇതിന്റെ ചടങ്ങ്. കളിയാട്ടത്തിനുള്ള പൊയ്ക്കുതിര സംഘങ്ങൾ മമ്പുറം മഖാമിൽ സന്ദർശനം നടത്തും. മഖാമിൽ കാണിക്കയിട്ട് ചാലിയത്ത് മരക്കാരുടെ അപദാനം കൊട്ടിപ്പാടും. കളിയാട്ടത്തിനുള്ള ദിവസം നിശ്ചയിച്ചു കൊടുത്തത് മമ്പുറം തങ്ങളാണെന്നാണ് ചരിത്രം. മുട്ടിച്ചിറ പള്ളിയിൽ കാണിക്കയിട്ട ശേഷമാണ് പൊയ്ക്കുതിര സംഘങ്ങൾ കളിയാട്ടക്കാവ് ക്ഷേത്രത്തിലേക്ക് പോവുക. കാവ് തീണ്ടുന്നതോടെ പൊയ്കുതിരകൾ കാവിലേക്ക് പ്രവേശിക്കും. കാവിലമ്മയുടെ അപദാനങ്ങൾപാടി നൃത്തംവച്ച് വഴി നിറഞ്ഞൊഴുകിയ പൊയ്ക്കുതിര സംഘങ്ങൾ കോഴിക്കളിയാട്ടത്തിന്റെ വിസ്മയക്കാഴ്ചകളാണ്.
ദേവീസ്തുതികള്‍ ഉച്ചത്തില്‍പ്പാടി ചെറുപൊയ്ക്കുതിരകളുമായാണ് സംഘങ്ങള്‍ വീടുകളിലെത്ത ുന്നത്. കുട്ടികളും യുവാക്കളും കാരണവന്‍മാരും അടങ്ങുന്നതാണ് പൊയ്ക്കുതിരസംഘങ്ങള്‍. വിളക്കുവെച്ച് വീട്ടുകാര്‍ സംഘത്തെ സ്വീകരിച്ചു. കാണിക്കയും സ്വീകരിച്ചാണ് സംഘം വീടുകളില്‍നിന്ന് മടങ്ങുന്നത്. പരമ്പരാഗത രീതിപ്രകാരം പണത്തിനു പുറമെ തേങ്ങയും ചക്കയും അടയ്ക്കയുമടക്കമുള്ള ഫലങ്ങളും കാണിക്കയായി നല്‍കുന്നുണ്ട്. മുള, കുരുത്തോല, തുണി തുടങ്ങിയവ ഉപയോഗിച്ചാണ് ഭക്തര്‍ പൊയ്ക്കുതിരകളുണ്ടാക്കുന്നത്.                         

പൊയ്ക്കുതിരകൾ മമ്പുറം മഖാമിനു മുമ്പിൽ....(പ്രജിത)


ചൊവ്വാഴ്ചാ പംക്തിയായ കാഴ്ചയുടെ വിസ്മയം ഇന്നേയ്ക്ക് 38 വാരങ്ങള്‍ പിന്നിട്ടു.
ദൃശ്യകലയുടെ വരമൊഴിയിണക്കത്തിൽ ഇതുവരെ നമ്മൾ പരിചയപ്പെട്ട കലാരൂപങ്ങൾ എല്ലാവരുടെയും അറിവിലേക്കായി താഴെ കൊടുക്കുന്നു ...
01.സിനിമ, 
02.ചവിട്ടുനാടകം, 
03.അർജുന നൃത്തം, 
04.അലാമിക്കളി, 
05.തെയ്യം, 
06.ഇരുളർ നൃത്തം, 
07.പറക്കും കൂത്ത്, 
08.കോതാമൂരിയാട്ടം, 
09.കുറത്തിയാട്ടം,
10.മംഗലം കളി,
11.കളമെഴുത്ത്,
12.തീയാട്ട്,
13.കാളിയൂട്ട്,
14.തലയാട്ടം,
15.കുത്തിയോട്ടം,
16.കുമ്മാട്ടി,
17.ഐവർ കളി,
18.പരിചമുട്ടുകളി,
19.ചിമ്മാനക്കളി,
20.വേലകളി,
21.കണ്യാർകളി,
22.ആണ്ടിക്കളി,
23.സംഘക്കളി,
24.പൊറാട്ടുനാടകം,
25.കൂടിയാട്ടം,
26.പാഠകം
27.പൂതനും തിറയും
28.പാന
29.മന്നാൻ കൂത്ത്
30.ഗദ്ദിക
31.ചിക്കാട്ടം
32.കുമ്മികളി
33.ഒപ്പന
34.തുമ്പിതുള്ളൽ
35.തിടമ്പ് നൃത്തം
36.കാളവേല
37.പടയണി
38.കുതിര കളി