16-08-2017

ലോകസാഹിത്യം
അവതരണം:നെസി
📙📙📙📙📙📙📙📙
✍✍✍✍✍✍✍✍
ഇന്നത്തെ എഴുത്തുകാരൻ
📝📝📝📝📝📝📝📝
   പാട്രിക് മൊദിയാനോ
📗📗📗📗📗📗📗📗
സ്വത്വ സംഘർഷങ്ങളുടെ ആഴകാഴ്ചകൾ അക്ഷരങ്ങളിൽ പകർന്ന് മനുഷ്യാവസ്ഥയുടെ ഇരുണ്ട മറുപുറങ്ങളിലേക്ക് വായനാസമൂഹത്തെ വലിച്ചണച്ച ഫ്രഞ്ച് നോവലിസ്റ്റാണ് പാട്രിക് മൊദിയാനോ. അധിനിവേശ കാലത്തെ മനുഷ്യരുടെ ദുർവിധികൾ വീണ്ടെടുക്കുന്ന ഓർമ്മകളുടെ കലയായി തന്നെ സാഹിത്യ സപര്യയെ പരിവർത്തിപ്പിച്ചതിന്റെ പേരിലാണ് അദ് ദേഹത്തിന് 2014 ലെ നൊബേൽ സമ്മാനം ലഭിച്ചത്.
📚📚📚📚📚📚📚📚
മിസ്സിങ് പേഴ്സൺ
📚📚📚📚📚📚📚📚

മറവി പിടിപ്പെട്ട യുവ ഡിറ്റക്ടീവ് സ്വന്തം ചരിത്രം തേടിയലഞ്ഞ് താനാരാണെന്ന് കണ്ടെത്തുന്നതാണ് നോവലിന്റെ ഉള്ളടക്കം .📚📚📚📚📚📚📚📚


പാട്രിക് മോഡിയാനോ

ഒരു ഫ്രഞ്ച് നോവലിസ്റ്റാണ് പാട്രിക് മോദിയാനോ (ജനനം:30 ജൂലൈ 1945). 2014-ൽ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു. ‘മിസിംഗ് പേഴ്സൺ’, ‘ലാക്കോംബെ ലൂസിയെൻ’, ‘നൈറ്റ് റൈഡ്സ്’, ‘റിംഗ് റോഡ്സ്’ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. 

1945,ജൂലൈ 30-ന് പാരിസ് നഗരത്തിനന്റെ പടിഞ്ഞാറെ അറ്റത്ത് ബോളോൺ-ബിയാൻകോർ എന്നയിടത്താണ് പാട്രിക് മോദിയാനോ ജനിച്ചത്. അച്ഛൻ ആൽബെർട്ട് മോദിയാനോ ജൂതവംശജനായിരുന്നു അമ്മ ബെൽജിയൻകാരി അഭിനേത്രിയും. പ്രശസ്ത ചിത്രകാരൻ അമെദിയോ മോദിഗ്ലാനിയുടെ തന്റെ പൂർവികരിൽ ഒരാളാണെന്ന് മോദിയാനോ പറയുകയുണ്ടായി. മോദിഗ്ലിയാനി എന്ന പേര് ലോപിച്ചാണ് മോദിയാനോ ആയതെന്നും അഭിപ്രായമുണ്ട്. അച്ഛൻ തന്റെ കുട്ടിക്കാലത്തിന്റെ ഭാഗമേ അല്ലായിരുന്നുവെന്ന് പാട്രിക് മോദിയാനോ പലയിടത്തും പറയുന്നുണ്ട്. നാടകരംഗത്തെ തിരക്കുകൾ കാരണം അമ്മ പലപ്പോഴും പാട്രിക്കിനെ ബന്ധുവീടുകളിൽ ഏല്പിച്ചിട്ടാണ് പോകാറുണ്ടായിരുന്നത്. ഇക്കാരണങ്ങൾ കൊണ്ട് പാട്രിക്കിനേയും അനിയൻ റൂഡിയേയും കൂടുതൽ അടുപ്പിച്ചു. പത്തു വയസ്സുകാരൻ റൂഡിയുടെ മരണം പാട്രിക്കിനെ വല്ലാതെ ഉലച്ചു. വിഷി കാലഘട്ടത്തിൽ അച്ഛൻ സംശയാസ്പദവും വിവാദപരവുമായ ബിസിനസ്സുകളിലും കൂട്ടുകെട്ടുകളിലും ഇടപെട്ടിരുന്നതായും അതു കാരണം ഒളിച്ചു നടക്കേണ്ടതായി വന്നുവെന്നും മോദിയാനോ പലയിടത്തും സൂചിപ്പിക്കുന്നു.

                        കവിയും കഥാകൃത്തുമായിരുന്ന റെയ്മോ ക്വിനോയാണ് തന്നെ സാഹിത്യലോകത്തേക്ക് എത്തിച്ചതെന്ന് മോദിയാനോ പറയുന്നു.ഇരുപത്തിരണ്ടാമത്തെ വയസ്സിലാണ് മോദിയാനോ തന്റെ ആദ്യ നോവൽ എഴുതിയിത്. ആ വർഷം തന്നെ ഗല്ലിമാർഡ് അത് പ്രസിദ്ധീകരിക്കുകയും നോവലിന് രണ്ട് സാഹിത്യ പരസ്കാരങ്ങൾ ലഭിക്കുകയും ചെയ്തു. 1970- ൽ പാട്രിക്, ഡോമ്നിക് സെർഫസ്സിനെ വിവാഹം കഴിച്ചു. 1974-ൽ സീനയും 1978-ൽ മേരിയും ജനിച്ചു.

2014-ലെ നോബൽ പുരസ്കാരം പ്രഖ്യാപനത്തിൽ ഭൂതവർത്തമാനങ്ങൾ ഓർമകളിലൂടെ കൂട്ടിയിണക്കി കഥപറയാനുള്ള മോദിയാനോയുടെ സവിശേഷ പാടവത്തെ നോബൽ കമ്മിറ്റി പ്രത്യേകം എടുത്തു പറഞ്ഞു.

വിഷികാലഘട്ടത്തിൽ സാധാരണ വ്യക്തികൾക്ക് അനുഭവിക്കേണ്ടിവന്ന ദുരന്തങ്ങളാണ് മിക്ക നോവലുകളിലേയും പ്രമേയം. പല നോവലുകളിലും ആത്മകഥാംശങ്ങൾ കണ്ടെത്താനാകും.[7], [9]. പാരിസ് നഗരവും ഒരു സജീവ സാന്നിധ്യമായി എല്ലാ നോവലുകളിലുമുണ്ട്. നോബൽ പ്രഭാഷണത്തിൽ മോദിയോനോ പറഞ്ഞു- പാരിസ് എന്നിൽ ആവേശിച്ചിരിക്കുന്നു, എന്റെ എല്ലാ നോവലുകളിലും പാരീസുണ്ട്.[2]

1968- La Place de l'étoile (ലാപ്ലാസ് ഡുലിറ്റ്വായിൽ, നക്ഷത്രക്കവല )
ശീർഷകത്തിൽ ദ്വയാർഥമുണ്ട്. പാരിസിൽ വിഖ്യാതമായ ആർക് ദി ട്രിയോംഫ് നിലകൊള്ളുന്നതും പന്ത്രണ്ടു നഗരവീഥികൾ കൂടിച്ചേരുന്നതുമായ നക്ഷത്രാകൃതിയിലുളള കവലയുടെ പഴയ പേര് നക്ഷത്രക്കവലയെന്നായിരുന്നു. (ഈ കവലയുടെ ഇന്നത്തെപ്പേര് ഡിഗാൾ ചത്വരമെന്നാണ്). അതല്ലെങ്കിൽ നാസി മേധാവിത്വകാലത്ത് യഹൂദർ ധരിക്കേണ്ടിയിരുന്ന മഞ്ഞ നക്ഷത്രം. രണ്ടാം ആഗോള യുദ്ധം ഏതാണ്ട് അവസാനിച്ച സമയത്താണ് റഫേൽ ഷ്ലെമിലോവിച്ച് ജനിച്ചത്. നാസി മേൽക്കോയ്മയുടേയും യഹൂദരുടെ വിവശതകളുടേയും ഭൂതകാലചിത്രങ്ങളാൽ നിരന്തരം വേട്ടയാടപ്പെട്ട ഷ്ലെമിലോവിച്ചിന്റെ സങ്കീർണമായ ആത്മകഥ. ഈ പശ്ചാത്തലമാണ് മോദിയാനോയുടെ മിക്കനോവലുകളിലും.[10]

1969-La ronde de nuit (ലാ ഹോൺഡെ ന്യുയി ഇംഗ്ലീഷു പരിഭാഷ Night Rounds)
ഫ്രഞ്ച് പ്രതിരോധ സംഘത്തിനുവേണ്ടി പ്രവർത്തനം നടത്തവേ തന്നെ ജർമൻ ചാരപോലീസിനേയും സേവിക്കേണ്ടി വന്ന ഒരു വ്യക്തിയുടെ ആത്മസംഘർഷം. രക്തസാക്ഷിത്വമെന്ന ഒരൊറ്റ രക്ഷാമാർഗ്ഗമേ അവനു ദൃശ്യമാകുന്നുളളു.

1972-Les Boulevards de ceinture (ലെ ബുളിവാഡ് ഡിസാഞ്ച്യോർ, ഇംഗ്ലീഷു പരിഭാഷ The Ring Roads)
സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ സ്വത്വവും സ്മൃതിയും നഷ്ടപ്പെട്ട് അപരനാമങ്ങളിൽ ജീവിക്കേണ്ടി വരുന്ന ഒരച്ഛന്റേയും മകന്റേയും കഥ.

1974-‘ലാക്കോംബെ ലൂസിയെൻ’ (തിരക്കഥ ലൂയി മാളിനോടൊപ്പം)
1975- Villa triste (വില്ലാട്രിസ്റ്റ് ദുഃഖവീട് )
പന്ത്രണ്ടു വർഷം മുമ്പ് താൻ അഭയം തേടിയ സുഖവാസസ്ഥലത്ത് തിരിച്ചെത്തുകയാണ് ആഖ്യാതാവ്. അന്നയാളുടെ പേര് വിക്റ്റർ എന്നായിരുന്നു. ഈവോൺ എന്ന യുവതിയുമായുള്ള തന്റെ സൗഹൃദവും തുടർന്നുള്ള സംഭവവികാസങ്ങളഉം അയാൾ ഓർത്തുപോകുന്നു.

1977- Livret de famille (ലീവ്രേഡുഫാമീൽ- കുടുംബ ചരിത്രം)
ആത്മകഥാംശം കലർന്ന നോവൽ

1978- Rue des Boutiques obscures(റൂദിബുച്ചി ഒബ്സ്ക്യുർ (അജ്ഞാതപഥങ്ങൾ English translation: Missing Person‘മിസിംഗ് പേഴ്സൺ
താനാരാണെന്ന് മറന്നുപോയ ഗി റോളാങ്ങിന് സഞ്ചരിക്കേണ്ടി വരുന്ന ഇരുളടഞ്ഞ വീഥികൾ.

1981 Une jeunesse (ഇൻജുനെ- താരുണ്യം)
പാരീസിന്റെ തെരുവീഥികളിൽ ജീവിതത്തിന്റെ ഉയർച്ചതാഴ്ചകൾ അനുഭവിച്ചറിയുന്ന നിഷ്കളങ്കരും ഉത്സാഹഭരിതരുമായ രണ്ടു ചെറുപ്പക്കാരുടെ, ഓഡിലിന്റേയും ലൂയിസിന്റേയും കഥ

1982- De si braves garcons ദെസീ ബ്രാവ് ഗാർസോൺ- ചുണക്കുട്ടികൾ
പലരുടേയും ഓർമകളിലൂടെ സ്കൂൾ ഹോസ്റ്റൽ ജീവിതകാലം ചുരുളഴിയുന്നു.

1984- Quartier Perdu (കാർചി പെർദു- English translation: A Trace of Malice)
പാരീസിലെത്തുന്ന അംബ്രോസ് ഗീസ് എന്ന ഡിറ്റക്റ്റീവ് നോവലിസ്റ്റിനെ ഭൂതകാല ചിന്തകൾ വേട്ടയാടുന്നു. യൗവനദശയിൽ മറ്റൊരു പേരിൽ താൻ പാരിസിൽ കഴിച്ചുകൂട്ടിയ നാളുകളോർത്തുപോകുന്നു.

1986- Dimanches d'août(ഡീമാഷ് ഡൂട്- ഓഗസ്റ്റ് മാസത്തിലെ ഞായറാഴ്ചകൾ)
1988- Catherine Certitude
സാഹചര്യസമ്മർദ്ദങ്ങൾ കാരണം അച്ഛനെ പിരിഞ്ഞ് , അമ്മയോടൊപ്പം പാരിസിൽ നിന്ന് ന്യൂയോർക്കിലേക്കു താമസം മാറ്റേണ്ടി വന്ന കാതറിൻ സ്വന്തം കഥ പറയുന്നു.

1989- Vestiaire de l'enfance (ബാലവേഷങ്ങൾ)
പാരീസിൽ നിന്ന് ഒളിച്ചോടി, മധ്യധരണ്യാഴിതീരത്തെവിടേയോ ജിമ്മി സരാനോ എന്ന പുതിയ പേരിൽ പുതിയ ജീവിതം നയിക്കുന്ന ഷോൺ മൊറേനയുടെ കഥ. പണ്ടെന്നോ കണ്ടു മറന്ന ഒരു മുഖം, ഭൂതകാലസ്മരണകളെ, പ്രത്യേകിച്ച് ബാല്യകാലസ്മരണകളെ ചിക്കിയുണർത്തുന്നു.

1997- Dora Bruder ഡോറാ ബ്രൂഡർ (Eng.Trans. Search warrent )
1941-ൽ പാരിസിലെ തെരുവുകളിലെവിടെയോ വെച്ച് ഡോറാ ബ്രൂഡർ എന്ന പതിനഞ്ചു വയസ്സുകാരിയായ ജൂതപ്പെൺകുട്ടിയുടെ തിരോധാനം. വർഷങ്ങൾക്കുശേഷം അവൾക്ക് എന്തുപറ്റിയിരിക്കുമെന്ന് അന്വേഷിച്ചു കണ്ടെത്താൻ ശ്രമിക്കുന്ന കഥാകൃത്ത്.

2005 Un pedigree (വംശമാഹാത്മ്യം)
മോദിയാനോയുടെ 21 വയസ്സുവരേയുള്ള ആത്മകഥ

2007- Dans le café de la jeunesse perdue (നഷ്ടയൗവനങ്ങളുടെ കഫേയിൽ)
ലൂക്കി എന്ന പെൺകുട്ടിയെക്കുറിച്ച് അവളെ പരിചയമുണ്ടായിരുന്ന ചെലർ വർഷങ്ങൾക്കുശേഷം സ്മരിക്കുന്നു.

2010- L'Horizon (ചക്രവാളം)
പാരിസിന്റെ തെരുവുകളിൽ അലഞ്ഞുതിരിയുന്ന ബോസ്മാന്റേയും മാർഗററ്റിന്റേയും കഥ. ഭൂതകാലം അവരെ വേട്ടയാടുകയാണ്.

2012- L'Herbe de nuit(നിശാഗന്ധികൾ)
താൻ അര നൂറ്റാണ്ടുമുമ്പ് ഒരു കൊച്ചു പുസ്തകത്തിൽ കുറിച്ചിട്ട വിവരങ്ങളിലൂടെ പഴയകാലം പടുത്തുയർത്താൻ ശ്രമിക്കുകയാണ് ഒരെഴുത്തുകാരൻ. ഡാനീ എന്ന ഗായികയെയാണ് അയാൾ അന്വേഷിക്കുന്നത്. ഭൂതവും വർത്തമാനവും കൂടിക്കലർന്ന പുതിയൊരു കാലഘട്ടത്തിലേക്ക് അയാൾ പ്രവേശിക്കുന്നു.

2014- Pour que tu ne te perdes pas dans le quartier (വഴിതെറ്റാതിരിക്കാൻ)
വൃദ്ധനായ ഷോൺ ഡറാങ്ങിന്റെ, പണ്ടെന്നോ കൈമോശം വന്ന അഡ്രസ് ബുക്ക് തിരിച്ചേല്പിക്കാനെത്തിയവരാണ് ഗൈൽസും ഷാൻ്റലും. അഡ്രസ് ബുക്കിസെ ടോർസ്റ്റെൽ എന്ന വ്യക്തിുയെക്കുറിച്ച് അവർക്ക് കൂടുതലറിയണം. അറുപതു വർഷം മുമ്പുള്ള കാര്യങ്ങൾ ഓർത്തെടുക്കാൻ ക്ലേശിക്കുകയാണ് ഡറാങ്ങ്.

ഫെന്യോൺ പുരസ്കാരം (1968-ലാപ്ലാസ് ദു ലെറ്റ്വായ്ൽ എന്ന നോവലിന്)
റോജർ നിമിയർ പുരസ്കാരം (1968- ലാപ്ലാസ് ദു ലെറ്റ്വായ്ൽ എന്ന നോവലിന്)
ഗോൺകോർ പുരസ്കാരം (1978 -റൂ ദി ബൂട്ടിക് ഒബ്സ്ക്യൂർ എന്ന നോവലിന് )
മോണ്ടിയൽ സിനോ ദെൽ ദൂക പുലസ്കാരം (2010) (സമഗ്രസംഭാവനകൾക്ക്)
ഓസ്ട്രിയൻ സ്റ്റേറ്റ് പ്രൈസ് ഫോർ യൂറോപ്യൻ ലിറ്ററേച്ചർ (2012)


മിസിംഗ് പേഴ്സൺ

2014-ൽ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ച ഫ്രഞ്ച് നോവലിസ്റ്റ് പാട്രിക് മോദിയാനോ രചിച്ച നോവലാണ് മിസിംഗ് പേഴ്സൺ. ഡാനിയൽ വെസ്ബോർട്ട് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തി 1980ൽ പ്രസിദ്ധീകരിച്ചു. റൂ ദെ ബോതിക് ഒബ്സ്ക്യൂർ (French: Rue des Boutiques Obscures) എന്നാണിതിന്റെ ഫ്രഞ്ച് മൂലകൃതിയുടെ തലക്കെട്ട്. റോമിലെ ഒരു തെരുവിന്റെ പേരാണിത്. ഇരുണ്ട കടകളുടെ തെരുവ് എന്നർഥം.

ഓർമകളെ തിരിച്ചുപിടിക്കുന്നതിനും അതുവഴി തന്റെ യഥാർഥ അസ്തിത്വം വീണ്ടെടുക്കാനുമുള്ള ഒരു മനുഷ്യന്റെ ഏകാന്ത പരിശ്രമത്തിന്റെ കഥയാണ് "മിസിങ് പേഴ്സൺ'. ഡിറ്റക്ടീവായ വാൻ ഹ്യൂട്ടിന്റെ സഹായിയാണ് ഗെ റോളണ്ട്. സ്മൃതിഭ്രംശം സംഭവിച്ച് തന്റെ ഭൂതകാലം അയാൾ മറന്നു പോയിരുന്നു. ജോലിയിൽനിന്ന് വിരമിച്ചതോടെ ഗെ റോളണ്ട്, താനാരെന്ന അന്വേഷണത്തിന് പിന്നീട് ജീവിതം ഉഴിഞ്ഞുവെക്കുന്നു. അന്വേഷണങ്ങൾക്കൊടുവിൽ ഗെ റോളണ്ട്, താൻ ഗ്രീക്ക് ജൂതനായ ജിമ്മി പെട്രോ സ്റ്റേൺ ആണെന്ന് അറിയുന്നു.                        


നഷ്ടയൗവനങ്ങളുടെ പാരീസ്‌ കഫേകള്‍ നിറഞ്ഞ ബൊഹീമിയന്‍ കാലഘട്ടത്തെ ആസ്‌പദമാക്കി ജീവിതത്തിന്‍റെ ഹൃദയതാളങ്ങള്‍ കോര്‍ത്തിണക്കിയ അതീവസുന്ദരമായ ഒരു സാഹിത്യസൃഷ്ടി പിറവിയെടുക്കുന്നു. വഴയോരക്കഫേയിലെ പെണ്‍കുട്ടിക്ക്‌ നിദാനമായ പാരീസിന്‍റെ ആകാശം എത്രയോ മാറിമറിഞ്ഞു. അറുപതുകളിലെ യുവാക്കളൊക്കെ പടുവൃദ്ധന്മാരായി മാറി. എന്നാലും ഓര്‍മ്മകള്‍ക്കു മരണമില്ലല്ലോ. പ്രണയത്തിന്‍റെയും ദുരന്തത്തിന്‍റെയും കഥകള്‍കൊണ്ട്‌ പാരീസിന്‍റെ തെരുവുകള്‍ മേഘാവൃതമായിരിക്കുന്നു. "ഓര്‍മ്മകളുടെ കലാപരമായ വിന്യാസമാണ്‌ പാട്രിക്‌മോദിയാനോവിന്‍റെ രചനകള്‍. അവ ദുരൂഹമായ ജീവിതസമസ്യകളെ ചൂഴ്‌ന്നു നില്‍ക്കുന്നു" എന്ന നോബല്‍ പ്രസ്‌താവത്തെ അന്വര്‍ത്ഥമാക്കുന്ന കൃതി.

🌈    വിഷി കാലഘട്ടം🌈
ഫ്രാൻസിലെ വിഷി (വിച്ചി) എന്ന പട്ടണം ആസ്ഥാനമാക്കി 1940 മുതൽ 1944 വരെ മാർഷൽ പേറ്റന്റ നേതൃത്വത്തിൽ നിലനിന്ന ഭരണകൂടത്തേയും കാലഘട്ടത്തേയുമാണ് വിഷി ഫ്രാൻസ് സൂചിപ്പിക്കുന്നത്. ജർമ്മൻ അധീനതയിലായിരുന്ന ആ കാലഘട്ടത്തെ ഇരുണ്ട വർഷങ്ങൾ എന്നും ഫ്രഞ്ച് ചരിത്രകാരന്മാർ വിശേഷിപ്പിക്കാറുണ്ട്.കടുത്ത ദേശീയവാദവും വിഭാഗീയതയും നിലനിന്ന കാലമായിരുന്നു അത്. മോദിയാനോയുടെ കൃതികളിലെല്ലാം തന്നെ അതിന്റെ മറ്റൊലികൾ കാണാം.
🌈🌈🌈🌈🌈🌈🌈🌈

ഇനി വേദി വായനക്കാർക്കായി🙏

*********************************
*********************************

അഭിപ്രായങ്ങള്‍
മാതൃഭൂമിയിൽ നിന്ന്


ആര്‍ക്കായിരിക്കും സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം? ഒക്ടോബര്‍ 9-ന് വൈകിട്ട് 4.30  വരെ അവരവര്‍ക്ക് പ്രിയപ്പെട്ട പല എഴുത്തുകാരുടെയും പേരുകള്‍ മനസ്സിലുറപ്പിച്ചുകൊണ്ട് ലോകമെമ്പാടുമുള്ള സാഹിത്യപ്രേമികള്‍ കാത്തിരുന്നു. വ്യക്തിപരമായി ഞാനാഗ്രഹിച്ചത് ഓസ്ട്രിയന്‍ നോവലിസ്റ്റ് പേറ്റര്‍ ഹാന്റ്‌കേയ്ക്ക് (Peter Handke) ലഭിക്കണമെന്നായിരുന്നു. എഴുത്തിന്റെ വഴികളില്‍ അത്ഭുതകരമായ ഉയരം താണ്ടിയ എഴുത്തുകാരനാണ് ഹാന്റ്‌കേ. ആ രചനാസൗന്ദര്യത്തെ വാഴ്ത്താത്ത നിരൂപകരില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ചില രാഷ്ട്രീയ നിലപാടുകള്‍ ആ വഴിയിലെ തടസ്സങ്ങളാണെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. യുഗോസ്ലാവിയയിലെ നേതാവായ സ്ലോബോദന്‍ മിലോസെവിച്ചിന്റെ രാഷ്ട്രീയത്തോട് അനുഭാവം കാണിച്ച് ഹാന്റ്‌കേ വലിയ വിവാദങ്ങളില്‍ ചെന്ന് പെട്ടിരുന്നു. 2014-ലെ അന്താരാഷ്ട്ര ഇബ്‌സന്‍ പുരസ്‌കാരം ഹാന്റ്‌കേയ്ക്ക് കൊടുത്തപ്പോഴും ഈ പ്രശ്‌നം തലപൊക്കി. സമ്മാനം വാങ്ങാനെത്തിയ അദ്ദേഹത്തിന് വലിയ പ്രതിഷേധ പ്രകടനങ്ങളെ നേരിടേണ്ടിവന്നു. എന്നാല്‍ ഇതേ പുരസ്‌കാരത്തിന്റെ 2013-ലെ ജേതാവ് പ്രശസ്ത നോര്‍വീജിയന്‍ നാടകകൃത്ത് ജോന്‍ ഫോസ്സെ (Jon Fosse) പറഞ്ഞത് ഹാന്റ്‌കേയ്ക്ക് ഇബ്‌സന്‍ പുരസ്‌കാരം കൊടുത്തത് നന്നായെന്നും സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിനും അദ്ദേഹം അര്‍ഹനാണെന്നുമാണ്. ഹാന്റ്‌കേയുടെ ഏറ്റവും പുതിയ രചനയായ സ്റ്റോംസ്റ്റില്‍ () കല്‍ക്കത്തയിലെ സീഗുള്‍ ബുക്‌സ് ഇന്ത്യയില്‍ ഈയിടെ പ്രസിദ്ധപ്പെടുത്തിയിരുന്നു. ലണ്ടനിലെ ഗാര്‍ഡിയന്‍ പത്രത്തിലെ സാധ്യത ലിസ്റ്റില്‍ ഹാന്റ്‌കേയുടെ പേരു കണ്ടപ്പോള്‍ എന്റെ പ്രതീക്ഷ വര്‍ദ്ധിച്ചു. മനസ്സില്‍ വന്ന മറ്റൊരു പേര് പോര്‍ച്ചുഗീസ് ഭാഷയിലെ മഹാസാഹിത്യകാരനായ അന്റോണിയോ ലോബോ അന്‍ട്യൂണ്‍സിന്റെതായിരുന്നു (Antonio Lobo Antunes). നിശ്ചയമായും എല്ലാ ലോകസാഹിത്യപുരസ്‌കാരങ്ങളും നേടേണ്ട പ്രതിഭയാണ് അന്‍ട്യൂണ്‍സിന്റേത്. ഏഴാം വയസ്സില്‍ എഴുതിത്തുടങ്ങിയ അദ്ദേഹം മനോരോഗ ഡോക്ടറെന്ന നിലയില്‍ തിരക്കുപിടിച്ച ജീവിതം നയിക്കുന്നതിനിടയിലും എഴുത്തില്‍ ഒരു കുറവും വരുത്തിയില്ല. ബൃഹത്തായ ധാരാളം നോവലുകള്‍ അദ്ദേഹം വിശ്വസാഹിത്യത്തിനു നല്‍കി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രതീക്ഷിച്ചിരുന്ന മറ്റൊരു പേരാണ് മിലാന്‍ കുന്ദേരയുടേത്. ചെക്ക് എഴുത്തുകാരനായ കുന്ദേരയുടെ രചനകള്‍ ഒരു കാലത്ത് സാഹിത്യലോകത്തെ വിസ്മയിപ്പിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി അദ്ദേഹം എഴുത്തില്‍ സജീവമല്ലെങ്കിലും മറക്കാനാവാത്ത അദ്ദേഹത്തിന്റെ രചനകളെത്തേടി ഒരിക്കല്‍ നൊബേല്‍ പുരസ്‌കാരം വരുമെന്ന ആഗ്രഹം ഇപ്പോഴും ബാക്കിയുണ്ട്. എന്നാല്‍ അന്‍ട്യൂണ്‍സിന്റെയും കുന്ദേരയുടെയും പേരുകള്‍ ഇത്തവണ എവിടെയും പറഞ്ഞുകേട്ടില്ല. നൊബേല്‍ പുരസ്‌കാരത്തിന്റെ സാധ്യതാലിസ്റ്റ് പതിവായി തയ്യാറാക്കി പുറത്തുകൊണ്ടുവരുന്നത് ലണ്ടനില്‍ നിന്നുള്ള വാതുവെപ്പുകമ്പനിയായ ലാഡ്‌ബ്രോക്ക്‌സാണ്(Ladbroke). ഒട്ടും വിശ്വാസയോഗ്യമല്ലാത്ത ഇത് തികച്ചും സ്വകാര്യമായ ഒരേര്‍പ്പാടാണ്. ആളുകള്‍ നിര്‍ദ്ദേശിക്കുന്ന പേരുകളില്‍ നിന്ന് വോട്ടിനിട്ട് ഏറ്റവും കൂടുതല്‍പേര്‍ നിര്‍ദ്ദേശിച്ചവരുടെ ഒരു ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുന്നു എന്നു മാത്രം. തീര്‍ത്തും അയോഗ്യരായവരുടെ ഒരു വലിയ നിരതന്നെ അതില്‍ കടന്നുകൂടാറുണ്ട്. അതില്‍ പേരുവന്നതിന്റെ പേരില്‍ ഞെളിഞ്ഞു നടക്കുന്ന മൂന്നാംകിട എഴുത്തുകാരും ലോകത്തെമ്പാടുമുണ്ട്. അതേ സമയം അര്‍ഹരായ പ്രതിഭാശാലികളായവരുടെ പേരുകള്‍ പലതും ആ ലിസ്റ്റില്‍ ഉള്‍ക്കൊള്ളിക്കാന്‍ അവര്‍ ശ്രമിക്കാറുണ്ട്. ഇത്തവണ ലാഡ്‌ബ്രോക്‌സിന്റെ പട്ടികയില്‍ ഏറ്റവും ഉയര്‍ന്നു നിന്നത് ജപ്പാനീസ് നോവലിസ്റ്റ് ഹറുകി മുറകാമി (Haruki Murakami)യുടേതാണ്. ലോകമെമ്പാടും താരപരിവേഷമുള്ള മുറകാമിയുടെ പേര് കഴിഞ്ഞ രണ്ടുമൂന്ന് കൊല്ലമായി ഈ സാധ്യതാപട്ടികയില്‍ ഇടം നേടാറുണ്ട്. 1987-ല്‍ പുറത്തുവന്ന നോര്‍വീജിയന്‍ വുഡ് എന്ന മനോഹരനോവലിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. പിന്നീട് വന്ന എല്ലാ കൃതികള്‍ക്കും വലിയ വായനക്കാരുണ്ടായി. ഏറ്റവുമൊടുവില്‍ 2014 ല്‍ 'കളര്‍ലെസ് സുക്കൂറു സാക്കി ആന്റ് ഹിസ് ഇയേഴ്‌സ് ഓഫ് പില്‍ഗ്രിമേജ്' (Colorless Tsukuru Tazaki and his Years of Pilgrimage) എന്ന നോവല്‍ പുറത്തുവന്നു. രചനാരീതിയിലെ മാസ്മരികതകൊണ്ട് ചുരുങ്ങിയകാലത്തിനിടയില്‍ ലോകത്തിന്റെ പ്രിയപ്പെട്ട നോവലിസ്റ്റായി മാറിയിട്ടുണ്ടെങ്കിലും നൊബേല്‍ പുരസ്‌കാരം നേടാനുള്ള അര്‍ഹത മുറകാമിയ്ക്കുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. ഇത്തവണ ഏറ്റവും സാധ്യതയുള്ളതായി ഗാര്‍ഡിയന്‍ പത്രം ഉയര്‍ത്തിക്കാട്ടിയത് കെനിയന്‍ നോവലിസ്റ്റായ ങ്ങ്ഗൂഗി വാ തിയോങ്കോയെയാണ് (Ngugi Wa Thiongo). 'എ ഗ്രെയിന്‍ ഓഫ് വീറ്റും' (A Grain of Wheat - 1967) പെറ്റല്‍സ് ഓഫ് ബ്ലഡും' (ജലമേഹ െീള ആഹീീറ1977) ഒക്കെ എഴുതിയ ങ്ങ്ഗൂഗിയ്ക്ക് നേരത്തെതന്നെ നൊബേല്‍ കൊടുക്കേണ്ടതായിരുന്നു. ആഫ്രിക്കന്‍ ജീവിതത്തിന്റെ സമഗ്രമായ ചിത്രമാണ് ങ്ങ്ഗൂഗി തികച്ചും വ്യത്യസ്തമായ ഒരു ശൈലിയില്‍ വരച്ചിട്ടിട്ടുള്ളത്. അല്‍ബേനിയന്‍ നോവലിസ്റ്റ് ഇസ്‌മേയില്‍ ഖദാരെയും ഇതുപോലെ നിശ്ചയമായും ഈ വിശ്വസാഹിത്യപുരസ്‌കാരത്തിന് അര്‍ഹനായ ഒരെഴുത്തുകാരനാണ്. ഇവരെക്കൂടാതെ ഇത്തവണ പറഞ്ഞുകേട്ട മറ്റ് പേരുകള്‍ ഇതൊക്കെയാണ്. സിറിയന്‍ കവി അഡോണിസ് (Adonis), അമേരിക്കന്‍ നോവലിസ്റ്റ് ഫിലിപ്പ് റോത്ത് (ജവശഹശു ഞീവേ), അല്‍ജീരിയന്‍ നോവലിസ്റ്റ് അസ്സിയ ജബ്ബാര്‍ (Assia Djebar), നോര്‍വിജിയന്‍ നാടകകൃത്ത് ജോന്‍ ഫോസ്സെ, ഫ്രഞ്ച് നോവലിസ്റ്റ് പാട്രിക് മൊദിയാനോ(Patrick Modiano). പാട്രിക് മൊദിയാനോ 2014-ലെ പുരസ്‌കാരത്തിനായി 271 നോമിനേഷനുകളിലൂടെ 210 എഴുത്തുകാരുടെ പേരുകളാണ് സ്വീഡിഷ് അക്കാദമിക്ക് ലഭിച്ചത്. അതില്‍ നിന്ന് 20 പേരുടെ ഒരാദ്യപട്ടിക അവര്‍ തയ്യാറാക്കി. പിന്നീടത് അഞ്ചായി ചുരുക്കി. ഈ അഞ്ചുപേരില്‍ നിന്നാണ് പാട്രിക് മൊദിയാനോയുടെ പേര് പതിനെട്ടംഗ ജഡ്ജിംഗ് കമ്മിറ്റി നിര്‍ദേശിച്ചത്. ഓരോ വര്‍ഷത്തെയും നോമിനേഷന്‍ ലിസ്റ്റും ജഡ്ജിമാരുടെ കുറിപ്പുകളും അടുത്ത അമ്പത് വര്‍ഷത്തേക്ക് അതീവരഹസ്യമായി സ്വീഡിഷ് അക്കാദമി സൂക്ഷിക്കുന്നു. ഒക്ടോബര്‍ 9 ന് വൈകീട്ട് സ്വീഡിഷ് അക്കാദമിയുടെ സ്ഥിരം സെക്രട്ടറി പേറ്റര്‍ എന്‍ഗ്ലന്‍ഡ് ആ വാര്‍ത്ത ലോകത്തെ അറിയിച്ചു. അങ്ങനെ ഫ്രാന്‍സിന് പുറത്ത് അധികമൊന്നും അറിയപ്പെടാത്ത പാട്രിക് മൊദിയാനോ 111-ാമത് നൊബേല്‍ സാഹിത്യപുരസ്‌കാരജേതാവായി. ആ പുരസ്‌കാരം നേടുന്ന പതിനഞ്ചാമത്തെ ഫ്രഞ്ചുകാരനും. ഗാര്‍ഡിയന്‍ പത്രത്തിന്റെ സാധ്യതലിസ്റ്റില്‍ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നെങ്കിലും ഇത് തീര്‍ത്തും അപ്രതീക്ഷിതം തന്നെയായിരുന്നു. 69 കാരനായ അദ്ദേഹം യൂറോപ്പിലെ ഒട്ടുമിക്കവാറും സാഹിത്യ പുരസ്‌കാരങ്ങള്‍ ഇതിനകം കരസ്ഥമാക്കിയിട്ടുണ്ട്. ആധുനിക കാലത്തെ മാര്‍സല്‍ പ്രൂസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ നോവലിസ്റ്റിന്റെ അഞ്ച് രചനകള്‍ ഇംഗ്ലീഷിലേക്ക് ഇതിനകം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. The search warrant, Missing Person, Night Rounds, Out of the Dark, Honeymoon എന്നിവയാണ് ഇംഗ്ലീഷില്‍ ലഭ്യമായ രചനകള്‍. 1964-ല്‍ നൊബേല്‍ പുരസ്‌കാരം ലഭിച്ചപ്പോള്‍ അത് വേണ്ടെന്നു വെച്ച ഴാങ്‌പോള്‍ സാര്‍ത്രിന്റെ നാട്ടിലേക്ക്, 1957-ല്‍ നൊബേല്‍ സമ്മാനം ലഭിച്ചപ്പോള്‍ അതിന് തന്നേക്കാള്‍ അര്‍ഹന്‍ കസാന്ത് സാക്കീസാണെന്ന് തുറന്നു പറഞ്ഞ ആല്‍ബേര്‍ കമ്യൂവിന്റെ നാട്ടിലേക്ക് വീണ്ടും അതെത്തുകയാണ്- മോദിയാനോയിലൂടെ. ആ സൗന്ദര്യലോകത്തിന്റെ ആഴങ്ങള്‍ ഇനി തപ്പി കണ്ടെത്തേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ ദ സെര്‍ച്ച് വാറന്റ് എന്ന നോവലിന്റെ ഇ-ബുക്കിന്റെ വായനയിലാണ് ഞാനിപ്പോള്‍. കാലവും ഓര്‍മ്മയും ചേര്‍ത്ത് നിര്‍മ്മിച്ച ഒരു മനോഹരശില്പമാണ് ആ കൃതിയെന്നുമാത്രം ഇപ്പോള്‍ പറയാം(രതീഷ്)

ഫ്രഞ്ച് സാഹിത്യകാരനായ മോദിയാനോ ചരിതം ഗംഭീരമായി! നെസി ടീച്ചർ(വിജു)