30-08-2017

🌸🌸🌸🌸🌸🌸🌸🌸
🦋🦋🦋🦋🦋🦋🦋🦋
     ലോകസാഹിത്യം
അവതരണം:നെസി
🦋🦋🦋🦋🦋🦋🦋
📝📝📝📝📝📝📝
 📚📚
📘📘📘📘📘📘📘
ലോക സാഹിത്യ വേദിയിലേക്ക് സ്വാഗതം
📕📕📕📕📕📕📕

ഗോതമ്പുമണികളായിരുന്നപ്പോള്‍

ഞാന്‍ ഭൂമിയായിരുന്നു

എന്റെ വാക്കുകള്‍ അമര്‍ഷമായിരുന്നപ്പോള്‍

ഞാന്‍ കൊടുങ്കാറ്റായിരുന്നു

എന്റെ വാക്കുകള്‍ പാറയായിരുന്നപ്പോള്‍

ഞാന്‍ പുഴയായിരുന്നു

എന്റെ വാക്കുകള്‍ തേനായി മാറിയപ്പോള്‍

ഈച്ചകള്‍ എന്റെ ചുണ്ടു പൊതിഞ്ഞു.'

സാമ്രാജ്യത്വത്തിനെതിരെയും അധിനിവേശത്തിനെതിരെയും തന്റെ എഴുത്തുകളിലൂടെ നിരന്തരം പോരാടിയ ഫലസ്ത്വീന്‍ വിപ്ലവ കവി
📕📕📕📕📕📕📕📕
     📝മഹമൂദ് ദർവ്വിഷ്📝
📕📕📕📕📕📕📕📕


മഹമൂദ് ദാര്‍വീഷ് ബിര്‍വാ ഗ്രാമത്തിലാണു ജനിച്ചത്, 1941 മാര്‍ച്ച് 15 ന്. മാതാപിതാക്കള്‍ കര്‍ഷകവൃത്തിയില്‍ മുഴുകിയിരിന്നതിനാല്‍ മുത്തച്ഛനാണ് ദാര്‍വീഷിനെ വളര്‍ത്തിയത്. ആറാംവയസ്സില്‍ ഇസ്രയേല്‍ തന്റെ ഗ്രാമത്തെ ആക്രമിച്ചതിനെത്തുടര്‍ന്ന് ദാര്‍വീഷിന് മാതാപിതാക്കള്‍ക്കൊപ്പം ലെബനോണിലേക്ക് ഓടിപ്പോകേണ്ടിവന്നു. തിരിച്ചുവന്നപ്പോള്‍ ഗ്രാമം മുഴുവന്‍ നശിച്ചിരുന്നു; വയലുകളും നഷ്ടമായ കുടുംബം ഗലീലിയില്‍ താമസമാക്കി. വീട്ടില്‍ പുസ്തകങ്ങളില്ലായിരുന്നു; ഇസ്രയേലി പട്ടാളത്തില്‍നിന്ന് ഓടിപ്പോന്ന് അലയുന്ന ഒരു പാട്ടുകാരന്റെ പാട്ടുകള്‍ ആയിരുന്നു ദാര്‍വീഷിന്റെ ആദ്യ കാവ്യാനുഭവം; സഹോദരന്റെ പ്രേരണയിലാണ് ആദ്യം കവിതകളെഴുതിയത്. 1948 മുതല്‍ 86 വരെ ഇസ്രയേലിലെ അറബികള്‍ രണ്ടാംകിട പൌരന്മാരായിരുന്നു. അവര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യവും രാഷ്ട്രീയ സ്വാതന്ത്ര്യവും ഇല്ലായിരുന്നു. ഇസ്രയേലിന്റെ സ്ഥാപനദിനാഘോഷങ്ങളോട് ദാര്‍വീഷ് വിമുഖനായിരുന്നു; സ്കൂളില്‍വെച്ചഴുതിയ ആദ്യകവിതതന്നെ ഒരു മുസ്ലിം കുട്ടിയും ജൂതക്കുട്ടിയും തമ്മിലുള്ള സംഭാഷണമായിരുന്നു. നാടും കളിയും കളിപ്പാട്ടവും ആഘോഷങ്ങളുമില്ലാത്ത താന്‍ ഇതെല്ലാമുള്ള അവന്റെ കൂടെ കളിച്ചോട്ടേ എന്ന് മുസ്ലിം ബാലന്‍ യഹൂദബാലനോടു പറയുന്നു. ഈ കവിത അധികാരികളെ പ്രകോപിപ്പിച്ചു; മിലിട്ടറിഗവര്‍ണര്‍ കുട്ടിയെ വിളിച്ച് ഇനി ഇങ്ങനെ എഴുതിയാല്‍ അച്ഛന് കല്ലുവെട്ടുന്ന ജോലി നഷ്ടപ്പെടുമെന്നു താക്കീതു നല്‍കി. ബെയ്റൂത്തില്‍ 'അല്‍-ഷീര്‍' എന്ന മാസികയ്ക്കു ചുറ്റും അഡോണിസ്, നിസാര്‍ ഖബ്ബാനി തുടങ്ങിയവരുടെ മുന്‍കൈയില്‍ ആധുനികമായ ഒരറബിക്കവിത വളര്‍ന്നുവരുന്ന സമയമായിരുന്നു അത്. എന്നാല്‍ ദാര്‍വീഷ് അതൊന്നുമറിഞ്ഞിരുന്നില്ല. ഹീബ്രുവിലെ ആധുനിക കവികളും ഹീബ്രു പരിഭാഷയിലൂടെ പരിചയിച്ച യൂറോപ്യന്‍ കവികളുമാണ് പുതിയ 
📚📚📚📚📚📚📚📚
            കവിതകൾ
📚📚📚📚📚📚📚📚

എന്റെ അമ്മ
എന്റെ അമ്മയുടെ അപ്പത്തിനു ഞാന്‍ കൊതിക്കുന്നു
എന്റെ അമ്മയുടെ കാപ്പിക്ക്
അവരുടെ സ്പര്‍ശത്തിന്
നാള്‍തോറും ബാല്യകാലസ്മരണകള്‍
എന്നില്‍ വളര്‍ന്നുവരുന്നു
മരിക്കുമ്പോള്‍ എന്റെ ജീവിതത്തിന്
ഞാന്‍ അര്‍ഹത നേടിയിരിക്കണം
എന്റെ അമ്മയുടെ കണ്ണീരിന്നും.

ഒരു നാള്‍ ഞാന്‍ തിരിച്ചുവന്നാല്‍
എന്റെ ഒരു മൂടുപടം പോലെ
നിന്റെ കണ്ണിമകളിലേക്കുയര്‍ത്തുക
നിന്റെ കാലടികളാല്‍ അനുഗൃഹീതമായ
പുല്ലുകൊണ്ട് എന്റെ അസ്ഥികള്‍ മൂടുക
നിന്റെ ഹൃദയത്തിന്റെ ഒരു നാരുകൊണ്ട്
നമ്മെ ഒന്നിച്ചു കൂട്ടിക്കെട്ടുക.
നിന്റെ ഉടുപ്പിന് പിറകില്‍ തൂങ്ങുന്ന ഒരിഴകൊണ്ട്.
നിന്റെ ഹൃദയത്തിന്റെ ആഴങ്ങള്‍ സ്പര്‍ശിച്ചാല്‍
ഞാന്‍ അനശ്വരനായേക്കും,
ഒരു ദൈവമായേക്കും.

ഞാന്‍ തിരിച്ചുവന്നാല്‍ എന്നെ
നിനക്ക് തീക്കൂട്ടാനൊരു വിറകുകൊള്ളിയാക്കുക
നിന്റെ മേല്‍ക്കൂരയിലൊരു അയയാക്കുക
നിന്റെ അനുഗ്രഹമില്ലാതെ
എനിക്ക് നിവര്‍ന്നു നില്‍ക്കാനേ ആവില്ല
എനിക്ക് വയസ്സായി
കുട്ടിക്കാലത്തെ നക്ഷത്രഭൂപടങ്ങളെനിക്ക്
തിരിച്ചു തരിക.
കുരുവികള്‍ക്കൊപ്പം ഞാന്‍
നിന്റെ കാത്തിരിക്കുന്ന കൂട്ടിലേക്കുള്ള

വഴി കണ്ടെത്തട്ടെ.

നടത്തം
ഞങ്ങള്‍ നടക്കുന്നു,
ഞങ്ങളുടെ മാംസമല്ലാത്ത ഒരു നാട്ടിലേക്ക്
അത്തിമരങ്ങള്‍ ഞങ്ങളുടെ അസ്ഥിയല്ലാത്തിടത്തേക്ക്
അതിന്റെ കല്ലുകള്‍ സോളമന്റെ ഗീതത്തിലെ
ചുരുള്‍രോമമുള്ള ചെമ്മരിയാടുകളെപ്പോലെ.
ഞങ്ങള്‍ നടക്കുന്നു
ഞങ്ങക്കായി വിശേഷിച്ചൊരു സൂര്യനെയും
ഞാത്തിയിടാത്ത ഒരു നാട്ടിലേക്ക്:
പുരാണങ്ങളിലെ സ്ത്രീകള്‍ കൈകൊട്ടുന്നു:
ഞങ്ങള്‍ക്കു ചുറ്റും ഒരു കടല്‍.
ഞങ്ങള്‍ക്കു മീതേ ഒരു കടല്‍.
ഗോതമ്പും വെള്ളവും അങ്ങോട്ടെത്തുന്നില്ലെങ്കില്‍
ഞങ്ങളുടെ സ്നേഹം ഭക്ഷിക്കൂ, ഞങ്ങളുടെ കണ്ണീര്‍ കുടിക്കൂ.
കവികള്‍ക്ക് ദുഃഖാചരണത്തിന്റെ കറുത്ത മുഖപടങ്ങള്‍
നിങ്ങള്‍ക്ക് നിങ്ങളുടെ വിജയങ്ങള്‍
ഞങ്ങള്‍ക്ക് ഞങ്ങളുടേത്
കണാനാകാത്തതു മാത്രം കാണുന്ന
ഒരു നാടുണ്ട് ഞങ്ങള്‍ക്ക്.

ആഗ്രഹങ്ങളെക്കുറിച്ച് 
പറയരുതേ:
ഞാന്‍ അല്‍ജിയേഴ്സില്‍ ഒരു റൊട്ടിക്കാരനായിരുന്നെങ്കില്‍
ഒരു കലാപകാരിയോടൊപ്പം ഞാനപ്പോള്‍ പാടിയേനെ
പറയരുതേ:
ഞാന്‍ യെമനിലൊരു ഇടയനായിരുന്നെങ്കില്‍
എങ്കില്‍ ഞാന്‍ കാലത്തിന്റെ
വിറയ്ക്കൊപ്പം പാടിയേനെ
പറയരുതേ:
ഞാന്‍ ഹവാനയിലെ ചായക്കടയില്‍
വെയിറ്ററായിരുന്നെങ്കില്‍
കരയുന്ന സ്ത്രീകളുടെ വിജയത്തിനായി ഞാനപ്പോള്‍
പാടിയേനെ.

പറയരുതേ:
ആസ്വാനില്‍ ഞാനൊരു യുവതൊഴിലാളിയായിരുന്നെങ്കില്‍
എങ്കില്‍ ഞാന്‍ പാറകളോട് പാടിയേനെ
എന്റെ സുഹൃത്തേ.
നൈല്‍ നദി വോള്‍ഗയിലേക്കൊഴുകുകയില്ല.
കോംഗോ നദിയും ജോര്‍ദാന്‍ നദിയും
യൂഫ്രട്ടീസിലേക്കുമൊഴുകുകയില്ല
ഓരോ നദിക്കുമുണ്ട് അതിന്റെ ഉറവിടം,
അതിന്റെ വഴി, അതിന്റെ ജീവിതം.
എന്റെ സുഹൃത്തേ, നമ്മുടെ നാട് വന്ധ്യമല്ല
ഓരോ നാടിനും ജനിക്കാനൊരു മുഹൂര്‍ത്തമുണ്ട്.
ഓരോ പുലരിക്കും കലാപകാരിയുമായി
ഒരു കൂടിക്കാഴ്ചയുണ്ട്.
                 
ഇര, നമ്പര്‍ 48
അവരവന്റെ മാറില്‍ കണ്ടു
പനിനീര്‍പ്പൂക്കളുടെ ഒരു വിളക്ക്, ഒരു ചന്ദ്രനും.
അവന്‍ കല്ലുകള്‍ക്കു മീതേ
കൊല്ലപ്പെട്ടുകിടന്നു.
അവരവന്റെ കീശയില്‍ കണ്ടു
അല്പം ചില്ലറ, ഒരു തീപ്പെട്ടി,
യാത്രക്കുള്ള ഒരു പാസ്, അവന്റെ
ചെറുപ്പം മുറ്റിയ കൈയില്‍ പച്ചകുത്തിയ പാട്.

അവന്റെ അമ്മ അവനെയോര്‍ത്തു തേങ്ങി,
ആണ്ടോടാണ്ട് അവനായി വിലപിച്ചു
അവന്റെ മിഴികളില്‍ തൊട്ടാവാടി മുളച്ചു
ഇരുട്ട് തഴച്ചുമുറ്റി.
അവന്റെ അനുജന്‍ വളര്‍ന്നു
നഗരച്ചന്തയില്‍ പണി തേടിപ്പോയപ്പോള്‍
അവരവനെ ജയിലിലടച്ചു:
അവന്റെ കൈയില്‍ യാത്രക്കുള്ള പാസില്ലായിരുന്നു
തെരുവിലവന്‍ വഹിച്ചത്
ഒരു പെട്ടി ചവറുമാത്രം,
പിന്നെ മറ്റു പെട്ടികളും

അതെ, എന്റെ നാട്ടിലെ കുഞ്ഞുങ്ങളേ,
അങ്ങനെയാണ് ചന്ദ്രന്‍ മരിച്ചത്.                      

വാക്കുകള്‍
എന്റെ വാക്കുകള്‍ ഗോതമ്പുമണികളായിരുന്നപ്പോള്‍
ഞാന്‍ ഭൂമിയായിരുന്നു
എന്റെ വാക്കുകള്‍ അമര്‍ഷമായിരുന്നപ്പോള്‍
ഞാന്‍ കൊടുങ്കാറ്റായിരുന്നു
എന്റെ വാക്കുകള്‍ പാറയായിരുന്നപ്പോള്‍
ഞാന്‍ പുഴയായിരുന്നു
എന്റെ വാക്കുകള്‍ തേനായി മാറിയപ്പോള്‍
ഈച്ചകള്‍ എന്റെ ചുണ്ടു പൊതിഞ്ഞു.
                   
ശിരസ്സും അമര്‍ഷവും
എന്റെ ജന്മനാടേ!
ഈ മരയഴികളിലൂടെ
തീക്കൊക്കുകള്‍ എന്റെ മിഴിയിലാഴ്ത്തി
തണുപ്പിക്കുന്ന ഗരുഡന്‍ നാടേ!
എനിക്ക് മരണത്തിന് മുന്നിലുള്ളത്
ഒരു ശിരസ്സും ഒരമര്‍ഷവും മാത്രം.

എന്റെ മരണപത്രത്തില്‍
ഞാനപേക്ഷിച്ചിട്ടുണ്ട്
എന്റെ ഹൃദയം ഒരു
വൃക്ഷമായി വെച്ചുപിടിപ്പിക്കണമെന്ന്,
എന്റെ നെറ്റി
ഒരു വാനമ്പാടിക്കു വീടായും.
ഹേ, ഗരുഡന്‍, നിന്റെ ചിറകുകള്‍
ഞാനര്‍ഹിക്കുന്നില്ല.
എനിക്കിഷ്ടം ജ്വാലയുടെ കിരീടം.

എന്റെ ജന്മനാടേ!
ഞങ്ങള്‍ ജനിച്ചു വളര്‍ന്നത് നിന്റെ മുറിവുകളില്‍,
ഞങ്ങള്‍ ഓക്കുമരത്തിന്റെ കായ്കള്‍ തിന്നതും;
എല്ലാം നീ ചിറകടിച്ചുയരുന്നത് കാണാന്‍.
ഒരു യുക്തിയുമില്ലാതെ ചങ്ങലകളില്‍
പിടയുന്ന ഹേ ഗരുഡാ,
ഞങ്ങളെ കൊതിപ്പിക്കാറുള്ള
ഇതിഹാസങ്ങളിലെ വീരമൃത്യു
നിന്റെ ചുവന്ന കൊക്ക്
അഗ്നിഖഡ്ഗം പോലെ
എന്റെ കണ്ണുകളിലിപ്പോഴുമുണ്ട്
നിന്റെ ചിറകുകള്‍ ഞാനര്‍ഹിക്കുന്നില്ല.
മരണത്തിന് മുന്നില്‍ എനിക്കുള്ളത്
ഒരു ശിരസ്സും ഒരമര്‍ഷവും മാത്രം.                      

മനുഷ്യനെക്കുറിച്ച് - മഹമൂദ് ദർവീശ്
മനുഷ്യനെക്കുറിച്ച് -
മഹമൂദ് ദർവീശ്

അവര്‍ അയാളുടെ ചുണ്ടുകളില്‍ മുദ്ര വെച്ചു
അവര്‍ അയാളുടെ കൈകളെ
ശവക്കല്ലറയില്‍ ബന്ധിച്ചു
എന്നിട്ട് അയാളോടവര്‍ പറഞ്ഞു:

"നീ കൊലയാളി"

അവര്‍ അയാളുടെ ഭക്ഷണവും
വസ്ത്രവും പതാകയും പിടിച്ചു വാങ്ങി
മൃത്യുവിന്‍റെ തടവറകളിലേക്ക് വലിച്ചെറിഞ്ഞു
എന്നിട്ട് അയാളോടവര്‍ പറഞ്ഞു:

"നീ തസ്കരന്‍"

തുറമുഖങ്ങളില്‍ നിന്നു തുറമുഖങ്ങളിലേക്ക്
അവരവനെ ആട്ടിയോടിച്ചു
അയാളുടെ ചെറുപ്പക്കാരിയായ
ഭാര്യയെ അവര്‍ അപഹരിച്ചു;
എന്നിട്ട് അയാളോടവര്‍ പറഞ്ഞു:

"നീ അഭയാര്‍ഥി"

കണ്ണു കലങ്ങിയ
കൈകള്‍ രക്തം പുരണ്ട യുവാവേ
രാത്രികള്‍ പോയ് മറയും
കരുതല്‍ തടങ്കലുകളും
ചങ്ങലക്കണ്ണികളും തകര്‍ന്നടിയും

നീറോ മരിച്ച ശേഷവും
റോമാ നഗരം അവശേഷിച്ചിരുന്നു
അവളുടെ കണ്‍മുമ്പില്‍ വെച്ചാണല്ലോ
നീ പൊരുതിയിരുന്നത്

കതിര്‍മണികള്‍ ചത്തു മണ്ണടിയും
പക്ഷെ പിന്നീടൊരിക്കല്‍
ഈ മലയാടിവാരങ്ങള്‍
കതിരുകള്‍ കൊണ്ടു നിറയുക തന്നെ ചെയ്യും.                      
എവിടെയും അഭയാര്‍ത്ഥികളും വേട്ടക്കാരുമൂണ്ട്.
പലായനങ്ങളും ചോരക്കറയും
പെണ്ണിന്റെ അപഹരണവും.

ഈഡിപ്പസും അപഹരിച്ചത് തോറ്റവന്റെ പെണ്ണിനെയാണല്ലൊ. അമ്മയെന്നറിയാതെ                      


മർമ്മരം:മഹമൂദ് ദർവീശ് -
പരിഭാഷ: വി രവികുമാർ

മഹ് മൂദ് ദാർവിഷ്
മറഞ്ഞുകിടക്കുന്നൊരു പ്രചോദനത്തിന്റെ വിളി കേൾക്കുന്നൊരാളെപ്പോലെ വേനൽമരങ്ങളിൽ ഇലകളുടെ മർമ്മരശബ്ദത്തിനു ഞാൻ കാതു കൊടുക്കുന്നു...നിദ്രയുടെ അധിത്യകകളിൽ നിന്നിറങ്ങിവരുന്ന കാതരവും സൌമ്യവുമായ ഒരു ശബ്ദം...ഒരുൾനാട്ടുപാടത്തെ ഗോതമ്പു മണക്കുന്ന നേർത്ത ശബ്ദം...ഇളംതെന്നലിന്റെ അലസമായ തന്ത്രികൾ വായിക്കുന്ന നാതിദീർഘമായ മനോധർമ്മസംഗീതത്തിന്റെ ശകലിതശബ്ദം. വേനലിൽ ഇലകൾ മന്ത്രിക്കുന്നത് ഒതുക്കത്തോടെയാണ്‌, പേരു പറഞ്ഞുവിളിക്കുന്നത് സങ്കോചത്തോടെയാണ്‌, എന്നെ മാത്രമാണെന്നപോലെ; പ്രാരബ്ധങ്ങളുടെ നടുവിൽ നിന്ന് സൌമ്യദീപ്തി നിറഞ്ഞൊരിടത്തേക്ക് ആരും കാണാതെ എന്നെ വിളിച്ചിറക്കിക്കൊണ്ടു പോവുകയാണത്. അവിടെ, കുന്നുകൾക്കു പിന്നിൽ, ഭാവനയ്ക്കുമപ്പുറം, ദൃശ്യവും അദൃശ്യവും ഒന്നു മറ്റൊന്നാകുന്ന അവിടെ, സൂര്യന്റേതല്ലാത്ത ഒരു വെളിച്ചത്തിൽ ഞാൻ എന്റെ ഉടലിനു വെളിയിലൊഴുകിനടക്കുന്നു. ഉണർച്ച പോലെ ഒരു മയക്കം കഴിഞ്ഞതില്പിന്നെ, അഥവാ, മയക്കം പോലെ ഒരുണർച്ച കഴിഞ്ഞതില്പിന്നെ മരങ്ങളുടെ മർമ്മരം ആശങ്കകളും ഭീതികളും കഴുകിക്കളഞ്ഞ് എന്നെ എനിക്കു വീണ്ടെടുത്തുതരുന്നു. ആ ശബ്ദത്തിന്റെ അർത്ഥമെന്താണെന്നു ഞാൻ ചോദിക്കുന്നതേയില്ല: ശൂന്യതയിൽ തന്റെ കൂടപ്പിറപ്പിനോടു രഹസ്യങ്ങൾ മന്ത്രിക്കുന്ന ഒരിലയാണോ, അതോ ഒരുച്ചമയക്കത്തിനു കൊതിക്കുന്ന ഇളംകാറ്റാണോ എന്നൊന്നും. വാക്കുകളില്ലാത്ത ഒരു ശബ്ദം എന്നെ പാടിയുറക്കുന്നു, എന്നെ കുഴച്ചെടുക്കുന്നു, എന്നെ മെനഞ്ഞെടുക്കുന്നു, അതിലുള്ളതോ അതിൽ നിന്നുള്ളതോ ആയ ഒരു വസ്തു കിനിയുന്ന പാത്രമായി, തന്നെ അറിയാനൊരാളെത്തേടുന്ന ഒരനുഭൂതിയായി.                      

സച്ചിദാനന്ദന്റെ ഒരോർമ്മക്കുറിപ്പുകൂടി
📝📝📝📝📝📝📝                      
ഞാന്‍ എന്റേതല്ല
"അവര്‍ അവന്റെ വായില്‍
ചങ്ങലകൊണ്ടു തൊങ്ങല്‍വെച്ചു.
കൈകള്‍ മരിച്ചവരുടെ പാറമേല്‍ കൂട്ടിക്കെട്ടി
എന്നിട്ടവര്‍ പറഞ്ഞു: നീ കൊലയാളിയാണ്.

അവരവന്റെ തീറ്റിയും ഉടുപ്പും കൊടിയും തട്ടിപ്പറിച്ചു,
അവനെ മരിച്ചവരുടെ കിണറ്റിലെറിഞ്ഞു
എന്നിട്ടവര്‍ പറഞ്ഞു: നീ കള്ളനാണ്

അവരവനെ എല്ലാ തുറമുഖങ്ങളില്‍നിന്നും പുറത്താക്കി,
അവന്റെ യുവപ്രണയിനിയെ തട്ടിക്കൊണ്ടുപോയി
എന്നിട്ടവര്‍ പറഞ്ഞു: നീ അഭയാര്‍ഥിയാണ്.''

2003 ല്‍ ഫ്രാന്‍സിലെ 'ലാ റോഷേല്‍' പട്ടണത്തില്‍വെച്ചു പലസ്തീന്‍ കവി മഹമൂദ് ദാര്‍വീഷിനെ ആദ്യമായി കണ്ടുമുട്ടുമ്പോള്‍ ഞാനോര്‍ത്തത് ഈ കാവ്യശകലമായിരുന്നു. 'പ്രാങ്തോംപ് ദ് പോയെറ്റ് (കവികളുടെ വസന്തം) എന്ന ഫ്രഞ്ച് കാവ്യവസന്തോത്സവത്തില്‍ അഞ്ചു നഗരങ്ങളില്‍ കവിത വായിക്കാന്‍ ക്ഷണിക്കപ്പെട്ടവരായിരുന്നു ഞങ്ങള്‍. അദ്ദേഹത്തിന്റെ പല കവിതകളും ഞാന്‍ വായിച്ചിട്ടുണ്ടെന്നും ചിലതു പരിഭാഷ ചെയ്തിട്ടുണ്ടെന്നും കേരളത്തില്‍ അദ്ദേഹത്തിന് ആരാധകരുണ്ടെന്നും പറഞ്ഞപ്പോള്‍ അദ്ദേഹത്തിനു സന്തോഷമായി. ദാര്‍വീഷ് നന്നായി ഇംഗ്ളീഷ് സംസാരിച്ചിരുന്നു, അതിലും നന്നായി ഫ്രഞ്ചും. വികാരവത്തായിരുന്നു അദ്ദേഹത്തിന്റെ കവിതവായന. ഏറെയും മുക്തഛന്ദസ്സില്‍; പാടാവുന്നവയും ചിലത്. പല അറബി സംഗീതജ്ഞരും ദാര്‍വീഷിന്റെ ഒലീവും തുളസിയും മണക്കുന്ന കവിതകള്‍ക്കു സംഗീതം നല്‍കിയിട്ടുണ്ട്; അറബി സാഹിത്യം പഠിപ്പിക്കുന്നിടത്തെല്ലാം ദാര്‍വീഷിന്റെ കവിതകള്‍ പാഠപുസ്തകങ്ങളിലുമുണ്ട്.

മഹമൂദ് ദാര്‍വീഷ് നാടുകടത്തലിന്റെയും ചെറുത്തുനില്പിന്റെയും കവിയാണ്. നാടുകടത്തലെന്നത്, എഡ്വേഡ് സയ്ദിന്റെ ഭാഷയില്‍, ഒരു മനുഷ്യനും ജന്മദേശവും തമ്മിലും സ്വത്വവും അതിന്റെ യഥാര്‍ഥ ഗേഹവും തമ്മിലുമുള്ള ചികിത്സിച്ചുണക്കാനാകാത്ത വേര്‍പെടലാണ് എന്ന് സയ്ദ് തന്നെ പറയുന്നുണ്ട്.  ഇതേകാലത്താണ് അമര്‍ഷവും ഐറണിയും അനീതിയോടുള്ള പ്രതിഷേധവും കലര്‍ന്ന, വാക്കുകൊണ്ടുള്ള ഹാന്‍ഡ് ഗ്രനേഡുകള്‍ എന്നു വിശേഷിപ്പിക്കപ്പെട്ട കവിതകളും അദ്ദേഹമെഴുതുന്നത്. പലസ്തീന്‍ പ്രശ്നം തന്റെ അന്തര്‍ദേശീയ വികാരം പ്രകടിപ്പിക്കാനുള്ള ഒരു പ്രിസം-കാചം-ആയിരുന്നു ദാര്‍വീഷിന്; പലസ്തീന്‍ നാടും അതിന്റെ ചരിത്രവും ലോകചരിത്രത്തിന്റെതന്നെ സംക്ഷേപമായാണ് അദ്ദേഹത്തിനനുഭവപ്പെട്ടത്. കാനാന്‍, ഹിബ്രു, ഗ്രീക്ക്, റോമന്‍, തുര്‍ക്കി, ബ്രിട്ടീഷ് സ്വാധീനങ്ങളിലൂടെ പരിണമിക്കുമ്പോഴും അതിന്റെ കാതല്‍ സ്ഥിരമായിരുന്നെന്ന് അദ്ദേഹത്തിന്നനുഭവപ്പെട്ടു. ഈ ഇരട്ട ബോധമാണ് അദ്ദേഹത്തിന്റെ അറബി സ്വത്വബോധത്തിന്റെ അടിത്തറ. അതുകൊണ്ടുതന്നെ അത് അടഞ്ഞ ഒരു തനിമാവാദമായി അപചയിച്ചില്ല, ലോകത്തോടു തുറന്നതും ഭിന്നസംസ്കാരങ്ങളെ ഉള്‍ക്കൊള്ളാന്‍ പ്രാപ്തിയുള്ളതുമായിരുന്നു ആ സ്വത്വബോധം.  ടെക്സാസിലെ ഒരാശുപത്രിയില്‍വെച്ച് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയെത്തുടര്‍ന്ന് ഈ ആഗസ്ത് ഒമ്പതിന് അന്തരിക്കുമ്പോഴേക്കും ദാര്‍വീഷ് സാര്‍വദേശീയ പ്രശസ്തി നേടിയിരുന്നു. ലോട്ടസ് സമ്മാനം, ലെനിന്‍ സമാധാന സമ്മാനം, സാംസ്കാരിക സ്വാതന്ത്ര്യത്തിനുള്ള സംഭാവനക്ക് ലെന്നന്‍ പുരസ്കാരം, ഓസ്ട്രിയയിലെ 'പ്രിന്‍സ് ക്ളോസ് ഫണ്ടി'ന്റ 'പ്രിന്‍സിപ്പല്‍ പ്രൈസ്.' ഫ്രഞ്ചു ഗവണ്‍മെന്റ് നല്‍കിയ നൈറ്റ്ഹുഡ്, മൊറോക്കോവില്‍നിന്ന് ധിഷണാവൈഭവത്തിനുള്ള 'വിസ്സാം' ബഹുമതി, ഇവയെല്ലാം അദ്ദേഹത്തെ തേടിയെത്തിയിരുന്നു. രണ്ടുതവണ വിവാഹം കഴിച്ചിരുന്നെങ്കിലും ദാര്‍വീഷിന് കുട്ടികളില്ലായിരുന്നു; ആദ്യപത്നി റാനാ കബ്ബാനിയാണ് ദാര്‍വീഷിന്റെ ഏറെ കവിതകളും ഇംഗ്ളീഷില്‍ വിവര്‍ത്തനം ചെയ്തിട്ടുള്ളത്. ദാര്‍വീഷ് മരിച്ചപ്പോള്‍ ഇസ്രയേല്‍ വിദ്യാഭ്യാസമന്ത്രി ഗുഷ് ഷാലോം, കവിയെ ഭ്രഷ്ടിലേക്കു തള്ളിയിട്ടതിന്റെ അപമാനം ഇസ്രയേലിന്റേതാണെന്ന് ഏറ്റുപറഞ്ഞു; അദ്ദേഹത്തിന്റെ കവിതകള്‍ ഇപ്പോഴെങ്കിലും സ്കൂളുകളില്‍ പഠിപ്പിക്കണമെന്നു നിര്‍ദേശിക്കുകയും ചെയ്തു: രണ്ടായിരാമാണ്ടില്‍ ആ നിര്‍ദേശം ഉന്നയിച്ചിരുന്നെങ്കിലും വലതുപക്ഷക്കാര്‍ എതിര്‍ത്തതിനാല്‍ നടപ്പാക്കാനായിരുന്നില്ല.  വെടിയുണ്ടകളെക്കാള്‍ കരുത്ത് തന്റെ കവിതകള്‍ക്കുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. ഒരു ജനതയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ബോംബുകള്‍ക്കും മിസൈലുകള്‍ക്കും വിജയം കൈവരിക്കാനാകില്ല എന്ന സത്യം സാമ്രാജ്യത്വ സയണിസ്റ്റ് ശക്തികളെ പഠിപ്പിച്ചു. ഒരിക്കല്‍ പ്രവാചകന്‍ തന്റെ പൗത്രന്‍ ഹസനോട് ചോദിച്ചു: ''കല്ലിനെ കല്ലുകൊണ്ടും, വാളിനെ വാളാലും നേരിടാന്‍ നമുക്കിടയില്‍ ആളുകളുണ്ട്. എന്നാല്‍ വാക്കിനെ വാക്കുകള്‍ കൊണ്ട് നേരിടാന്‍ നിങ്ങളില്‍ ആരെങ്കിലുമുണ്ടോ?'' ആ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു മഹമൂദ് ദര്‍വീശിനെ പോലെയുള്ള വ്യക്തിത്വങ്ങള്‍.

2008 ആഗസ്റ്റ് 9-ന് ഹൃദ്രോഗ ശസ്ത്രക്രിയയെ തുടന്ന് അദ്ദേഹം മരിക്കുമ്പോള്‍ യുദ്ധത്തിന്റെയും പ്രവാസത്തിന്റെയും അഭയാര്‍ഥിത്വത്തിന്റെയും ചെറുത്ത് നില്‍പ്പിന്റെയും ഫലസ്ത്വീന്‍ അനുഭവത്തിന്റെ 30 കവിതാ സമാഹാരങ്ങളും 8 ഗദ്യപുസ്തകങ്ങളും സ്വന്തം പേരില്‍ കുറിച്ചിരുന്നു.

കാലത്തിന്റെ തേട്ടം ദര്‍വീശിനെ പോലെയുള്ള സര്‍ഗവ്യക്തിത്വങ്ങളെയാണ്. തീക്ഷ്ണമായ ജീവിതാനുഭവവും, മൂര്‍ച്ചയുള്ള ചിന്തയും സാമൂഹികാവബോധവുമുള്ളവര്‍ക്ക് മാത്രമേ ഇതിന് സാധിക്കുകയുള്ളൂ.                      

എന്റെ മരണപത്രത്തില്‍

 ഞാനപേക്ഷിച്ചിട്ടുണ്ട്
 എന്റെ ഹൃദയം ഒരു
 വൃക്ഷമായി വെച്ചുപിടിപ്പിക്കണമെന്ന്,
 എന്റെ നെറ്റി
 ഒരു വാനമ്പാടിക്കു വീടായും.'                      

സ്വാതന്ത്യത്തിനു വേണ്ടി പോരാടുന്ന ഒരു ജനതയ്ക്ക് വേണ്ടി എഴുതിയ മഹാനായ കവിയുടെ ഓർമ്മകൾക്ക് ഈ വരികൾ തന്നെ അശ്രുപൂജ🙏

*********************************************
Anil: മരണത്തെ മുന്നിൽ കണ്ടാവണം എഴുതിയിട്ടുണ്ടാവുക... എങ്കിലും ഇതിൽ കൂടുതൽ എങ്ങനെ പ്രകൃതിയെ ജീവിതത്തിൽ അടയാളപ്പെടുത്തും...🙏🏻🙏🏻

Rajani: സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന  ജനതയുടെ നായകൻ... തൂലിക പടവാളാക്കിയ മഹമൂദ് ദാർവീഷ്... പാരതന്ത്ര്യത്തിന്റെ ഒരു പ്രഹേളികയുണ്ട്... ഓരോ വരിയിലും...👌🏻👍🏻

Ratheesh: ഓണപ്പൂട്ടിന്റെ തത്രപ്പാടിലാണ്,
ഇതു മുഴുവൻ നാളെയേവായിക്കാനാവൂ നെസി ടീച്ചർ