22-08-2017

🍁🍁🍁🍁🍁🍁🍁
കാഴ്ചയിലെ വിസ്മയം...
🎉🎉🎉🎉🎉🎉🎉

🌘ദൃശ്യകലയുടെ വരമൊഴിയിണക്കത്തിലേക്ക് സ്വാഗതം.... 

🌘 അവതരണം: പ്രജിത ടീച്ചർ
( GVHSS ഗേൾസ് തിരൂർ)

പ്രിയ മലയാളം സുഹൃത്തുക്കളെ,
ചൊവ്വാഴ്ചാപംക്തിയായ 'കാഴ്ചയുടെ വിസ്മയം'39 വാരങ്ങൾ പിന്നിട്ടിരിക്കുന്നു.'ദൃശ്യകലയുടെ വരമൊഴിയിണക്കത്തിൽ'ഇതുവരെ നമ്മൾ പരിചയപ്പെട്ട കലാരൂപങ്ങൾ എല്ലാവരുടെയും അറിവിലേക്കായി താഴെ കൊടുക്കുന്നു...
സിനിമ
ചവിട്ടുനാടകം
അർജുനനൃത്തം
അലാമിക്കളി
തെയ്യം
ഇരുളർനൃത്തം
പറക്കുംകൂത്ത്
കോതാമൂരിയാട്ടം
കുറത്തിയാട്ടം
മംഗലംകളി
കളമെഴുത്ത്
തീയാട്ട്
കാളിയൂട്ട്
തലയാട്ടം
കുത്തിയോട്ടം
കുമ്മാട്ടി
എെവർകളി
പരിചമുട്ടുകളി
ചിമ്മാനക്കളി
വേലകളി
കണ്യാർകളി
ആണ്ടിക്കളി
സംഘക്കളി
പൊറാട്ടുനാടകം
കൂടിയാട്ടം
പാഠകം
പൂതനും തിറയും
പാന
മന്നാൻകൂത്ത്
ഗദ്ദിക
ചിക്കാട്ടം
കുമ്മികളി
ഒപ്പന
തുമ്പിതുള്ളൽ
തിടമ്പ്നൃത്തം
സർപ്പംതുള്ളൽ
കാളകളി
പടയണി
കുതിരകളി
എന്നിങ്ങനെ 39 കലാരൂപങ്ങൾ                      

ഇന്ന് ആഗസ്റ്റ് 22_നാട്ടറിവ് ദിനം.നാടൻകലകളും അറിവുകളും സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി രൂപം കൊണ്ടതാണ് ഫോക്ലോർ എന്ന ആശയം.നാട്ടറിവുകളുടെ സംയോജനമാണ് ഫോക്ലോർ ലക്ഷ്യമിടുന്നത്. കേരളത്തിൽ ഫോക്ലോർ വിഭാഗത്തിനു കീഴിൽ,മൺമറഞ്ഞുകൊണ്ടിരിക്കുന്ന ഓരോ കലാരൂപങ്ങളും പുനർജ്ജനിക്കുന്നു,അതിന്റെ പൂർണാർത്ഥത്തിൽ തന്നെ...
നാട്ടറിവുദിനത്തിൽ 'ദൃശ്യകലയുടെ വരമൊഴിയിണക്കത്തിന്റെ'നാൽപതാം ഭാഗമായി നമ്മളിന്നു പരിചയപ്പെടുന്നു കാവടിയാട്ടം                      

കാവടിയാട്ടം

സുബ്രഹ്മണ്യനെ ആരാധിക്കുന്ന രീതിയുമായി ബന്ധപ്പെട്ട അനുഷ്ഠാനകലാരൂപമാണ് കാവടിയാട്ടം. സുബ്രഹ്മണ്യന്‍ തുള്ളല്‍ എന്നും ഈ അനുഷ്ഠാനത്തിന് പേരുണ്ട്. കമാന ആകൃതിയിലുള്ള കാവടി ചുമലില്‍ വെച്ചുകൊണ്ടാണ് ആട്ടം നടത്തുന്നത്. മരം കൊണ്ടാണ് പ്രധാനമായും കാവടിയുണ്ടാക്കുന്നത്. മയില്‍പ്പീലി, വര്‍ണ്ണവസ്തുക്കള്‍ ഇവകൊണ്ട് കാവടിയെ ആകര്‍ഷകമായ രീതിയില്‍ അലങ്കരിക്കും. ആട്ടത്തിന് ഉപയോഗിക്കുന്ന കാവടികള്‍ പലരൂപത്തിലും വലിപ്പത്തിലും ഉണ്ട്. ആട്ടത്തിന് പഞ്ചവാദ്യം, നാഗസ്വരം തുടങ്ങിയ വാദ്യഘോഷങ്ങളും ഉപയോഗിച്ചുവരുന്നു.

പാട്ടിന്റെ താളത്തിനൊത്ത് കാവടി വിവിധ രീതിയില്‍ ചലിപ്പിച്ചുകൊണ്ടാണ് കാവടിയും നടത്തുന്നത്. ഒറ്റക്കും, സംഘം ചേര്‍ന്നും ആട്ടം നടത്തും. കാണികളെ വിസ്മയിപ്പിക്കുന്ന രീതിയില്‍ മെയ് വഴക്കത്തോടെ ആട്ടം അവതരിപ്പിക്കുന്ന കളിക്കാരുണ്ട്. കാവടിയാട്ടത്തോടൊപ്പം നാവ് തുടങ്ങിയ ശരീരഭാഗങ്ങളിലൂടെ ശൂലം (സുബ്രഹ്മണ്യന്റെ ആയുധം) കുത്തിക്കയറ്റുന്ന അനുഷ്ഠാനം ചില പ്രദേശങ്ങളില്‍ നടത്താറുണ്ട്.                      

🌈🌈🌈കാവടി👇                      
ആഘോഷങ്ങളടനുബന്ധിച്ച് തലയിലോ തോളത്തോ ഏറ്റി ആടുന്നതിനുപയോഗിക്കുന്ന വർണ്ണപ്പകിട്ടാർന്ന ഒരു നിർമ്മിതിയാണ് കാവടി. ഹിന്ദുമതവിശ്വാസപ്രകാരംമുരുകന് ഏറ്റവും ഇഷ്ടപ്പെട്ട വഴിപാടാണ് കാവടി. കാവുപോലെ തുലാസുപോലെ ഉള്ള് വടി അഥവാ തണ്ട് എന്ന അർത്ഥത്തിലാവണം ഈ വാക്കുണ്ടായത്.കാവടിയിൽ കൊണ്ടുപോകുന്ന ദ്രവ്യത്തെ അടിസ്ഥാനമാക്കി വിവിധ കാവടികൾ പാൽക്കാവടി, ഭസ്മക്കാവടി, അന്നക്കാവടി, കളഭക്കാവടി, പീലിക്കാവടി, തൈലക്കാവടി, കർപ്പൂരക്കാവടി, അഗ്നിക്കാവടി എന്നിവ പ്രധാനം. മുരുകനാണ് വഴിപാട് പ്രധാന്യമെങ്കിലും മറ്റു ക്ഷേത്രങ്ങളിലും ഇത് നടത്താറുണ്ട്. ഈ പലതരത്തിലുള്ള കാവടികളുണ്ട്. ഇപ്പോൾ അലങ്കാരമായും കവടികൾ ഉപയോഗിക്കുന്നു.                      

എെതിഹ്യം🥀                      
ഒരിക്കൽ മഹാമുനിയായ അഗസ്ത്യമുനിക്ക് മഹാദേവനെ ദർശിക്കാൻ ആഗ്രഹം തോന്നി. അങ്ങനെ അദ്ദേഹംകൈലാസത്തിലെത്തി ശിവഭഗവാനെ തൊഴുത് പൂജയും നടത്തി. തിരികെ പോകാൻ നേരം കൈലാസത്തിൽ നിന്നും രണ്ട് പർവ്വതങ്ങൾ കൂടി കൂടെ കൊണ്ട് പോകണമെന്ന് ആഗ്രഹിച്ചു.അങ്ങനെ ശിവഭഗവാൻറെ അനുഗ്രഹത്തോടെ, ഹിഡുംബൻ എന്ന രാക്ഷസനന്റെ സഹായത്താൽ രണ്ട് പർവ്വതങ്ങളും തോളിൽ എടുത്ത് മുനി യാത്രയായി. അങ്ങനെ നടന്നു വരുമ്പോൾ പഴനിക്കടുത്തുവച്ച് ഹിഡുംബൻ ക്ഷീണിച്ചവശനായി.അദ്ദേഹം ആ മലകൾ താഴെ ഇറക്കി വച്ച് വിശ്രമിച്ചു. ക്ഷീണം മാറി വീണ്ടും മലകൾ എടുത്തു വക്കാൻ ശ്രമിച്ചപ്പോൾ അവ അനങ്ങിയില്ല. എത്ര ശ്രമിച്ചിട്ടും ഹിഡുംബനു അതു സാധിച്ചില്ല. അത്ഭുതപ്പെട്ട് ചുറ്റും നോക്കിയ ഹിഡുംബൻ കണ്ടത് ഒരു മലയിൽ വടിയും പിടിച്ച് നിൽക്കുന്ന ഒരു പയ്യനെയാണ്.ആ മല ശിവഗിരിയാണെന്നും, അത് തൻറെതാണെന്നും ഹിഡുംബനോട്‌ ആ പയ്യൻ വാദിച്ചു. എന്നാൽ ഹിഡുംബൻ സമ്മതിച്ചില്ല. അങ്ങനെ അവർ തമ്മിൽ യുദ്ധമായി.ഒടുവിൽ ബാലൻ ഹിഡുംബനെ വധിച്ചു. ഇതോടെ ബാലൻ മുരുകനാണെന്ന്മനസ്സിലായ അഗസ്ത്യമുനി, അദ്ദേഹത്തെ സ്തുതിച്ച് പ്രാർത്ഥിച്ചു. അഗസ്ത്യമുനിയുടെ അപേക്ഷപ്രകാരം മുരുകൻ ഹിഡുംബനെ ജീവിപ്പിച്ചു. പുനർജ്ജീവിച്ച ഹിഡുംബൻ താൻ മലകൾ കൊണ്ടുവന്ന പോലെ പൂജാദ്രവ്യങ്ങൾ കാവടിയിൽ കെട്ടിക്കൊണ്ട് വരുന്ന ഭക്തരെ അനുഗ്രഹിക്കണമെന്നും ഒപ്പം തന്നെ ദ്വാരപാലകൻ ആക്കണമെന്നും ഹിഡുംബൻ മുരുകനോട് അപേക്ഷിച്ചു. അങ്ങനെ കാവടി എടുത്ത് തുടങ്ങിയതെന്നു ഐതിഹ്യം. കാവടി  മഹോത്സവത്തിന്റെ ഭാഗമായി ചില സുബ്രമണ്യക്ഷേത്രങ്ങളിൽ "ഹിഡുംബൻ പൂജ" എന്നൊരു പൂജയുണ്ട്.                      

കാവടിവ്രതം👇                      
ക്ഷേത്ര വഴിപാടായി കാവടി എടുക്കുമ്പോൾ വ്രതമെടുക്കണമെന്നുഹൈന്ദവ വിശ്വാസങ്ങൾ പറയുന്നു. ചില സ്ഥലങ്ങളിൽ (ഉദാ: ചെറിയനാട്) നാല്പത്തിയൊന്നു ദിവസത്തെ കഠിനവ്രതത്തോടു കൂടിയതാണ്. ഇങ്ങനെയെടുത്തു ഭക്തർ സമർപ്പിക്കുന്ന ശുദ്ധകാവടിദ്രവ്യങ്ങൾ അഭിഷേകം ചെയ്യുന്നു. ദ്രവ്യം കേടുവന്നുവെന്നാൽ കാവടിഭക്തന്റെ വ്രതശുദ്ധിക്ക് ഭംഗം വന്നതായി മനസ്സിലാക്കി ഈശ്വരകോപപരിഹാരാർത്ഥം പിന്നാണ്ടിലെ കാവടിക്ക് വ്രതം നോക്കി ശുദ്ധ കാവടിയാടി തീർക്കേണ്ടതുമാണെന്ന് പറയുന്നു. തൈപ്പൂയദിനത്തിൽ കാവടി കെട്ടിയാടുന്നത്‌ അതിവിശേഷമാണ്‌. ഭക്തജനങ്ങൾ ബ്രഹ്മചര്യത്തോടെ മത്സ്യമാംസാദികൾ വെടിഞ്ഞു, രണ്ടു നേരവും പച്ചവെള്ളത്തിൽ കുളിച്ചു, തറയിൽ ഉറങ്ങി, ക്ഷൌരം ചെയ്യാതെ വേണം കാവടി വ്രതം നോക്കാൻ.                      
കാവടികൾ പലവിധം🌈                      
സാധാരണ കാവടിക്ക് പ്രധാനമായും അഞ്ച് ഭാഗങ്ങളാണ് ഉള്ളത്. പക്ഷെ പളനിയിലെയും ,മധുരയിലേയും കാവടികൾക്ക് നാല് ഭാഗങ്ങൾ മാത്രമേ ഉള്ളൂ. തടയിൽ തീർത്തഭാഗമാണ് പ്രധാന ഭാഗം. അത് കാവടിക്കാൽ എന്നറിയപ്പെടുന്നു. ഇത് പ്ലാവ്, തേക്ക്, ഈട്ടി എന്നീ തടികളിൽ തീർത്ത് വർഷങ്ങളോളം കേട് കൂടാതെ ഉപയോഗിക്കുന്നു. മദ്ധ്യതിരുവിതാംകൂറിലെ ചില ഹിന്ദു ഭവനങ്ങളിൽ ഇത്തരം കാവടികൾ വർഷങ്ങളോളം സൂക്ഷിച്ചു പോരുന്നുണ്ട്. രണ്ടും മൂന്നും ഭാഗങ്ങൾ അതാത് വർഷത്തെഉത്സവത്തോട് അനുബന്ധിച്ച് പ്രത്യേകം നിർമ്മിച്ചെടുക്കുന്നവയാണ്. കാവടി ആടുന്ന ഭക്തരെ പോലെകാവടി നിർമ്മിക്കുന്നവരും ആചാര അനുഷ്ടാന പ്രകാരമുള്ള ശുദ്ധവും, വൃത്തിയും സൂക്ഷിക്കണമെന്ന് നിർബന്ധമാണ്. കാവടിയുടെ രണ്ടാമത്തെ പ്രധാന ഭാഗം“ചെണ്ട്” എന്ന് അറിയപ്പെടുന്നു. പൂക്കളുടെ ആകൃതിയിൽമുറിച്ചെടുക്കുന്ന വിവിധ വർണ്ണ കടലാസുകളെ ചിട്ടയോടെ ഒരു കമ്പിയിൽ കോർത്ത് മനോഹരങ്ങളായപുഷ്പങ്ങളാക്കി മാറ്റുന്നു. പിന്നീട് ഇവ കവുങ്ങിൽ നിന്നു ചീന്തിയെടുത്ത് ഉരുട്ടിയെടുത്ത ഒരു ദണ്ഡിൽ ഭംഗിയായി നിരത്തി കെട്ടുന്നു. ഇത് തികച്ചും ഒരു കലയാണ്. തഴക്കവും, പഴക്കവും ഒപ്പം തികഞ്ഞ കലാപാരമ്പര്യവും വേണം ഇത് നിർമ്മിക്കാൻ. പൂക്കൾ അടുക്കി കെട്ടുന്നതിലെ എണ്ണം അനുസരിച്ച് കാവടികൾ തരംതിരിക്കപ്പെടും. ചിലയിടങ്ങളിൽ കാവടികളിൽ പലതട്ടുകളിൽ ചെണ്ട് കെട്ടാറുണ്ട്. മറ്റു ചിലയിടങ്ങളിൽ ചെണ്ടുകൾക്ക് പകരം മറ്റ് അലങ്കാര വസ്തുക്കളും ഉപയോഗിക്കുന്നു. ചെണ്ടുകൾ കാവടിക്കാലിൽ മദ്ധ്യത്തായി തിർത്തസുഷിരങ്ങളിലാണ് ഉറപ്പിക്കുക. കൂടുതൽ ഉറപ്പിനായി ഇവയെ കാവടിക്കാലിനോട് ചേർത്ത്നൂൽക്കമ്പികളാൽ കെട്ടി ഉറപ്പിക്കുകയും ചെയ്യുന്നു. എന്നാൽ തമിഴ്നാട്ടിലെ കാവടികളിൽ ചെണ്ടുകൾ ഉപയോഗിച്ചു കാണുന്നില്ല.                      
               
പൂക്കാവടി
വർണ്ണകടലാസും മറ്റ് അലങ്കാര വസ്തുക്കളും മുളയുടെ ഒരു ഫ്രയിമിൽ പശ ഉപയോഗിച്ച് ഒട്ടിച്ച് ഉണ്ടാക്കുന്നതാണ് ഇത്തരത്തിലുള്ള കാവടികൾ. നിലനിലയായി ഉണ്ടാക്കുന്ന് ഇത്തരത്തിലുള്ളവ ഒരാൾക്ക് നിഷ്പ്രയാസം എടുത്ത് തലയിൽ വച്ച് കാവടിയാടാം.
 ഒറ്റക്കാവടി🌈ഇരട്ടക്കാവടി🌈🌈
 ഒറ്റക്കാവടി
ഇരട്ടക്കാവടി
കവടിയ്ക്ക് സാധാരണ ഒരു തണ്ട് (വടി) മാത്രമാണ് ഉള്ളത്. അങ്ങനെയുള്ളതിനെ ഒറ്റകാവടി എന്നറിയപ്പെടുന്നു. തണ്ടിന്റെ എണ്ണം രണ്ടാകുമ്പോൾ അവ ഇരട്ടക്കാവടി എന്ന് പറയുന്നു.
പീലിക്കാവടി🌈
പീലിക്കാവടി
 മരം ഉപയോഗിച്ച് നിലനിലയായി ഉണ്ടാക്കി അതിൽ മയിൽ പീലിയും സ്പടിക കഷ്ണങ്ങളും മറ്റും ഉപയോഗിച്ച് അലങ്കരിക്കുന്നു. അമ്പലക്കാവടി എന്നും ഇതിനെ വിളിയ്ക്കുന്നു.  

അറുമുഖക്കാവടി🌈🌈                   
സാമാന്യം വലുതും ഭാരം കൂടിയതുമായ കാവടിയാണിത്. പേര് സൂചിപ്പിക്കുന്നത് പോലെ ആറുമുഖം ഉണ്ട്. കാവടികളിൽ പ്രത്യേക സ്ഥാനമാണിതിന്.

തീ കാവടിയാട്ടം




[വൈകുന്നേരം 7:43 -നു, 22/8/2017] പ്രജിത: കാവടിയാട്ടത്തിലെ മറ്റു പ്രത്യേകതകള്‍

മേല്‍ വിവരിച്ച പ്രകാരം വ്രതശുദ്ധിയൊടെ ആചാരാനിഷ്ടാനങ്ങളോടെ തയ്യാറായ കാവടിയും ഏന്തികാവടി ഭക്തന്‍ തൈപ്പൂയ ദിവസം (മറ്റു ക്ഷേത്രങ്ങളില്‍ അതാത് ഉത്സവ ദിവസം) തലേന്ന് തന്നെക്ഷേത്രത്തിലെത്തുന്നു. ആ രാത്രി ക്ഷേത്രത്തില്‍ ചിലവഴിക്കുന്ന ഭക്തന്‍ പിറ്റേന്ന് അതിരാവിലെക്ഷേത്ര കുളത്തില്‍ മുങ്ങി നിവര്‍ന്ന് നിര്‍മ്മാല്യ ദര്‍ശനത്തോടെ കാവടി തുള്ളലിന് തയ്യാറെടുക്കുന്നു. പൂയം നാളില്‍ കാവടി ആടി തീരും വരെയും, അതിന്റെ തലേന്ന് രാത്രിയിലും ഭക്തന്‍ നിരാഹാരവ്രതത്തിലായിരിക്കും എന്നതും പ്രത്യേകതയാണ്. ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന കാവടിയുമേന്തിശുഭമുഹൂര്‍ത്തത്തില്‍ അടുത്തുള്ള ഉപദേവതാ ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തര്‍ അവിടെ നീന്നുംപൂജിച്ച് സ്വീകരിക്കുന്ന ദ്രവ്യങ്ങള്‍ ഭക്തി പുരസ്പരം കാവടിയില്‍ ചേര്‍ത്ത് കെട്ടി കാവടി തുള്ളലിന്തയ്യാറെടുക്കുന്നു. ഒട്ടുമിക്ക ക്ഷേത്രങ്ങളിലും കാവടി ഘോഷയാത്ര കിലോമീറ്ററുകള്‍ നീ‍ളുന്ന, മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന ഒന്നാണ്. ഭക്തിക്കൊപ്പം ഏതൊരുവനും അത്യന്തംനയനാനന്തകരമായ കാഴ്ച്ച സമ്മാനിക്കുന്ന കാവടിയാട്ട ഘോഷയാത്രകാണാന്‍ ജാതി മത വര്‍ണ്ണവ്യത്യാസങ്ങള്‍ക്ക് അതീതമായി ക്ഷേത്രങ്ങളില്‍ ജനലക്ഷങ്ങള്‍ തിങ്ങി നിറയാറുണ്ട്.

കാവടിയാട്ടം ശിവതാണ്ഡവത്തിന് തുല്യമാണ്. ചെണ്ട മേളമാണ് പ്രധാനമായി ഉപയോഗിക്കുന്നവാദ്യോപകരണം. ചിലയിടങ്ങളില്‍ കാവടി ഘോഷയാത്രയില്‍ പമ്പ മേളവും(പാണ്ടി മേളം) നാദസ്വരവും ഉപയോഗിച്ച് കാണുന്നു. രൌദ്രവും, ലസ്യവുമാണ് കാവടി തുള്ളലിന്റെ ഭാവങ്ങള്‍. ലാസ്യഭാവത്തില്‍ തുടങ്ങുന്ന കാവടി തുള്ളല്‍ ചെണ്ട മേളം പാരമ്യതയില്‍ എത്തുന്ന അവസരങ്ങളില്‍ രൌദ്രഭാവം കൈവരിക്കുന്നു. പരമ്പരാഗത നൃത്ത ഭാവങ്ങള്‍ വശമല്ലാത്ത കാവടി ഭക്തര്‍ ചെണ്ട മേളത്തിന്റെതാളത്തിനൊത്ത് തുള്ളി തിമിര്‍ക്കും.

ഇന്നു പ്രത്യക്ഷമായി എല്ലാ ക്ഷേത്രങ്ങളിലും നിലവിലില്ല എങ്കിലും പണ്ട് കാവടി ഭക്തര്‍, ഭക്തിയുടെപാരമ്യതയില്‍ ചെമ്പില്‍ തീര്‍ത്ത ശൂലങ്ങള്‍ കവിളുകള്‍, പുരികങ്ങള്‍, നാവ്, കണ്‍പോളകള്‍എന്നിവിടങ്ങളില്‍ തുളച്ച് കേറ്റിയിരുന്നു. കാവടിയാട്ടത്തിന്റെ ഏറ്റവും വൈകാരിക ഭാവങ്ങളില്‍ ഒന്നാണ്ഇത്തരം രീതികള്‍ അവലംബിക്കുന്ന കാവടിയാട്ടങ്ങള്‍. തങ്ങളുടെ ശരീരത്തിലും മനസിലുംഅടങ്ങിയിരിക്കുന്ന ദുഷ്ചിന്തകളെ, വൈരാഗ്യത്തെ അകറ്റാനായാണ് ഇത്തരത്തില്‍ സ്വയംമുറിവേല്‍പ്പിക്കുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. കാവടിയാട്ടത്തിന്റെ മൂര്‍ദ്ധന്യ അവസ്ഥയില്‍കാവടികളില്‍ പലതും നശിച്ചു പോകുകയും ചെയ്യുന്നു.

കാവടിയാട്ടം അസാനിക്കുമ്പോള്‍ അര്‍ദ്ധബോധാവസ്ഥയിലാകുന്ന ഭക്തന്‍ കരിക്കും വെള്ളം കുടിച്ച്പിന്നീട് കാവടിയില്‍ ചേര്‍ത്തു കെട്ടിയ അഭിഷേക ദ്രവ്യം പ്രധാന ക്ഷേത്രത്തിലെ ദേവന്സമര്‍പ്പിക്കുന്നതോടു കൂടി തന്റെ നാല്‍പ്പത്തി ഒന്നു നാള്‍ നീണ്ടു നില്‍ക്കുന്ന വ്രതാനുഷ്ടാനവും ഒപ്പം ഭക്തിപൂര്‍വ്വം ആചരിച്ച കാവടി തുള്ളലിനും അവസാനം കുറിക്കുന്നു.                      

കൂട്ടിച്ചേർക്കലുകൾ... അനുഭവങ്ങൾ പങ്കുവെയ്ക്കലുകൾ.....പ്രതീക്ഷിക്കുന്നു..
*******************************************
അഭിപ്രായങ്ങള്‍

വെള്ളിമലൈവാണരുളും
തമ്പുരാന്റെ തിരുമകന്നു
തുഷ്ടി നൽകും കാവടിയെ
ഇഷ്ടമോടെ വർണ്ണിക്കുന്ന
പ്രകർഷേണ ജയിച്ചവൾക്കു 
നമസ്കാരം പറഞ്ഞിടട്ടെ🙏🏼-(കല)

കാവടിയെകുറിച്ചും അതിന്റെ അനുഷ്ഠാനങ്ങളെകുറ്ച്ചും അവാന്തരവിഭാഗങ്ങളെകുറിച്ചും പരിടയപ്പടുത്തിയ പ്രജിതടീച്ചറിന് നമോവാകം🙏🏻പുക്കാവടിയുടെ വര്ണ്ണപകിട്ട് ഏവരെയും ആകര്ഷിക്കുന്ന ഒന്നാണ്.പക്ഷെ ഇത്രയേറെ അധ്വാനം ഉള്ളതാണെന്നി ഈ വിവരണത്തിലൂടെയാണ് ടീച്ചറെ മനസ്സിലായത്ട്ടോ👍🏻(സീത)

പഴനിമലക്കോവിലിലെ പാൽക്കാവടീ
ബാലസുബ്രഹ്മണ്യന്റെ പീലിക്കാവടി......
കുട്ടിക്കാലത്ത് കേട്ടിരുന്ന ഒരു ചലച്ചിത്ര ഗാനത്തിന്റെ ഓർമ്മകളിലേക്ക്🎶🎶🎶🎶🎶                        
പ്രജിത ടീച്ചർ ..... ഇത്രയും വിശദമായി ഒരു പംക്തി ചെയ്യുന്നതിന് നിഷ്കളങ്കമായ ഒരസൂയ കലർന്ന അഭിനന്ദനങ്ങൾ.....💐💐💐💐💐💐
വിവരങ്ങൾക്ക് നന്ദി👍👍👍 (സ്വപ്ന)

നന്ദി പ്രജിത ടീച്ചർ 

ഇത്രയും കാര്യങ്ങൾ ചിട്ടയിൽ സൂക്ഷമായി അവതരിപ്പിക്കുന്നല്ലോ -(വാസുദേവന്‍)